Monday, 15 February 2010

ദാമ്പത്ത്യക്കാഴ്ചകള്‍ (ചെറുകഥ)

തെക്കന്‍ കാറ്റിന്റെ വേഗത അല്പം കൂടിയിട്ടുണ്ടോ, പക്ഷെ അയാള്‍ അത് പ്രശ്നമാക്കാതെ ഉമ്മറത്ത്‌ ചാരു കസേരയില്‍ ആലോചന നിമഗ്നനാണ് . രാവേറെ ആയിട്ടും ഭക്ഷണം കഴിച്ചിട്ടില്ല . അകത്തു അമ്മ ഉറക്കമായെന്നു തോന്നുന്നു. ആറു മാസമായി ഇതാണ് സ്ഥിരം പതിവെന്നതിനാല്‍ അവര്‍ അവനെ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. വേണമെങ്കില്‍ എപ്പോഴെങ്കിലും കഴിച്ചോട്ടെ . വീട്ടില്‍ സംസാരം തന്നെ വളരെ കുറവ്. ചായ എടുക്കട്ടെ, നീ രാവിലെ പോകുന്നുണ്ടോ എന്ന സ്ഥിരം ചില പല്ലവികള്‍ മാത്രം .
പക്ഷെ ആറു മാസം മുമ്പ് ഈ വീട് അങ്ങനെ ആയിരുന്നില്ല. ആറു മാസം മുമ്പുള്ള ഒരു രാത്രി കൃത്യമായി പറഞ്ഞാല്‍ അയാളുടെ കല്യാണ തലേന്ന് ആ വീട് ഒരു ഉത്സവ പറമ്പ് തന്നെ ആയിരുന്നു. കുട്ടികളും, മൈക്കും, കോളാമ്പിയും എന്ന് വേണ്ട എല്ലാ വിധ ശബ്ദ മലിനീകരണങ്ങളും, ബന്ധുക്കളും, കൂട്ടുകാരും എല്ലാം ചേര്‍ന്നുള്ള ഒരു പൂരം. ജീവിതത്തിലെ ഏറ്റവും നല്ല ദിവസം കല്യാണ ദിവസത്തെക്കാള്‍ കല്യാണ തലേന്നാണെന്ന് പറയേണ്ടി വരും .

ആകാംഷാ ഭരിതമായ വിവാഹ ദിനത്തിന് ഒടുവിലെ ആദ്യ രാത്രി. ഭാര്യയെക്കാള്‍ മുമ്പില്‍ മണിയറയില്‍ കയറി ഡയലോഗ് പരിശീലനം നടത്താന്‍ അകത്തു കയറിയ അയാള്‍ തന്നേക്കാള്‍ മുമ്പ് എത്തി കട്ടിലില്‍ ഉറങ്ങുന്ന ഭാര്യയെ കുലുക്കി വിളിച്ചു. "സൌമ്യേ"..എന്ത് പറ്റി സുഖമില്ലേ! ചെറിയ ഒരാലസ്യത്തോടെ അവള്‍ എഴുന്നേറ്റു ഇരുന്നു. ചേട്ടാ നാളെ സ്കൂളില്‍ ഇന്‍സ്‌പെക്ഷന്‍ ആണ് നേരത്തെ പോകണം. ഇന്നലെ കല്യാണ ബഹളത്തില്‍ ഉറങ്ങാനും കഴിഞ്ഞില്ല. അയാള്‍ തെല്ലൊരു അമ്പരപ്പോടെ നീ രണ്ടാഴ്ച്ച ലീവ് എടുക്കുമെന്നല്ലേ പറഞ്ഞത്. അത് ഞാന്‍ പിന്നെ വേണ്ടെന്നു വച്ച് സ്കൂള്‍ ഇവിടുന്നു പതിനഞ്ച് കിലോമീറ്റര്‍ അല്ലേ ഉള്ളൂ, അര മണിക്കൂര്‍ യാത്ര, മാത്രമല്ല കുട്ടികള്‍ക്ക് പോര്‍ഷനും തീര്‍ന്നിട്ടില്ല. അപ്പോള്‍ വിരുന്നു പോകുന്നതൊക്കെയൊ അയാള്‍ ജിജ്ഞാസ മറച്ചു വച്ചില്ല. ചേട്ടന്‍ ഏതു ലോകത്താണ് ജീവിക്കുന്നത്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ നമ്മള്‍ സ്വയം ബുദ്ധിമുട്ടി എന്തിനാണ് ഓരോരോ അനാവശ്യ കാര്യങ്ങള്‍. അയാള്‍ക്ക് പെട്ടന്ന് ദഹിച്ചില്ലെങ്കിലും അവള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു അയാള്‍ക്ക് തോന്നി. എന്തെങ്കിലും ആവട്ടെ ഒരു നല്ല ആദ്യ രാത്രിയില്‍ എന്തിനൊരു കശപിശ. അയാള്‍ അവളോട്‌ ഒട്ടി കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി.


