Tuesday 16 February 2010

വീണ്ടും ചില ക്വട്ടേഷന്‍ വിശേഷങ്ങള്‍

മോനേ പ്രഭാകരാ! ആ വിളി നാട്ടുകാര്‍ക്കെല്ലാം സുപരിചിതമായിരുന്നു. അതെ അമ്മിണി തള്ള തന്നെ, അവര്‍ ആ നാട്ടിലുള്ള എല്ലാവരേം ആ പേരാണ് വിളിച്ചിരുന്നത്. എന്നാല്‍ പ്രഭാകരന്‍ എന്നൊരാളും ആ നാട്ടില്‍ ഉണ്ടായിരുന്നില്ല. മോനേ പ്രഭാകരാ ഒരു ചായക്കുള്ള പൈസ താ മോനേ...മുന്നില്‍ അമ്മിണി തള്ള ഞാന്‍ ഒന്ന് പരുങ്ങി, കാരണം രണ്ടു ദിവസം മുമ്പ് കുളക്കടവില്‍ ഞാന്‍ സിഗരട്ട് വലിച്ചു നില്കുന്നത് അവര്‍ കണ്ടിരുന്നു, അവരെ പിണക്കിയാല്‍ വിവരം എപ്പോള്‍ വീട്ടില്‍ എത്തും.
ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് അമ്മിണിഅമ്മേ ഞാന്‍ പ്രഭാകരന്‍ അല്ല കിഴക്കേടത്തെ ദീപുവാ..ഓഹ് ഒരു പെരിലെന്തൂട്ടാ ഉള്ളേ..നീ ആ കിഴക്കേലെ പ്രഭാകരന്റെ മോനല്ലേ (എനിക്ക് കാലു മുതല്‍ ചൊറിഞ്ഞ് വന്നു)....ഇവരോട് വേദമോതുന്നതിനെക്കാള്‍ പോത്തിന്റെ അച്ഛനോട് വേദമോതുന്നതാവും നല്ലതെന്ന് മനസ്സിലാക്കി പോക്കെറ്റില്‍ നിന്നും അഞ്ചു രൂപ എടുത്തു കൊടുത്തു അവരെ പെട്ടെന്ന് ഒഴിവാക്കി.

പിന്നെയും ഞാന്‍ കവലയില്‍ കത്തി വച്ച് ഒരുപാട് നേരം. ക്വട്ടേഷന്‍ സംഘങ്ങള്‍ നാട് വാഴുമ്പോള്‍ എടുക്കേണ്ടുന്ന മുന്‍കരുതലുകളെ കുറിച്ച് ഒരു ചെറു പ്രസംഗം തന്നെ നാന്‍ കാച്ചി. എനിക്ക് ഉള്ളില്‍ ചിരി വന്നു..പന്നി പനിയെക്കാള്‍ വലിയ പനിയാണ് ക്വട്ടേഷന്‍ പനിയെന്നും ഒരാളെയെങ്കിലും ഒരു ദിവസം കൊല്ലാതെ ഗുണ്ടകള്‍ക്ക് ഉറക്കം വരില്ലെന്നും ഞാന്‍ സമര്ത്ഥിച്ചു . എന്റെ ഓരോ വിവരണത്തിനിടയിലും നെടുവീര്‍പ്പോടെ ഓരോ സര്‍ബത്ത് വാങ്ങി കുടിച്ചു വിളറി നില്‍ക്കുന്ന പിള്ള ചേട്ടനെ ഞാന്‍ ശ്രദ്ധിച്ചു. എന്റെ ഉള്ളില്‍ ചിരി വര്‍ദ്ധിച്ചു. ഇനി നിന്നാല്‍ പൊട്ടിചിരിച്ചു പോകുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ പെട്ടെന്ന് പോകാന്‍ ഒരുങ്ങി.

'ദീപു മോനേ ഒന്ന് നിന്നേ...' പിറകില്‍ നിന്നുള്ള വിളി. മോന് ഏതെന്കിലും ക്വട്ടേഷന്‍ കാരെ പരിചയമുണ്ടോ. ഞാന്‍ അല്പം ഒന്ന് ആലോചിച്ചു. ഒരു കോളിനുള്ള വഴി ആണെല്ലോ ഒത്തു വരുന്നത്. 'എന്താ പിള്ള ചേട്ടാ കാര്യം?' ഞാന്‍ അന്വേഷിച്ചു. 'അത്' ..'അത്' ..'ഉം..ഉം '..'പിള്ള ചേട്ടന്‍ ധൈര്യമായിട്ട് പറഞ്ഞോ'. 'ഒരാളെ തല്ലിക്കാനാ'... ഞാന്‍ അമ്പരന്നു.. 'ആരെ ?' ഞാന്‍ തിരക്കി. 'പാമനശ്ശേരിയിലെ ദിവാകരന്‍' പിള്ള ചേട്ടന്‍ എന്റെ ചെവിയില്‍ പറഞ്ഞു. 'അത് വേണോ ചേട്ടാ' ഞാന്‍ എന്റെ ആശങ്ക രേഖപ്പെടുത്തി. ദിവാകരന്‍ റിട്ടയേര്‍ഡ്‌ പോലീസ് കോണ്‍സ്റ്റബിള്‍ ആണ് ..ഇപ്പോഴും ആരോഗ്യ ദ്രൃഢഗാത്റന്‍ ..ആജാനബാഹു..കണ്ടാല്‍ ആരുമൊന്നു ഞെട്ടും.

