* മിന്നാരം : നോക്കിലും വാക്കിലും പളപളപ്പും, കയ്യില്‍ ചിക്കിളിയും ഉള്ള ഉപരി വര്‍ഗം. ഇവര്‍ക്ക് പൊളപ്പന്‍ ആവാം കാരണം മറ്റുള്ളവര്‍ ഇവര്‍ക്ക് വേണ്ടി പണിയെടുക്കുന്നു, ഇവര്‍ മുതലാളിമാര്‍. മിന്നാരം എന്ന് വിശേഷിപ്പിക്കാന്‍ കാരണം ഇവര്‍ താരങ്ങള്‍, എന്തിനും റെഡി. പുതിയ പ്രോജക്റ്റില്‍ ഷെയര്‍ ഇടണോ, ഭുമിയും ജംഗമ വസ്തുക്കളും കച്ചവടതിനുണ്ടോ, എല്ലാറ്റിനും തുട്ടുണ്ട്, ഇല്ലാത്തത് ചിലപ്പോ അല്പം മനുഷ്യത്തം, അത് സാരമില്ല എല്ലം കൂടി ഒരാള്‍ക്ക് കിട്ടുമോ?
* പ്രജാപതി: ഇവര്‍ ഉദിച്ചുയരുന്നവര്‍, ഒരു പക്ഷെ ചെറുകിട ബിസിനെസ്സുകാര്‍, നില മെച്ചപ്പെടുത്തിയ പ്രോഫെഷനലുകള്‍, സാങ്കേതിക വിദഗ്ധര്‍ , മനേജരുമാര്‍, ചുരുക്കി പറഞ്ഞാല്‍ സെറ്റ്‌അപ്പില്‍ കഴിഞ്ഞാലും മാസം ഒരു നല്ല സംഖ്യ നാട്ടില്‍ ബാങ്കില്‍ എത്തുന്നവര്‍. ഇവര്‍ ഒരു മാറ്റത്തിന്‍റെ പാതയിലാണ്, ഒരു പക്ഷെ ഇവരും മേല്‍ പറഞ്ഞപോലെ താരങ്ങളാകാം അല്ലെങ്കില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളും, അവസരങ്ങളും അനുസരിച്ച് താഴെ പറയുന്ന ഗണത്തിലേക്ക് എത്തപെടാം.
* ജോക്കര്‍ : ഇവര്‍ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്നവര്‍. ഇടത്തര വര്‍ഗം എന്ന് വിശേഷിപ്പിക്കപെടുന്ന ഇവര്‍ മിക്കവാറും ബിരുദധാരികളും, പ്രവാസ കുടുംബ ജീവിതത്തിന്റെ പരീക്ഷങ്ങള്‍ തീവ്രമായി നേരിടുന്നവരായിരിക്കും. ഇടക്ക് മുട്ടി മുട്ടിയില്ല എന്ന അവസ്ഥയോക്കെ ഉണ്ടാവുമെങ്കിലും വ്യതിരിക്തമായ അവരുടെ കര്‍മ്മ ചാരുതയാല്‍ കുടുംബവും, അല്പസ്വല്പം ആര്‍ഭാടവും , എന്നാല്‍ ചെറിയ സാമ്പത്തിക മെച്ചങ്ങളും, ചിലപ്പോള്‍ നെരുക്കങ്ങളും ഒരു മാലയില്‍ കൊരുത്ത മുത്തുപോലെ സംയോജിപ്പിക്കുന്നു.എന്നാല്‍ കുട്ടികള്‍ വളരുകയും, ചിലവുകള്‍ അധികരിക്കുകയും, ആവശ്യങ്ങള്‍ കൂടുകയും, അതിനനുസരിച്ച് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവാതിരിക്കുകയും ചെയ്‌താല്‍ മേല്‍ പ്രസ്താവിച്ച മാലയുടെ കെട്ടു പൊട്ടുകയും അവരുടെ അവസ്ഥ താഴെ വിവരിച്ച കൂട്ടത്തില്‍ എത്തിപ്പെടാനുള്ള സാധ്യത ഉണ്ട്.