രാവിലെ പുറത്തു എന്തോ ബഹളം കേട്ടാണ്‌ അയാള്‍ ഉണര്‍ന്നത്. അയാള്‍ നടന്നു അവിടെ എത്തിയപോഴേക്കും സൗമ്യയുടെ അവസാന ഡയലോഗ് ശകലങ്ങളെ അയാള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചുള്ളൂ. "വെറുതെ അടുക്കളയില്‍ ചോറ് കഞ്ഞിയും വച്ച് നടക്കുന്നവര്‍ക്ക് ഒരു ജോലിയുടെ വില മനസ്സിലാവില്ല" അത് പറഞ്ഞു അവള്‍ നടന്നകന്നു. അയാള്‍ ഞെട്ടി, എന്തായിരുന്നു അവിടെ സംഭവിച്ചത് എന്ന് അയാള്‍ ഊഹിച്ചു. അമ്മായി മരുമോള്‍ പോരെന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ വിവാഹ പിറ്റേന്ന് കാലത്ത് പന്തം കൊളുത്തി പോര് അയാള്‍ ആദ്യമായി കാണുകയാണ്. ' എന്താ അമ്മെ പ്രശ്നം' അയാള്‍ ഒന്നും കേള്‍ക്കാത്തത് പോലെ ചോദിച്ചു. "ഫൂ..." ആക്രോശിച്ചു കൊണ്ട്‌ അമ്മ അയാളെ നീട്ടിയൊന്നു ആട്ടി. 'ആണെന്ന് പറഞ്ഞു മൂക്കിനു താഴെ മീശയും വച്ച് നടക്കുന്നു. ഭാര്യയെ നിലക്ക് നിര്‍ത്താന്‍ പഠിക്കണം'. ഒരു രാത്രികൊണ്ട്‌ എങ്ങനെ നിലക്ക് നിര്‍ത്തും, അയാള്‍ ഓര്‍ത്തു. ഇന്നു വീട്ടില്‍ നില്‍ക്കുന്നത് പന്തിയല്ല എന്നു മനസ്സിലാക്കിയ അയാള്‍ തന്റെ കര്‍മമണ്ഡലത്തിലേക്ക് പുറപ്പെട്ടു.