പരിഭ്രമം മുഖത്ത് കാണിക്കാതെ നാന്‍ വീണ്ടും ചോദിച്ചു 'എന്തിനാണ് പിള്ള ചേട്ടാ തല്ലിക്കുന്നത്''. പറയാന്‍ ഒരുപാടുണ്ട് മോനേ അവന്റെ കയ്യും കാലും തല്ലി ഒടിച്ചു കിടക്കുന്നത് കണ്ടാല്‍ മതി'. ..'എന്തൊരു നടക്കാത്ത മധുരമുള്ള സ്വപ്നം..' നാന്‍ മനസ്സില്‍ കരുതി. ദിവാകരനെ തല്ലാന്‍ പറ്റിയ ക്വട്ടേഷന്‍ താരങ്ങള്‍ ആരും ഈ നാട്ടില്‍ ഇല്ലെന്നത് ഉറപ്പാണ് എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ നാന്‍ പിള്ള ചേട്ടനോട് ചോദിച്ചു 'വല്യ ബുദ്ധിമുട്ടുള്ള സംഗതിയാണ്, ദിവാകരന്‍ അറിഞ്ഞാല്‍ തല പോകും..പക്ഷെ ചേട്ടന്‍ പേടിക്കണ്ട..എത്ര പൈസ ഇറങ്ങും'. 'ഒരു അയ്യായിരം മതിയോ' ചേട്ടന്‍ ചോദിച്ചു. 'അയ്യായിരത്തിന്‌ ഈച്ചയെ അടിക്കാന്‍ പോലും ആളെ കിട്ടൂലാ പിന്നെയല്ലേ മദയാനയായ ദിവാകരന്‍, ചേട്ടന്‍ സമയം കളയാതെ വീട്ടില്‍ പോകാന്‍ നോക്ക്''. ഞാന്‍ തിരിഞ്ഞു നടന്നു. ദിവാകരേട്ടന്‍ പുറകില്‍ നിന്ന് വിളിച്ചെങ്കിലും എനിക്ക് ക്വട്ടേഷന്‍ സംഘത്തെ പരിചയമുണ്ട് പക്ഷെ പൈസ കാര്യത്തില്‍ തെറ്റി പോയി എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി തിരിഞ്ഞു നോക്കാതെ നടന്നു.

