Tuesday, 16 February 2010

എന്റെ പുതുവര്‍ഷം

ഇന്നു ഡിസംബര്‍ 31, പുതുവര്‍ഷം പുലരാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. സൂര്യന്‍ ചക്രവാള സീമയില്‍ നിന്ന് അപ്രതക്ഷ്യനാവാന്‍ തുടങ്ങുന്നു. രണ്ടു മണിക്കൂറായി ഈ ഇരിപ്പ് തുടങ്ങിയിട്ട്. പുഴയിലെ ഓളങ്ങളുടെ നേരിയ ശബ്ദം മാത്രം. 2009 നോട് വിടപറയുമ്പോള്‍ നിശബ്ദനായ ഈ സുഹൃത്തിന്റെ (ഭാരതപുഴയുടെ) സാമീപ്യം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചതാണ്‌. ടി വി യില്‍ വിവിധ ആഘോഷ പരിപാടികള്‍ നടക്കുമ്പോഴും അതിലൊന്നും മനസ്സുടക്കാതെ ഈ പുഴയുടെ മാറില്‍ തല ചായ്ച്ചു അല്‍പ നേരം കിടന്നപ്പോള്‍ വലാത്ത ഒരു സമാധാനവും സന്തോഷവും. ഡിഗ്രിയും പി ജി യും കഴിഞ്ഞു ജോലിയില്ലാതെ ഒരു വര്ഷം ആവുന്നു.
പങ്കെടുത്ത അഭിമുഖങ്ങളും, മുട്ടാത്ത വാതിലുകളും ഇല്ല. ഇന്നു നാട് മുഴുവന്‍ വിദ്യാ സമ്പന്നരാണ് . അതും ഉയര്‍ന്ന ഡിഗ്രി ഉള്ളവര്‍. ഇന്ന ജോലിക്ക് ഇന്ന യോഗ്യത എന്നില്ല, പി എസ് സി യിലും ബാങ്ക് ടെസ്റ്റുകളിലും എല്ലാം എന്‍ജിനീയര്‍മാര്‍ മുതല്‍ ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ വരെ അപേക്ഷിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ഏറ്റവും മിനിമം വേദനത്തിനു ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. രസതന്ത്രത്തില്‍ ഡിഗ്രിയും പി ജി യും ഉള്ള ഞാന്‍ പ്യൂണ്‍ മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ ബസ്‌ കണ്ടുക്ടരുടെ തസ്തികയ്ക്ക് വരെ അപേക്ഷിച്ചു. അവിടെയും ആയിരക്കണക്കിന് അപേക്ഷകര്‍. നഗര പ്രാന്തങ്ങളില്‍ വച്ചു പരീക്ഷകളുള്ള ഞായറാഴ്ചകളില്‍ ഒരു പൂരത്തിനുള്ള ആളാണ്‌ പട്ടണത്തില്‍. പഠിക്കുന്ന കാലത്തുള്ളതിനെക്കാല്‍ പഠനവും വായനയും ഞാന്‍ അതിനു ശേഷവും നടത്തി. ഇന്നും ഒരു തൊഴില്‍ അന്വേഷകനായി തുടരുന്നു.

ഗള്‍ഫിലേക്കുള്ള ഒരു വിസ ഒരു സുഹൃത്ത്‌ സംഘടിപ്പിച്ചു തരാമെന്നു പറഞ്ഞു. എന്നാല്‍ രോഗിയായ അമ്മയെ മാത്രം ഒറ്റക്കാക്കി എങ്ങനെ പോകും. അമ്മയുടെ പെന്‍ഷന്‍ പൈസയാണ് രണ്ടംഗങ്ങള്‍ ഉള്ള എന്റെ വീട്ടില്‍ തീ പുകയ്പ്പിക്കുന്നത്. ഭാഗ്യവശാല്‍ മറ്റു കടങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് തട്ടീം മുട്ടീം അങ്ങ് പോകുന്നൂന്ന് മാത്രം. പക്ഷെ എന്റെ കൂടെ പഠിച്ചവര്‍ അല്ലെങ്കില്‍ സമപ്രായക്കാര്‍ ഏതെങ്കിലുമൊക്കെ ജോലിയില്‍ കേറി പറ്റിയിരിക്കുന്നു. അവര്‍ അനുദിനം അടിവച്ചു വളരുന്നു. ഞാന്‍ തുടങ്ങിയിട്ടില്ല ....എങ്ങനെ തുടങ്ങണമെന്ന് അറിയില്ല. ആലോചിച്ചിട്ട് എനിക്ക് ഭ്രാന്തു പിടിക്കുന്നു. അമ്മയെ വേദനിപ്പിക്കണ്ട എന്നു കരുതി വീട്ടില്‍ വച്ചു ഞാന്‍ അങ്ങനെ ചിന്തയില്‍ മുഴുകാറില്ല. എന്റെ മനസ്സും വേദനയും അറിയാവുന്നത് സ്വച്ചം ഒഴുകുന്ന സൗമ്യനായ എന്റെ ഭരതപുഴക്ക്‌ മാത്രം. ഇനിയും താമസിച്ചാല്‍ അമ്മ വിഷമിക്കും, നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു, ഞാന്‍ വീട്ടിലേക്കു നടന്നു.

