Tuesday, 16 February 2010

മാലാഖ കുഞ്ഞുങ്ങള്‍ക്കൊരു കുട്ടിക്കഥ

ഒരിടത്തൊരിടത്തൊരു മുത്തശ്ശി ഉണ്ടായിരുന്നു. പ്രായം ഏറെയായ മുത്തശ്ശിക്ക് കാഴ്ച കുറവായിരുന്നു. മുത്തശ്ശി ഒറ്റക്കൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. വൈകുന്നേരങ്ങളില്‍ കവലക്കടുത്തുള്ള ആല് മരത്തിന്‍റെ ചുവട്ടില്‍ മുത്തശ്ശി ഇരിക്കുമായിരുന്നു. ഭിക്ഷയല്ലെങ്കിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും മുത്തശ്ശിക്ക് കൊടുക്കുമായിരുന്നു. ആരെങ്കിലും ഒന്നും കൊടുക്കാത്ത ദിവസം മുത്തശ്ശി പട്ടിണിയാണ്. മുത്തശ്ശി ഒരു വൈകുന്നേരം ആലിന്‍ ചുവട്ടില്‍ കാലും നീട്ടി വച്ച് മുറുക്കാനും ചവച്ചിരിക്കും പോഴാണ് പുറകില്‍ നിന്ന് ഒരു വിളി 'മുത്തശ്ശി...' . ഇതാര് ഉണ്ണി മോനോ? മുത്തശ്ശി കുലുങ്ങി ചിരിച്ചു കൊണ്ട് 'മോനെവിടെ ആയിരുന്നു, കണ്ടിട്ട് ഒരുപാട് ദിവസം ആയല്ലോ'? അവന്‍ മുത്തശ്ശിക്ക് തന്‍റെ നിക്കറിന്റെ പോക്കറ്റില്‍ നിന്നും രണ്ട് ചോക്ലേറ്റ് എടുത്തു നീട്ടി.

'മുത്തശ്ശി , ഞാന്‍ പട്ടണത്തില്‍ പോയതാ, അവിടെ നിന്ന് വാങ്ങിയതാ‌'. അവന്‍ സന്തോഷത്തോടെയും അല്പം അഭിമാനത്തോടെയും മുത്തശ്ശിയോട് പറഞ്ഞു. 'പിന്നേ പട്ടണം എന്ത് വലുതാണെന്ന് മുത്തശ്ശിക്ക് അറിയുമോ, എന്തുമാത്രം ജനങ്ങളാ..എത്ര വാഹനങ്ങളാ..കെട്ടിടങ്ങളൊക്കെ അങ്ങ് വാനം മുട്ടും.. മുത്തശ്ശി കണ്ടാല്‍ അത്ഭുതപ്പെടും ഉറപ്പാ..'.

 'ഓഹോ മോനെന്തിനാ പട്ടണന്തില്‍ പോയത്'. മുത്തശ്ശി ചോദിച്ചു.

 'എന്‍റെ മാമന്‍റെ വീട് അവിടെയാ, ഞാന്‍ വലുതാകുമ്പോ എനിക്ക് പട്ടണത്തില്‍ ജോലി ചെയ്യണം' .

' ആട്ടെ മോനെന്തു ജോലിയാ ഇഷ്ടം?'

 എനിക്ക് വഴിയില്‍ നിന്ന് വണ്ടികളൊക്കെ നിര്‍ത്താനും പോകാനും കൈ കൊണ്ട് ആംഗ്യം കാണിക്കുന്ന പോലീസ് ആയാല്‍ മതി, എന്ത് രസമാണെന്നു അറിയാമോ അയാള്‍ കൈ ഒന്ന് പൊക്കിയാല്‍ എല്ലാ വണ്ടികളും നില്കും.

 മുത്തശ്ശി കുലുങ്ങി ചിരിച്ചു. 'അത് സാധാ പോലീസ് അല്ല മോനെ അതാണ്‌ 'ട്രാഫിക്‌ പോലീസ്''.

 'അപ്പൊ മുത്തശ്ശി യും പട്ടണത്തില്‍ പോയിട്ടുണ്ടോ ..' 'ഇല്ല' മുത്തശ്ശി മറുപടി പറഞ്ഞു.

 'പിന്നെ എങ്ങനെ അറിയാം?' അവനു അതിശയമായി.

 പത്തിരുപതു കൊല്ലം മുമ്പ് ഇവിടെ നിന്നും സുകുമാരന്‍ ആ പണി കിട്ടി പട്ടണത്തില്‍ പോയിരുന്നു.

 'അതാരാ മുത്തശ്ശി?' 'നിനക്ക് ബാലന്‍ മാഷിനെ അറിയില്ലേ, അദ്ദേഹത്തിന്റെ മോനാ'.

ഞാന്‍ കണ്ടിട്ടില്ലല്ലോ'.

 'അതോ അവന്‍ എപ്പോ ഈ വഴി വരാറില്ല, അവന്റെ മക്കളൊക്കെ പട്ടണത്തില്‍ പഠിക്കുവാ..'.