ഒരു ആയുര്‍വേദ കമ്പനിയുടെ ചെറു കിട വിതരണക്കാരനായിരുന്നു അയാള്‍, സ്വന്തമായി ഒരു വാനും.അയാള്‍ തന്നെ സ്വയം ഡ്രൈവ് ചെയ്തു ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത് ഒപ്പം സഹായി അപ്പുകുട്ടനും. അയാള്‍ തന്റെ സ്ഥിരം റൂട്ടില്‍ പതിവിലും ഏറെ അദ്ധ്വാനിച്ചു. അങ്ങനെയെങ്കിലും രാവിലത്തെ മാനസിക സംഘര്‍ഷത്തില്‍ നിന്ന് മുക്തി നേടി. അന്ന് അയാള്‍ വീട്ടില്‍ എത്തിയപ്പോള്‍ രാത്രി പത്തര മണി കഴിഞ്ഞിട്ടുണ്ടാവും, അപ്പോഴേക്കും ആത്മാര്‍ത്ഥതയുടെ പര്യായമായ ടീച്ചര്‍ ഉറങ്ങിയിരുന്നു. അമ്മ ഉറങ്ങിയിരുന്നില്ല..ഊണ് കഴിക്കുന്നതിനിടെ എന്തെല്ലാമോ പരാധിനതകള്‍ കേട്ടു.ജോലി കഴിഞ്ഞു വന്നവള്‍ അടുക്കളയില്‍ തിരിഞ്ഞു നോക്കിയില്ലത്രേ. സന്ധ്യ കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ വന്നു ചോറ് തിന്നു വാതിലടച്ചതാണ്. നാമം പോലും ജപിച്ചില്ലത്രേ. ഇതെല്ലാം അയാളുടെ കഴിവ് കേടാണെന്ന് പ്രസ്താവിക്കുന്ന പല സ്ഥലത്തും അയാളും പൊട്ടിത്തെറിച്ചു. 'നിങ്ങള് കണ്ടു പിടിച്ചു കെട്ടിച്ചു തന്നതല്ലേ,അല്ലാതെ ഞാന്‍ എവിടുന്നും കൂട്ടിക്കൊണ്ടു വന്നതല്ലല്ലോ' അയാള്‍ ആക്രോശിച്ചു! ഊണ് മതിയാക്കി അയാള്‍ ഒരു സിഗററ്റുകത്തിച്ചു, ചുണ്ടിലും നെഞ്ചിലും ഒരുപോലെ കനല്‍ കത്തി.


അയാള്‍ പ്രക്ഷുബ്ദനായി മുറിയിലേക്ക് കടന്നു. ഉറങ്ങുകയായിരുന്ന ഭാര്യയെ തട്ടി വിളിച്ചു. അവള്‍ കണ്ണ് തുറന്നു, പ്രസന്ന വദനയായി 'അയ്യോ ചേട്ടന്‍ വന്നോ, ഞാന്‍ അറിഞ്ഞതേയില്ല. ' 'ഭക്ഷണം വിളമ്പട്ടെ?' അവള്‍ സ്നേഹത്തോടെ ചോദിച്ചു. 'ഞാന്‍ കഴിച്ചു, അയാള്‍ അല്പം ഗൗരവത്തോടെ പറഞ്ഞു. ചേട്ടന്‍ വരുമ്പോള്‍ വൈകുമെന്ന് എനിക്ക് തോന്നി, അതുകൊണ്ട് അപ്പോഴേക്കും ക്ഷിണമൊന്നു മാറ്റാമെന്നു കരുതി. ഇന്നലയോ ശരിക്കൊന്നു സംസാരിക്കാന്‍ കഴിഞ്ഞില്ല, ഇന്നെങ്കിലും അല്പം മിണ്ടീം പറഞ്ഞും ഇരിക്കാം എന്ന് കരുതി'. അയാളുടെ ദേഷ്യമെല്ലാം പമ്പ കടന്നു, പുറമേനിന്നു നോക്കുന്നത് പോലെ അല്ല ചിലപ്പോള്‍ മറ്റുള്ളവര്‍ കരുതുന്നത്, ഇവളോട് എനിക്കുള്ളത് തെറ്റിധാരണ ആണെല്ലോ, അയാള്‍ മനസ്സില്‍ കരുതി. ഇന്നവളോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കണം, അമ്മയുമായുള്ള കശപിശ അവസാനിപ്പിക്കണം അയാള്‍ കരുതി. 