വീട്ടില്‍ അയല്‍പക്കത്തെ കുറച്ചു കുട്ടികള്‍ അമ്മയ്ക്കൊപ്പം ടി വി കാണുന്നുണ്ടായിരുന്നു. കുട്ടികളെ മതി ടി വി കണ്ടത് ...വന്നു പഠിക്കാന്‍ നോക്ക് ...അവരുടെ അമ്മ വിളിച്ചു പറഞ്ഞു. എനിക്ക് ചിരിവന്നു "പഠിച്ചിട്ടു എന്ത് കാര്യം" ഞാന്‍ മനസ്സില്‍ കരുതി . അത് മനസ്സിലായിട്ടെന്ന പോലെ എന്റെ അമ്മ "വിദ്യാ ധനം സര്‍വ ധനാല്‍ പ്രധാനം എന്നാ, അതുള്ളവന് നന്മ മാത്രമേ വരൂ". " ഉം" ..എന്നു മൂളി ഞാന്‍ മുറിയിലേക്ക് നടന്നു.

അപ്പുറത്തെ മുറിയില്‍ നിന്ന് പല മഹത് വ്യക്തികളും പുതു വത്സരം ടി വി യിലൂടെ ആശംസിക്കുന്നത് ഞാന്‍ കേട്ടു. "ഞാന്‍ നിങ്ങള്ക്ക് ഒരു പുതു വത്സരം ആശംസിക്കുകയല്ല, ഒരു പുതു ജീവന്‍ നല്‍കാനാണ് ശ്രമിക്കുന്നത്" ഏതോ ഒരു വേറിട്ട ശബ്ദംഞാന്‍ പതുക്കെ നടന്നു ടി വി യുടെ മുന്നിലെത്തി. പ്രശസ്തനായ ഒരു എഴുത്തുകാരന്‍ (അദ്ദേഹത്തിന്റെ പേര്‍ ഞാന്‍ പരാമര്‍ശിക്കുന്നില്ല) "ഇന്നു ഞാന്‍ നിങ്ങള്ക്ക് പുതു വത്സരം ആശംസിക്കുന്നു കാരണം എന്റെ പോയ വര്‍ഷം ഫലപൂഷ്ടം ആയിരുന്നു, നിങ്ങള്‍ അറിയാതിരുന്ന ഞാന്‍ പല പുതുവര്‍ഷങ്ങളിലൂടെ കടന്നു പോയി, പട്ടിണിയിലും വേദനയിലും മുങ്ങിക്കുളിച്ചു ഓരോ വര്ഷം കടന്നു പോകും പോഴും അടുത്ത വര്ഷം എന്തെങ്കിലും നന്മ കൊണ്ട് വരുമെന്ന ദിവാസ്വപ്നത്തില്‍ ആയിരുന്നില്ല ഞാന്‍ . വര്‍ഷാദ്യത്തില്‍ സ്വീകരിക്കുകയും വര്‍ഷാവസാനത്തില്‍ ഉപേക്ഷിക്കുകയും ചെയ്യപെടുന്ന 'വര്‍ഷങ്ങള്‍' നമുക്ക് വരുത്തുന്ന മാറ്റങ്ങള്‍ അതിനിടയിലെ നമ്മുടെ പ്രവര്‍ത്തികളുടെ ലാഭ നഷ്ട കണക്കുകള്‍ മാത്രമാണ്, മാറ്റങ്ങള്‍ വരുത്തുന്നത് നമ്മുടെഅദ്ധ്വാനവും സമീപനവുമാണ്." അദ്ദേഹം പറഞ്ഞു നിര്‍ത്തി.

എന്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടിയത് പോലെ. എന്റെ അദ്ധ്വാനവും ത്യാഗവുമാനത്രേ അടുത്ത വര്‍ഷം എനിക്ക് സമ്മാനിക്കുന്ന വിജയങ്ങള്‍. എന്തോ എനിക്ക് മനസ്സിലൊരു പുതുമഴ പെയ്തത് പോലെ. 'ഇനിയും ശ്രമിക്കണം, ഇനിയും പഠിക്കണം' എന്റെ ഉള്ളില്‍ ഒരു ആര്‍ജവം ഉടലെടുത്തു. പെട്ടന്ന് ഞാന്‍ അടുത്ത കസേരയില്‍ ടി വി നോക്കിയിരിക്കുന്ന അമ്മയുടെ കല്‍ തൊട്ടു വന്ദിച്ചു എന്റെ മുറിയിലേക്ക് നടന്നു. എന്താണെന്ന് സംഭവിച്ചതെന്ന് മനസ്സിലാവാതെ അമ്മ എന്റെ പുറകെ മുറിയില്‍ എത്തിയപ്പോഴേക്കും ഞാന്‍ ഏതോ പുസ്തകത്തിന്റെ രസതന്ത്ര സിദ്ധാന്തങ്ങളില്‍ മുങ്ങി തപ്പുകയായിരുന്നു.

free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