' എന്നിട്ട് ബാലന്‍ മാഷെന്താ പട്ടണത്തില്‍ പോകാതെ വയസ്സായിട്ടും ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നത്?'

'ബാലന്‍ മാഷിനു പട്ടണത്തിലെ ജീവിതം ഇഷ്ടമില്ലത്രെ'.

ഉണ്ണി അത്ഭുതം കൂറി 'എന്ത് രസമാ പട്ടണത്തില്‍, മാഷിനു വട്ടു തന്നെ അവന്‍ കരുതി'. 'അയ്യോ അമ്മ തിരക്കുന്നുണ്ടാകും അവന്‍ ഓടി മറഞ്ഞു'.

ഓണക്കാലത്തെ മാമനും കുടുംബവും ഉണ്ണിയുടെ വീട്ടില്‍ എത്തി. മാമന്‍റെ മക്കള്‍ വിഷ്ണുവും വൈഷ്ണവിയും നേരം പുലര്‍ന്നാല്‍ ഉണ്ണിയോടോന്നിച്ചു പുഴയിലും,വരമ്പത്തും, മാവിന്‍ കൊമ്പത്തും കളിച്ചു നടക്കും. ഉണ്ണി ഇടയ്ക്ക് അവരോടു പട്ടണത്തിലെ വിശേഷങ്ങള്‍ ചോദിക്കും.

' ഞാനും നിങ്ങളുടെ കൂടെ പട്ടണത്തില്‍ വന്നാലോ? അവന്‍ ഇടയ്ക്കിടക്ക് ചോദിക്കും.

'നിനക്ക് ഇവിടെ എന്ത് രസമാ, പട്ടണത്തില്‍ ഒരു രസവുമില്ല..ഞങ്ങള്‍ തിരിച്ചു പോകാതിരുന്നലോ എന്നാലോചിക്കുവാ' വിഷ്ണു മറുപടി പറഞ്ഞു.

അവര്‍ അതും ഇതും പറഞ്ഞു നടുന്നു വരുന്നതിനിടയിലാണ് മുത്തശ്ശിയെ ആലിന്‍ ചുവട്ടില്‍ കണ്ടത്. 'മുത്തശ്ശി ഇതു എന്‍റെ മാമന്‍റെ മക്കളാ ഇതു വിഷ്ണു, ഇതു വൈഷ്ണവി' അവന്‍ മുത്തശ്ശിക്ക് പരിചയപ്പെടുത്തി. 'അങ്ങ് പട്ടണത്തീന്നാ.." അവന്‍ കൂട്ടി ചേര്‍ത്തു. 'മുത്തശ്ശിക്ക് ഇഷ്ടംപോലെ കഥകള്‍ അറിയാം'. അവന്‍ പറഞ്ഞു.

 'മുത്തശ്ശിക്ക് 'ഹാരി പോര്‍ട്ടര്‍' അറിയാമോ, 'അറേബ്യന്‍ നൈറ്റ്സ്' അറിയാമോ' വിഷ്ണു ചോദിച്ചു.

'ആദ്യം പറഞ്ഞത് മുത്തശ്ശിക്ക് അറിയില്ല എന്നാല്‍ രണ്ടാമത് പറഞ്ഞ കഥ ആയിരത്തൊന്ന് രാവുകള് പഴയ ഇറാഖിന്റെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. മെസപ്പൊട്ടേമിയ എന്നായിരുന്നു ആ ഭൂപ്രദേശത്തിന്റെ പഴയ പേര്. അത് യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികള്‍ക്കിടയിലായിരുന്നു സ്ഥിതി ചെയ്തത്‌' മുത്തശ്ശി പറഞ്ഞു തുടങ്ങി.

 'അവിടെ ഒരു ചക്രവര്‍ത്തിയുണ്ടായിരുന്നു 'ഷഹരിയാര്‍' അദ്ദേഹം തന്‍റെ ഭാര്യയെ വിശ്വാസ വഞ്ചനയുടെ പേരില്‍ വധിച്ചു. അദ്ദേഹത്തിന് സ്ത്രികളോട് അടക്കാനാവാത്ത ദേഷ്യത്താല്‍ കന്യകളായ യുവതികളെ കല്യാണം കഴിക്കുകയും പിറ്റേ ദിവസം രാവിലെ കൊലപ്പെടുത്തുകയും ചെയ്യുമായിരുന്നു. അങ്ങനെ കൊന്നൊടുക്കി ആ രാജ്യത്തു കന്യകളായ സ്ത്രീകളെല്ലാം വധിക്കപെട്ടു. അദ്ദേഹത്തിന്റെ മന്ത്രിക്കു മറ്റു കന്യകളെ ഒന്നും കണ്ടെത്താന്‍ ആകാത്ത സാഹചര്യത്തില്‍, മന്ത്രിയുടെ സ്വന്തം പുത്രി 'ഷഹരാസാദ്' ചക്രവര്‍ത്തിയുടെ ഭാര്യ ആകാന്‍ സന്നദ്ധയായി. ആ രാത്രിയില്‍ ഷഹരാസാദ് ചക്രവര്‍ത്തിക്ക് ഒരു കഥ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി, കഥയുടെ അവസാനം കേള്‍ക്കാനായി അദ്ദേഹം അടുത്ത രാത്രി വരെ കാത്തിരുന്നു, പക്ഷെ അടുത്ത രാത്രിയില്‍ അവള്‍ ആ കഥ തീര്‍ത്തു മറ്റൊരു കഥ പറയാന്‍ തുടങ്ങി, അങ്ങനെ കഥ പറഞ്ഞു പറഞ്ഞു ആയിരത്തൊന്നു രാത്രിയോളം കഥകള്‍ നീണ്ടു. പ്രണയ കഥകളും, പദ്യങ്ങളും, ജിന്നിനെ പറ്റിയും, മന്തികവിദ്യളെ പറ്റിയും, ചരിത്ര പ്രധാനമായ സ്ഥലങ്ങളെ പറ്റിയും എല്ലാം അവളുടെ കഥകളില്‍ പ്രതിപാദിച്ചിരുന്നു. അങ്ങനെ അവള്‍ വധിക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെട്ടതാണ് കഥയുടെ പ്രതിപാദ്യം'. മുത്തശ്ശി പറഞ്ഞു നിര്‍ത്തി.