'നീ ഇന്നു അമ്മയോട് മോശമായി സംസാരിച്ചെന്നു കേട്ടല്ലോ' അയാള്‍ ഘനപ്പിച്ചു ചോദിച്ചു. ' അയ്യോ ക്ഷമിക്കണം ചേട്ടാ ഞാന്‍ രാവിലുത്തെ ടന്ഷനിലും ധിര്തിയിലും ഞാന്‍ എന്തോ പറഞ്ഞു പോയി, പെണ്ണുങ്ങളുടെ വിഷയമോര്‍ത്തു ടെന്‍ഷന്‍ ആവണ്ട. ചട്ടിയും കലവും ആകുമ്പോള്‍ തട്ടിന്നും മുട്ടിന്നുമൊക്കെ ഇരിക്കും, ഇതൊക്കെ നിസ്സാര കാര്യങ്ങള്‍ അല്ലെ, ഞാന്‍ അമ്മയോട് സംസാരിച്ചോളാം!' അയാള്‍ക്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല, പിന്നീടെപ്പോഴോ അയാള്‍ അറിഞ്ഞു സൗമ്യ അമ്മയോട് സംസാരിക്കാന്‍ ചെന്നുന്നും നല്ല സുന്ദരന്‍ ഒരു ആട്ടു കിട്ടിയെന്നും' പക്ഷെ അമ്മയോ അവളു ഇതുവരെയും എന്നോട് അത് പറഞ്ഞിട്ടില്ല.

പിന്നീട് അങ്ങോട്ട്‌ ഒരിക്കലും പരിഹരിക്കാന്‍ ആകാത്ത വിടവിലേക്കു സംഭവങ്ങള്‍ വളര്‍ന്നു. തൊട്ടതിനും പിടിച്ചതിനും എല്ലാം ഏറ്റുമുട്ടലുകളും കലാപങ്ങളും, എന്നോട് സംസാരിക്കുമ്പോള്‍ 'പൂതനയെന്നും' , 'താടകയെന്നു' മായിരുന്നു അവര്‍ പരസ്പരം അതിസംബോധന ചെയ്തിരുന്നത്. ഞാന്‍ എന്‍റെ കാര്യം നോക്കി മൗനം പാലിച്ചു കാരണം എവിടെയാണ് ന്യായം അന്യായം എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാതെയുള്ള അതിര്‍ വരമ്പിലൂടെയുള്ള സംഭവവികാസങ്ങള്‍, മാത്രമല്ല ഈ കാര്യങ്ങള്‍ പറഞ്ഞു അവര്‍ ഇരുവരും എന്നെ ശല്യപ്പെടുത്തിയതുമില്ല.


കുറച്ചു മാസങ്ങള്‍ക്കു ശേഷം, 'രാത്രി മഴയുണ്ട് കേട്ടോ, വണ്ടി മൂടിയിടണം' എന്ന് അപ്പുക്കുട്ടനോട്‌ പറഞ്ഞു അയാള്‍ ഉമ്മറത്തേക്ക് കയറി. ക്ലോക്കില്‍ നോക്കി മണി എട്ട് ആയിട്ടേയുള്ളൂ, ഉമ്മറത്ത്‌ ദീപം വച്ചത് കാണാനില്ല, ഉള്ളില്‍ ഒരനക്കവും കേള്‍ക്കുന്നില്ല. അയാള്‍ മുറിയില്‍ എത്തി, സൗമ്യ ഇല്ല, അയാള്‍ ഉറക്കെ വിളിച്ചു , അമ്മ പതിയെ നടന്നെത്തി, 'അവള്‍ അവളുടെ വീട്ടില്‍ പോയി' 'എന്താ പെട്ടെന്ന്' ..