പിറ്റേ ദിവസം കവലയില്‍ ഞാന്‍ നേരത്തെ എത്തി. പതിവിലും കൂടുതല്‍ ഒരു ജനക്കൂട്ടം. ഞാന്‍ കാര്യം തിരക്കി. ദിവാകരനെ ആരോ വെട്ടി. ഐ സി യു വിലാണത്രേ. ചിലപ്പോള്‍ തട്ടി പോകാന്‍ ചാന്‍സ് ഉണ്ടത്രേ. എന്റെ നെഞ്ചും കൂട് തകര്‍ന്നത് പോലെ എനിക്ക് തോന്നി.ഇന്നലെ വേണ്ടാത്ത വീര വാദങ്ങളൊക്കെ പിള്ള ചേട്ടനോട് നടത്തി, ഇനി അയാള്‍ ഞാന്‍ ചെയ്തതാണെന്ന് കരുതുമോ! പറഞ്ഞു തീര്‍ന്നതും പിള്ള ചേട്ടന്‍ പാഞ്ഞു വരുന്നത് കണ്ടു. എന്നെ കണ്ടതും അയാള്‍ എന്നെ ചേര്‍ത്ത് പിടിച്ചു മാറ്റി നിര്‍ത്തി, അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. 'നിന്നോട് നാന്‍ ദിവാകരനെ കൊല്ലാന്‍ പറഞ്ഞില്ലല്ലോ..ഒന്ന് തല്ലി വിരട്ടി വിട്ടാല്‍ പോരായിരുന്നോ..' അയാള്‍ കിതക്കുന്നുണ്ടായിരുന്നു. 'അതിനു പിള്ള ചേട്ടാ ഞാന്‍' പറയാന്‍ തുടങ്ങിയതും അടുത്ത് നിന്ന ജോസഫ്‌ കേട്ടുവെന്നു തോന്നുന്നു..അയാള്‍ മറ്റേയാളുടെ ചെവിയില്‍ എന്തോ പറഞ്ഞു ..പെട്ടെന്ന് ആ വാര്‍ത്ത കാട്ടുതീ പോലെ പരന്നു 'ദീപു ദിവാകരനെ കൊല്ലാന്‍ ശ്രമിച്ചു'. എനിക്ക് ചുറ്റും ആളുകള്‍ വട്ടമിട്ടു നിന്നു. എനിക്ക് തല ചുറ്റുന്നത്‌ പോലെ, കൃത്യമായി ബോധം വന്നപ്പോള്‍ ഞാനും പിള്ള ചേട്ടനും പോലീസ് സ്റ്റേഷനില്‍. ആ എസ്. ഐ . സെല്ലില്‍ കിടക്കുന്ന ആരോടോ അലറിവിളിക്കുന്നുണ്ടായിരുന്നു. അയാള്‍ പതുക്കെ നടന്നു എന്റെ അടുത്തെത്തി. എന്റെ കവിള്‍ കണ്ടപ്പോള്‍ കാന്തത്തിന്റെ ആകര്‍ഷണം പോലെ അയാളുടെ കൈ തനിയെ പൊങ്ങി. പിന്നെ എന്തോ ആലോചിച്ചു സാവധാനം എന്റെ അടുത്തെത്തി 'പറയടാ നീ എന്തിനാ ദിവാകരനെ കൊല്ലാന്‍ ശ്രമിച്ചത് സത്യം പറയടാ..റാസ്കല്‍!' എന്റെ ജീവന്‍ പകുതി പോയി. ഞാന്‍ ധൈര്യം സംഭരിച്ച് 'ഞാന്‍ ..' പറയാന്‍ തുടങ്ങിയപ്പോള്‍ പിള്ള ചേട്ടന്‍ പൊട്ടി കരഞ്ഞു കൊണ്ട് 'ഞാന്‍ പറഞ്ഞിട്ടാ സാറെ!' ഞാന്‍ ആകെ തകര്‍ന്നു. ഞാന്‍ പറയുന്നതാര് വിശ്വസിക്കും. ജീവിതം എവിടെ തീരുന്നത് പോലെ എനിക്ക് തോന്നി. സ്റ്റേഷന്‍ പരിസരത്ത് വന്‍ ജനാവലി! ഗുണ്ടകളെ കാണാന്‍. ഇന്നലെവരെ ഒരുമിച്ചിരുന്നു ചായകുടിച്ചവര്‍ ഇന്നു പുറത്തു തെറി അഭിഷേകം നടത്തുന്നു. ഇടക്കിടക്കു ഏതൊക്കെയോ ചാനലുകാരുടെ ഫ്ലാഷുകള്‍ മിന്നുന്നു. ദൈവമേ ഇതെന്തു പരിക്ഷണം..വെറുതെ പിള്ള ചേട്ടനെ ചുറ്റിക്കാന്‍ ശ്രമിച്ചത് പൊല്ലാപ്പായല്ലോ! 'പൊട്ടനെ ചെട്ടി പറ്റിച്ചാല്‍, ചെട്ടിയെ ദൈവം പറ്റിക്കും' എന്ന ആപ്ത വാക്യം എനിക്കോര്‍മ്മ വന്നു. 'ഞാന്‍ ഒന്നും ചെയ്തിട്ടില്ല സാറേ'..എപ്പഴോ ഞാന്‍ നിലവിളിച്ചു. 'പച്ച കള്ളം പറയുന്ന രാഷ്ട്രീയക്കാരെ നോക്കുന്നത് പോലെ വ്യസന സമേതം പിള്ള ചേട്ടന്‍ എന്നെ നോക്കി'. 'പിള്ള ചേട്ടാ സത്യം ഞാന്‍ ഒന്നും ചെയ്തിട്ടില്ലാ'. പിള്ള ചേട്ടന്‍ മുഖംതിരിച്ചു. ഞാന്‍ അവസാനം മനസ്സ് പാകപെടുത്തി. അഥവാ ഞാന്‍ എങ്ങാനും ജയിലില്‍ ആയാല്‍ എല്ലാം തികഞ്ഞ ഒരു ഗുണ്ടയായിതിരിച്ചു വരണം. ഞാന്‍ എന്തിനും റെഡി ആയി നിന്നു.