 'രാജ്ഞി പറഞ്ഞ കഥ പറ മുത്തശ്ശി...' ഉണ്ണിക്ക് ആകാംഷ അടക്കാന്‍ സാധിച്ചില്ല. 'അത് പിന്നീട് ഒരു ദിവസം ആകട്ടെ' മുത്തശ്ശി പറഞ്ഞു. ഇനി മക്കള്‍ വീട്ടില്‍ പൊയ്ക്കോ തിരക്കുന്നുണ്ടാകും.

കുട്ടികള്‍ മൂന്നു പേരും കൂടി പതുക്കെ നടന്നകന്നു. മൂന്നു പേരും ആയിരത്തൊന്നു രാവുകളുടെ ചിന്തയില്‍ തന്നെ ആയിരുന്നു. വീട്ടില്‍ അച്ഛനും മാമനും അവരെ കാത്ത് നിക്കുന്നുണ്ടായിരുന്നു. 'വിഷ്ണു, വൈഷ്ണവി പോയി ഒരുങ്ങ്‌, നമുക്ക് ഇന്ന് തന്നെ തിരിച്ചു പോകണം'മാമന്‍ പറഞ്ഞു . 'അച്ഛാ, ഉണ്ണിക്കും നമ്മുടെ കൂടെ പട്ടണത്തില്‍ വരണമെന്ന്!' വിഷ്ണു പറഞ്ഞു.

 'ആണോ ഉണ്ണി' മാമന്‍ ചോദിച്ചു.

 'ഇല്ല' പെട്ടെന്ന് അവന്റെ മറുപടി.

 'നീ അല്ലെ കുറച്ചു മുമ്പ് പട്ടണം എന്ത് രസമാ, നങ്ങളുടെ കൂടെ വരണമെന്ന് പറഞ്ഞത്' വിഷ്ണു ചോദിച്ചു.

 'ഇല്ല എനിക്ക് മുത്തശ്ശിയുടെ അടുത്തുന്നു ബാക്കി കഥ കേള്‍ക്കണം, എനിക്ക് വരണ്ടാ' ഇത്രയും പറഞ്ഞവന്‍ അകത്തേക്ക് ഓടി.

ആ കുഞ്ഞു മനസ്സില്‍ കഥയുടെ സ്വാധീനം എത്രമാത്രം വലുതാണെന്നു തോന്നി. കഥയുടെ മാന്ത്രികതയില്‍ അതിന്റെ മാസ്മരികതയില്‍ തന്‍റെ ഏറ്റവും വലിയ ആഗ്രഹം പോലും വേണ്ടാന്നു വച്ച ആറു വയസ്സുകാരന്‍ ഉണ്ണിയെ പോലെയുള്ള എത്രയോ മക്കളും, കൊച്ചുമക്കളും, അനിയന്മാരും, അനിയത്തിമ്മാരും നമുക്കുണ്ടാവും അവരെയൊക്കെ വായനയുടെ, ഭാവനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്താന്‍ നമുക്കു  ബാധ്യത ഇല്ലേ?

 നമ്മുടെ കുട്ടികള്‍ എന്നും ഒരു നല്ല വായനക്കാരനും, ഒരു നല്ല ശ്രോധാവുമായി വളരാന്‍ അവരുടെ പ്രതിഭയുടെ മാറ്റുരക്കാന്‍ അറിവിന്റെ ലോകത്തേക്ക് അവര്‍ സ്വയം നടന്നടുക്കാന്‍ പ്രചോദനം നാം നല്‍കണം . ലോകത്തില്‍ നമുക്ക് നഷ്ടമായ പ്രതിഭാധനന്മാര്‍ പൂര്‍ത്തികരിക്കാന്‍ വിട്ടുപോയത് ചിലപ്പോള്‍ അവര്‍പൂരിപ്പിക്കും, ആ സല്‍മനസ്സുകള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം എന്റെ ഈ കുറിപ്പ് നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു!

free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