ഞാന്‍ സ്തബ്ദനായി. ഇന്നവളുടെ ജന്മ ദിനമായിരുന്നു പോലും, അവള്‍ പായസമുണ്ടാക്കി എനിക്ക് തന്നു, എനിക്ക് മധുരത്തിന്റെ അസുഖം ഉള്ളതിനാല്‍ വേണ്ടാന്നു പറഞ്ഞു. ബാക്കിയുള്ളത് അടുക്കളയില്‍ അടച്ചു വച്ചത് പൂച്ച തട്ടി കളഞ്ഞു. 'അതിനു ഇവിടെ എവിടെ പൂച്ച ഞാന്‍ ഇടയില്‍ കയറി' അതാണ്‌ മോനെ എനിക്ക് അറിയാത്തത് എവിടുന്നോ പൂച്ച കയറി' . എനിക്ക് സംഭവത്തിന്റെ കിടപ്പ് ഏകദേശം പിടികിട്ടി. അപ്പോഴേക്കും അമ്മ ഇടയില്‍ കയറി 'അവള്‍ കലവും ചോറും എടുത്തു പുറത്തിട്ടു' "എന്തിനു", അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 'ഞാന്‍ ആണത്രേ ആ പായസം തട്ടി താഴയിട്ടത്' അമ്മ പറഞ്ഞു നിര്‍ത്തി. "എന്നിട്ട്" അയാള്‍ വീണ്ടും അന്വേഷിച്ചു'അവളോട്‌ ഈ വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ഞാന്‍ പറഞ്ഞു". അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 'നീ നാളെ അവിടം വരെ ഒന്ന് പോയാല്‍ അവളിങ്ങു വരും' "വന്നിട്ടെന്തിന കാര്‍ഗില്‍ യുദ്ധത്തിന്റെ രണ്ടാം ഭാഗത്തിനോ" അയാള്‍ ചൊടിച്ച് അകത്തേക്ക് പോയി.


അയാള്‍ അവളുടെ മൊബൈലില്‍ വിളിച്ചു ' ചേട്ടന്‍ ജോലി കഴിഞ്ഞു എത്തിയോ' അവളുടെ സ്വരത്തില്‍ ശാന്തത. 'എന്താണ് ഇവിടെ സംഭവിച്ചത്'. ''പെട്ടെന്നുള്ള ദേഷ്യത്തില്‍ എനിക്ക് അവിടെ നിന്ന് ഇറങ്ങി പോരേണ്ടി വന്നു, പക്ഷെ ഇവിടെ എത്തിയപ്പോള്‍ എനിക്ക് ഭയങ്കര ആശ്വാസം പോലെ" 'എന്ത് ?' പെട്ടെന്ന് അയാള്‍ക്ക് ദേഷ്യം വന്നു. 'അങ്ങനെയാണെങ്കില്‍ നിനക്ക് എന്നും അവിടെ ആശ്വസിച്ചിരുന്നാല്‍ പോരായിരുന്നോ, എന്തിനു എന്റെ കൈ പിടിച്ചു എങ്ങോട്ട് കയറി വന്നു' അയാള്‍ രോഷാകുലനായി. മൊബൈല്‍ കട്ട്‌ ചെയ്തു. അവള്‍ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അയാളുടെ കോപാഗ്നി മൊബൈല്‍ എടുത്തു സംസാരിക്കാന്‍ അനുവദിച്ചില്ല. ശരിക്കും ഒറ്റപെടലിന്റെ വേദനയാണ് അയാളെ പ്രകോപിപ്പിച്ചത്. അവള്‍ അയാള്‍ക്ക് എത്ര മാത്രം ജീവനായിരുന്നു എന്ന സത്യമാണ് , താനില്ലാത്ത ഒരു സ്ഥലം അവള്‍ക്കു ആശ്വാസമായി എന്ന ഒറ്റ വാക്കിലൂടെ അയാളുടെ മനസ്സില്‍ തീ കോരിയിട്ടത്. ഞാന്‍ ഒരിക്കലും അവളെ വിളിക്കാനായി ആ പടി കയറില്ല അയാള്‍ ഉറപ്പിച്ചു.