'സാര്‍, ഒരു സ്ത്രി കാണാന്‍ വന്നു നില്‍ക്കുന്നു'. 'വരാന്‍ പറയൂ ..' എസ്. ഐ. ഗൗരവം വിടാതെ പറഞ്ഞു. 'സാര്‍ ഞാന്‍ ദിവാകരന്റെ ഭാര്യ'. എസ് .ഐ . പെട്ടെന്ന് വിനയാന്വിതനായി. ‘ഇരിക്കൂ..’ 'വേണ്ട സാര്‍ ഞാന്‍ ഇവിടെ നിന്നോളാം'. ആ സ്ത്രി പറഞ്ഞു. 'പ്രതികളെ കിട്ടി കഴിഞ്ഞു, ഈ ഗുണ്ടകളാണ് ഈ സംഭവത്തിനു പിന്നില്‍, നിങ്ങള്‍ ഒന്ന് കൊണ്ടും പേടിക്കണ്ട'. ആ സ്ത്രി ഞങ്ങളെ നോക്കി. ഞങ്ങള്‍ ദയനീയമായി അവരേയും. 'അല്ല സാര്‍ ഇവരല്ല അത് ചെയ്തത്' അവര്‍ പറഞ്ഞു. 'ആണ് പെങ്ങളെ ഇവന്മാര്‍ ഭയങ്കരന്മാരാണ്' ഞങ്ങള്‍ എന്ത് ബുദ്ധിമുട്ടിയാനെന്നോ ഇവന്‍മാരെ കൊണ്ട് സമ്മതിപ്പിച്ചത്, രണ്ടും പഠിച്ച കള്ളന്മാരാണ്''. 'അല്ല സാര്‍, ഞാനാണ് അത് ചെയ്തത്, അയാളുടെ പരസ്ത്രി ബന്ധവും മദ്യപാനവും മൂലം ഞാന്‍ നരകിക്കുകയായിരുന്നു, മറ്റു മാര്‍ഗമൊന്നുമില്ലാതെ ഉറക്കത്തില്‍ ഞാന്‍ വെട്ടി..കൊല്ലാനാണ് ആഗ്രഹിച്ചിരുന്നത് എന്നാല്‍ ദുഷ്ടന്മാരെ ദൈവം പെട്ടെന്ന് വിളിക്കൂല്ലല്ലോ’. എസ്‌. ഐ. എന്നെ നോക്കി..ഞാന്‍ ദയനീയ ഭാവത്തില്‍ അയാളെയും. എന്നിട്ട് പിള്ള ചേട്ടനെ നോക്കി ..ചേട്ടന്‍ എന്തോ പോയ എന്തിനെയോ പോലെ തല താഴ്ത്തി നിന്നു. '. എനിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് പോലെ ..കിതപ്പുകള്‍ പതുക്കെ അയഞ്ഞു തുടങ്ങി.

കിടന്നിട്ടു ഉറക്കം വരാതെ ഞാന്‍ കട്ടിലി നിന്നു എഴുന്നേറ്റിരുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഇവിടെ ഒരു എലി പുലിയാവനും..പുലി ജാമ്പവാനാകാനുമൊക്കെ വല്യ സമയം വേണ്ട. ഇതില്‍ കൂടുതല്‍ എനിക്കൊന്നു വരില്ല എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു. എന്നാലും ഇത്ര കൂരനായ ദിവാകരന്‍ ചേട്ടന് വെട്ടുകൊണ്ടപ്പോള്‍ അയാളെ കണ്ടാല്‍ പല്ല് ഇര്‍ക്കുന്നവര് വരെ എന്നെ സ്റ്റേഷനില്‍ വന്നു തെറി വിളിച്ചു . ജനങള്‍ക്കൊക്കെ എന്തെങ്കിലും കുഴപ്പമുണ്ടോ ഞാന്‍ ചിന്തിച്ചു. പെട്ടെന്നാണ്‌ കവലയില്‍ വാതോരാതെ അമിട്ട് വിട്ടു ഈ പൊല്ലാപ്പൊക്കെ ക്ഷണിച്ചു വരുത്തിയ എന്നെ പറ്റി ഞാന്‍ ആലോചിച്ചത്. എന്റത്രേം കുഴപ്പം മറ്റാര്‍ക്കുമുണ്ടാകില്ല. ഇതു മനസിലാക്കി കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണില്‍ ഉറക്കം പിടിച്ചു. പിന്നീട് കവല വഴി നടന്നു പോകുമ്പൊള്‍ എന്റെ കാലിനു പതിവിലും കൂടിതല്‍ ഒരു സ്പീഡ്, ഞാന്‍ നന്നായി തുടങ്ങിയോ എന്നൊരു സംശയം! നിങ്ങളോ !

free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