* ക്രോണിക് ബാച്ചിലേഴ്സ് : താന്‍ എന്ന വ്യക്തിയുടെ ആശാഭിലാഷങ്ങളും, ചിലവുകളും പരമാവധി കുറച്ചു തന്റെ വരുമാനം ഏറ്റവും ശ്രദ്ധിച്ചു ഉപയോഗിക്കുന്ന വിവാഹിത ബാച്ചിലേഴ്സ്. അവര്‍ പ്രധാനമായും മേല്‍ പറഞ്ഞ ജോക്കേര്സ് ചീഞ്ഞുണ്ടായതാവാം.ചിലപ്പോള്‍ ഈ സത്യം മനസ്സിലാക്കി നേരത്തെ തന്നെ ക്രോണിക് ആവാന്‍ തീരുമാനം എടുത്ത 'പണ്ടേ ക്രോണിക് ബാച്ചിലേഴ്സ്' ആവാം. എന്തായാലും ഇവരുടെ ക്രോണിക് ജീവിതത്തിനു അര്‍ത്ഥം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു. എന്നാല്‍ നിവര്‍ത്തിയില്ലാതെ ബാച്ചിലേഴ്സ് ആയ താഴത്തെ വിഭാഗം വേറെ.
* അഞ്ചരക്കൂട്ടം ബാച്ചിലേഴ്സ് : ഇവര്‍ ഒരു കൂട്ടം ബാച്ചിലേഴ്സ് പ്രായഭേദമന്യേ, ജോലിഭേദമന്യേ, ഒരു മുറിക്കുള്ളില്‍, ഒരേ ആഹാരം കഴിച്ചു, ഒരു ടി വി യില്‍ കാഴ്ച കണ്ടു, ജീവിതം ആഘോഷവും, ആശ്വാസവും ആക്കുന്നവര്‍. ഈ കൂട്ടത്തില്‍ ഒരാളെങ്കിലും മറ്റുള്ളവരുടെ പ്രതേക ശ്രദ്ധ ലഭിക്കേണ്ട രോഗികളോ, സാമ്പത്തിക പിന്നോക്ക അവസ്ഥയിലുള്ളവരോ , മാനസിക പിരിമുറക്കം എറിയവരോ. ജോലി ഇല്ലാത്തവരോ ഒക്കെ ആയിരിക്കും. 'അഞ്ചരക്കൂട്ടം' ഈ പേര് വരാന്‍ തന്നെ കാരണം ഇതു തന്നെ. ഇവരുടെ വരുമാന ചിലവ് ചക്രം എന്ത് തന്നെ ആയാലും ഭൂരിഭാഗം ആളുകളും നടുവ് നിവര്‍ക്കുവാന്‍ ശ്രമിക്കുന്നവരായിരിക്കും. പരസ്പര സഹകരണം ഏറെയാണ് എങ്കിലും സാമ്പത്തിക സഹായങ്ങള്‍ക്ക് പ്രാപ്തി ഉള്ളവരായിരിക്കുകയില്ല. ഒരു പക്ഷെ അവര്‍ ഭാവിയില്‍ ക്രോണിക് ബാച്ചിലേഴ്സ് വിഭാഗത്തിലോ, ജോക്കേര്സ് വിഭാഗത്തിലോ പെട്ടെന്നിരിക്കാം. ഈ നിലയില്‍ നിന്ന് താഴെ എത്തുന്നവര്‍ ഒരു പക്ഷെ പ്രവാസം മതി ആക്കുകയോ താഴെപ്പറയുന്ന 'ചലോ ഭായ്' വിഭാഗത്തില്‍ പെടുകയോ ചെയ്തേക്കാം.
