Wednesday 25 September 2013

തിരുവോണം - 2013




മുറ്റത്തെത്തിയില്ല പൊന്നോണം 
പൂക്കളിലും വിടര്‍ന്നില്ലീതിരുവോണം 
വരാമെന്നേറ്റ അതിഥിയെത്താത്തോരോണം 
ഇത് AD 2013ലെ തിരുവോണം 

അച്ചുമാമന്‍ അരിഞ്ഞു വീഴ്ത്തിയ
വാഴക്കുറ്റികളില്‍ നിന്നറ്റ വാഴയില 
നിവര്‍ത്തിയിട്ടവര്‍ സദ്യക്കായി 
വന്നെത്തിയത് ആന്ധ്രാ ചെമ്പാവരി

കാശ് എറിഞ്ഞു വാങ്ങിക്കൂട്ടിയ 
പാണ്ടി ദേശക്കാരായ പച്ചക്കറികള്‍ 
തെല്ല് രാസക്രിയകളിലൂടെ ഗ്ലാമര്‍ 
കൂട്ടി മത്സരിച്ചു അണിനിരന്നു 
പട്ടുകസവുകള്‍ പുതുകോടികള്‍ 
ചുളിയാതെ നിരന്നിരുന്നു 
കേരള കേസരികളും നാരിമാരും 
പച്ചക്കറികളെ നോക്കി പല്ലിളിച്ചു 
മൃഗശാലയിലെ വാനരന്മാരെപ്പോലെ 
ഇടക്കണ്ണിട്ടവര്‍ പരതി 
കടിക്കാനൊരു ചിക്കന്‍കാല്
പിടിച്ചു വലിക്കാനൊരു പറോട്ട 

കുട്ടികള്‍ അന്തംവിട്ടു ചുറ്റുംനോക്കി 
ഇതാണോ നുമ്മപറഞ്ഞ സദ്യ 
നമുക്ക് വേണ്ടിതച്ചാ ...നമുക്ക് വേണ്ടാ ..
നമുക്ക് ബ്രോസ്റ്റ്‌ മതി .. ബ്രോസ്റ്റ്‌ മതി..

ഓണക്കളികള്‍ തന്‍ ശേലുകള്‍ പലയിനം 
നാണവും മാനവും കപ്പലേറാന്‍ ഇതിലും 
വലിയൊരു കളി വേറെയില്ലത്രെ, 
ഇതൊരു ന്യൂ ജനറേഷന്‍ പോപ്പികളി

ഓണപ്പൂക്കളത്തിനു നടുവില്‍ ഒരു 
ഉശിരന്‍ കുപ്പി തൊഴുതു നിന്നു സവിനയം 
വട്ടത്തിലിരുന്നു ചിത്രങ്ങള്‍ പകര്‍ത്തി    
വന്നണഞ്ഞ ലൈക്കുകള്‍ കമന്‍റുകള്‍ 
കണ്ടവര്‍ ആഹ്ലാദിച്ചാമോതരായി!

തെല്ലൊരു വിശ്രമത്തിനായി തുറന്നൊരു 
LCD പെട്ടിയില്‍ നിറയെ താരനക്ഷത്രങ്ങള്‍
ലാത്തിയടിച്ചു രസിച്ചൊരു ഓണക്കാലം  
പതിനെട്ടു വയസ്സുള്ള താരസുന്ദരി തന്‍റെ 
പഴയ ഓണം വിവരിച്ചതു കേട്ട പാണിള്ള 
മൂക്കത്ത് വിരല്‍വച്ചു പിന്നെ പഞ്ഞിവച്ചു 


എന്നും ഓണം പോലെ തന്നെയിവര്‍ക്ക് 
പിന്നെ എന്തിനീ തിരുവോണം??
എന്നു മാവേലി പാതാളത്തില്‍ പ്രസ്താവന 
ഇറക്കിയ ബ്രേക്കിംഗ് ന്യൂസ്‌ മിന്നി മാഞ്ഞു 
പടക്കോപ്പുകളുമായി മാധ്യമ സംഘം
പാതാളത്തില്‍ മാവേലിയെ നിര്‍ബന്ധിച്ചു 

ഒടുവില്‍ വരാമെന്നു സാമ്മതിച്ചാ മഹാരാജന്‍ 
പക്ഷേ .. പക്ഷേ .. ഒരു നിബന്ധന 
"എനിക്കെന്‍റെ സിംഹാസനം തിരികെ വേണം" 
"എനിക്കെന്‍റെ സിംഹാസനം തിരികെ വേണം" 


ഉണര്‍ന്നു പ്രവര്‍ത്തിച്ചു അഭിനവ പ്രജാകുലം 
കവലകള്‍ തോറും നിരന്നു, കാക്കികുപ്പായങ്ങള്‍ 
കയ്യിലുണ്ട് തീതുപ്പുന്ന  യന്ത്രക്കോപ്പുകള്‍ 
ഉത്തരവുണ്ട് മേലാളില്‍ നിന്നവര്‍ക്ക് സ്ഥൈര്യം


സിംഹാസനം തേടിയെത്തിയ മാവേലിയെ 
എവിടെക്കണ്ടാലും നിഷ്കരുണം നിസംശയം 
വെച്ചോണം വെടി ആ നെഞ്ചില്‍ തന്നെ  
വെച്ചോണം വെടി ആ നെഞ്ചില്‍ തന്നെ !! 

NB: തീര്‍ത്തും സദുദ്ദേശത്തോടെ, തമാശക്കായി നിര്‍വഹിച്ച ഒരു രചന... നന്ദി!! 

No comments:

Post a Comment