അവള്‍ ആ രാത്രി ഉറങ്ങിയില്ല. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും അതിനൊക്കെ പരിഹാരമുണ്ടെന്ന് ഉണ്ടെന്നു കരുതി സുഖമായി ഉറങ്ങുന്ന അവള്‍ക്കു അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവള്‍ സ്കൂളില്‍ സ്വന്തം വീട്ടില്‍ നിന്ന് പോയി തുടങ്ങി. ഓരോ പീരീഡ്‌ നും ഇടക്ക് സ്റ്റാഫ്‌ റൂമില്‍ എത്തുമ്പോള്‍ തന്നെ പ്രതീക്ഷിച്ചു തന്റെ ഭര്‍ത്താവ് ഉണ്ടാവണമേ എന്ന് അവള്‍ ആശിച്ചു. അവളുടെ കാത്തിരിപ്പിന്റെ ദിനങ്ങള്‍ കൂടി വന്നു. അവള്‍ അയാളുടെ വീട്ടില്‍ തിരിച്ചു ചെല്ലുന്നതിനെ കുറിച്ച് ആലോചിച്ചു. പക്ഷെ അവളുടെ അച്ഛന്‍ അതനുവദിചില്ല "അവന്‍ വരട്ടെ അവനോടു രണ്ടു വാക്ക് ഞാന്‍ ചോദിച്ചിട്ട് നീ പൊയ്ക്കോ, അല്ലെങ്കില്‍ നീ ഒരു ദിവസം അവിടെ മരിച്ചു കിടക്കുന്നു എന്ന വാര്‍ത്ത‍ ഞാന്‍ കേള്‍കേണ്ടി വരും" അച്ഛന്‍ പറഞ്ഞു . അവളുടെ കോളുകള്‍ എടുക്കാത്തത് കൊണ്ട് അവള്‍ അയാള്‍ക്ക് കത്തെഴുതി. കത്തുകിട്ടിയതോ അയാളുടെ അമ്മയുടെ കയ്യില്‍, അത് അവരുടെ അടുപ്പ്പിലെ ഒരു നുള്ള് ചാരം ആയി മാറി. പിരിമുറുക്കങ്ങളും ആശങ്കകളും മുറുകിയ ദിന രാത്രങ്ങള്‍, ഇരുവരും പൊഴിഞ്ഞു വീഴുന്നത് ജീവിതത്തിന്റെ തിരിച്ചെടുക്കാന്‍ കഴിയാത്ത അസുലഭ നിമിഷങ്ങള്‍ ആണെന്ന സത്യം മനസ്സിലാക്കാതെ സ്വന്തം നിലപാടില്‍ ഉറച്ചു നിന്നു. 'തന്നെ ഇറക്കി വീട്ടില്‍ നിന്നും തിരിച്ചു വിളിക്കാതെ പോകില്ലെന്നും" , "സ്വന്തം ആശ്വാസത്തിനായി പോയവള്‍ എന്ന് തന്നെ ആവശ്യമുണ്ടോ അന്ന് മടങ്ങി വരട്ടെ" എന്നും നിലപാടുകള്‍.