* ചലോ ഭായ് : പേര് പോലെ തന്നെ വരുന്നത് വരുന്നപോലെ എന്ന അവസ്ഥയില്‍ തല ചായ്ക്കാന്‍ സ്ഥലമോ, കീശയില്‍ ദിര്‍ഹാമോ റിയാലോ , എന്തിനു പാസ്പോര്‍ട്ട് പോലും കയ്യിലില്ലാതെ നാളെ എന്നത് ഒരു മരീചികയായി, ആശയറ്റ് , ഒരു ചോദ്യ ചിഹ്നമായി മാറിയവര്‍. ഇവര്‍ ഒരു പക്ഷെ മുകളില്‍ പറഞ്ഞ ഏതെങ്കിലും വിഭാഗത്തില്‍ നിന്നും എത്തി പെട്ടവര്‍ ആകാം, അല്ലെങ്കിലും നാട്ടില്‍ നിന്ന് ചതി പറ്റിയവര്‍. അല്ലെങ്കില്‍ പ്രവാസ നഗരങ്ങളുടെ മൂല്യങ്ങള്‍ ഒരു മനുഷ്യാത്മാവിന് താങ്ങുന്നതിനു അപ്പുറം ആയപ്പോള്‍ വഴി ആധാരമായതാവാം. എന്തായാലും ഇവരുടെ അടുത്ത ലക്‌ഷ്യം നാട്ടിലേക്ക് എങ്ങനെയും മടങ്ങി എത്തുക എന്നതാവാം.
* ഗോണ്ടനാമോ ക്യാമ്പുകള്‍: ഇവര്‍ ലേബര്‍ ക്യാമ്പ് നിവാസികള്‍ അഞ്ചരക്കൂട്ടം ബാച്ചിലേഴ്സ് വിഭാഗക്കാരില്‍ പെടുന്നവരാണ് കൂടുതല്‍. അപൂര്‍വം ക്രോണിക് ബാച്ചിലേഴ്സ് വിഭാഗത്തില്‍ പെടുന്നവരുമുണ്ട്, പക്ഷെ വ്യത്യാസം സ്വാതന്ത്ര്യവും, ജീവനും പണയപ്പെടുത്തിയുള്ള ഒരു മെരുങ്ങല്‍ ഈ കൂട്ടര്‍ക്കുണ്ട്. ജോലി സ്ഥലത്ത് എന്ന പോലെ വാസ സ്ഥലത്തും ആരോക്കയോ ഇവരുടെ മേല്‍ പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നു. വരുമാന ചെലവ് ചക്രം പരിശോധിച്ചാല്‍ ഒരു നേര്‍ രേഖ കാണാമെങ്കിലും അതിന്റെ ഉയരം വളരെ ചെറുതാണ്. എന്നിരുന്നാലും നാളേക്ക് പ്രതീക്ഷ അര്‍പ്പിച്ചവര്‍ ആണ് ഭൂരിഭാഗവും.
ഒരു പൊതു വിശകലനത്തിന് മുതിര്‍ന്നപ്പോള്‍ ചിലത് ഉള്പെടുത്തിയിട്ടുണ്ടാവില്ല, ചില നിരൂപണങ്ങള്‍ തെറ്റാവാം, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ നമുക്ക് ചര്‍ച്ച ആകാം. തെറ്റുകള്‍ തിരുത്താം, കൂട്ടി ച്ചെര്‍ക്കല്‍ ആവാം. നമ്മള്‍ ഏതു വിഭാഗത്തില്‍ ആണെന്നത് കണ്ടു പിടിക്കാം,ഇനി എങ്ങോട്ടാണ് പോകണ്ടത് എന്ന് മനസ്സിലാക്കാം, ചുരുക്കം പറഞ്ഞാല്‍ നമ്മുടെ പ്രവാസത്തിനു ഒരു നിര്‍വചനം ഉണ്ടാക്കാം അത് വഴി പ്രവാസ ജീവിതത്തിന്റെ താളം ക്രമപ്പെടുത്തുകയും ചെയ്യാം.
No comments:
Post a Comment