ചിന്തകള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍, "നീ ഭക്ഷണം കഴിച്ചിട്ട് കിടന്നുറങ്ങാന്‍ നോക്ക്," അമ്മ പുറകില്‍ നിന്നും വിളിച്ചു. 'മോനെ അമ്മയുടെ അടുത്ത് തെറ്റുകള്‍ പറ്റിയിട്ടുണ്ട്, നീ ക്ഷമിക്കു , ഞാന്‍ അവളെ നാളെ പോയി കൂട്ടികൊണ്ട് വരാം' അതിന്റെ ആവശ്യം ഒന്നുമില്ല അയാള്‍ പറഞ്ഞു. അവള്‍ക്കു എന്നെ ആവശ്യമില്ല, അല്ലെങ്കില്‍ അവളോട്‌ ഒരു വെട്ടം പോലും ശബ്ദം ഉയര്‍ത്തി സംസാരിക്കാത്ത, കുറ്റപെടുത്താത്ത എന്നോടാണ് അവള്‍ക്കു വാശി. അവള്‍ക്കു മുന്നോട്ട് പോകാന്‍ താല്പര്യമില്ലെങ്കില്‍ ഒരു വക്കീലിനെ കാണണം. പെട്ടെന്ന് തന്നെ ആശ്വാസത്തിന്റെ വാതില്‍ മുഴുവനായി തന്നെ അവള്‍ക്കു തുറന്നു കൊടുക്കണം. അയാള്‍ തീര്‍ത്തു പറഞ്ഞു. അയാള്‍ മനസ്സില്‍ കരുതിയപ്പോഴേക്കും വക്കീല്‍ നോട്ടീസ് അവളുടെ വീട്ടില്‍ റെഡി ആയി കഴിഞ്ഞിരുന്നു. തന്‍റെ മകളെ കണ്ണുനീര്‍ കുടുപ്പിച്ച അവനോടു തന്‍റെ അവസാന ശ്വാസം വരെ പൊരുതാന്‍ അവളുടെ അച്ഛന്‍ തയ്യാറെടുത്തു.


വക്കീല്‍ നോട്ടീസ് അയാള്‍ കൈ പറ്റി. വായിച്ചു നോക്കിയ അയാള്‍ ഞെട്ടിതരിച്ചു. അയാള്‍ സ്വപ്നത്തില്‍ പോലും ചിന്തികാത്ത സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നു. കേസ് ബലപ്പെടുത്തുവാന്‍ വക്കീലുമാരുടെ തിരക്കഥകള്‍. അയാള്‍ ഞെട്ടി തരിച്ചു. കുടുംബ കോടതി കേസ് വിളിച്ചു, കൌണ്സിലിംഗ് നടത്തിയ ഉപദേശകന്‍ വെള്ളം കുടിച്ചു, തെറ്റുകള്‍ കണ്ടു പിടിച്ചാലെല്ലേ ഉപദേശിച്ചു തിരുത്താന്‍ പറ്റൂ. രണ്ടു പേരും ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്തവര്‍. അവസാനം ജഡ്ജ് ചോദിച്ചു 'നിങ്ങള്ക്ക് ഉറപ്പാണോ ഇനി ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല എന്നത്'. നിശബ്ദദ മാത്രം, നിങ്ങള്‍ ചോദിച്ചത് കേട്ടില്ലേ ജഡ്ജ് വീണ്ടും ചോദിച്ചു. 'അതെ' അയാള്‍ പറഞ്ഞു. 'എന്നുവച്ചാല്‍ ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം' ജഡ്ജി സമര്‍ദ്ധിച്ചു. 'അതല്ല' അയാള്‍ പെട്ടെന്ന് നാക്കുടക്കിയത് പോലെ പറഞ്ഞു. 'എന്താ' ജഡ്ജി വീണ്ടും ചോദിച്ചു 'തെളിച്ചു പറയൂ മനസ്സിലാവുന്നില്ല'. അയാള്‍ക്ക് മൗനം. എന്നാല്‍ കുട്ടി പറയൂ ജഡ്ജി അവളുടെ നേരെ തിരിഞ്ഞു. 'ഇനി ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലേ' , അവളുടെ കണ്ണുകള്‍ നിറഞ്ഞു അവള്‍ എഴുന്നേറ്റു 'ഒരുമിച്ച് മാത്രമേ ജീവിക്കാന്‍ കഴിയൂ' ഇത്രയും പറഞ്ഞു അവള്‍ മുറിയില്‍ നിന്നു ഇറങ്ങി ഓടി. അയാള്‍ക്ക് അതൊരു ഷോക്ക്‌ ആയിരുന്നു. ഒരു നിമിഷം അയാള്‍ ഉരുകി തീര്‍ന്നത് പോലെ തോന്നി, അയാള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല, അയാള്‍ ജഡ്ജിയുടെ മുമ്പില്‍ ഇരുന്നു ഒരു കൊച്ചു കുട്ടിയെ പോലെ വിതുമ്പി.

'എടൊ ഈ കണ്ണീരാണ് ഈ കേസിന്റെ വിധി, ഏതു വിധിയുടെയും ആത്യന്തിക സത്ത് മന സ്വാംശീകരണവും , ചെയ്ത തെറ്റിനുള്ള പ്രായചിത്തവുമാണ്. അതു രണ്ടും നിങ്ങളുടെ കണ്ണ് നീരാല്‍ നടന്നു കഴിഞ്ഞു ഇനി എന്റെ ജോലി ഈ ഫയല്‍ പൂട്ടികെട്ടുക എന്നുള്ളതാണ്. ജഡ്ജി എഴുനേല്‍ക്കുമ്പോള്‍ അയാളുടെ മുഖത്ത് നോക്കി 'താനൊരു ഭാഗ്യവാന്‍ ആണെടോ, എന്റെ മുന്നിലിരുന്ന എത്രയോ പേര്‍ തന്‍റെ പങ്കാളികളില്‍ നിന്ന തന്‍റെ ഭാര്യ പറഞ്ഞത് പോലെയുള്ള ഉത്തരം പ്രതീക്ഷിച്ചിട്ടുണ്ടാവും എന്നറിയാമോ, യു ആര്‍ റിയലി ലക്കി മാന്‍ !'. ജഡ്ജിയുടെ കണ്ഠം ഇടറി. ചെല്ലൂ താന്‍ ചെല്ലൂ' നിങ്ങള്ക്ക് നഷ്ടപെട്ട ഈ ആറു മാസം ജീവിതത്തില്‍ ഇനി ആറു നിമിഷം പോലും പിരിഞ്ഞിരിക്കാതെ നികത്തണം, നിങ്ങളുടെയോ അവളുടെയോ വീട്ടുകാര്‍ അവരവരുടെ ജീവിതം ജീവിച്ചു തീര്‍ത്തവര്‍ ആണ്, അവര്‍ക്ക് വേണ്ടി നിങ്ങളുടെ ഭൂമിയിലുള്ള ഈ അപൂര്‍വ നിമിഷങ്ങള്‍ കൈവിട്ടു കളയരുത്. ഒരാണും പെണ്ണും ഇണ ചേര്‍ന്നാല്‍ ഈ ഭുമിയിലുള്ള എല്ലാ വസ്തുക്കള്‍ക്കും അവര്‍ ഒന്നാണ്, അവരുട പരസ്പര സ്നേഹത്തിലെ നാളെയുടെ പുതു നാമ്പുകള്‍ ഭൂമിക്കു സമ്മാനമായി ലഭിക്കുക, അവര്‍ പിരിയുമ്പോള്‍ ഭൂമിയുടെ തേങ്ങല്‍ ഏതു പാതാളത്തില്‍ ഒളിച്ചാലും വിട്ടുമാറാത്ത കഠിന രോദനമായി കര്‍ണങ്ങളില്‍ മുഴങ്ങും, ഇനിയും നാം ഭുമിയെ വേദനിപ്പിക്കണോ ' എത്രയും പറഞ്ഞു ജഡ്ജി നടന്നു നീങ്ങി. അയാള്‍ വെമ്പുന്ന ഹൃദയവുമായി തന്‍റെ പ്രിയതമയുടെ അടുത്തേക്കും..കോടതി വരാന്തയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ചില മുഹൂര്‍ത്തങ്ങള്‍ നടന്നതായി ദ്രിക്സാക്ഷികള്‍ ആയ പലരും പറയുന്നു!!

free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