Thursday, 17 March 2011

ആ അടവു മാത്രം ആശാന്‍ പഠിപ്പിക്കരുതായിരുന്നു. (അച്ചുമ്മാവന് വേണ്ടി ഒരു കുറിപ്പ്)
'ആ അടവു മാത്രം ആശാന്‍ പഠിപ്പിക്കരുതായിരുന്നു' -  സീറ്റ്‌ കിട്ടാഞ്ഞ ഒരു സഖാവിനോട്‌ നമുക്ക് പറയാന്‍ ഇത്രയേയുള്ളൂ . ചില കളികള്‍ക്കായി ഒരാളെ ശിഷ്യനായി കൂടെ കൂട്ടി, പാര്‍ട്ടിയുടെ തലപ്പത്ത് എത്തിച്ചു. പിന്നീട് അടവുകളൊക്കെ പഠിച്ച ശിഷ്യന്‍, ചുവടു മാറ്റി ആശാന്റെ നെഞ്ചത്തേക്ക്. ഇത് ഒരു കഥ. കഥയുടെ മറുവശം വേറൊന്ന്. ആശാന്‍റെ തന്ത്രങ്ങള്‍ അറിയാവുന്ന ശിഷ്യന്‍, ആശാന്‍  ജനങ്ങള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള ആളു അല്ലെന്നും, ആശാന്‍ പ്രയോഗിച്ച അടവുകള്‍ തന്നെയാണ് തന്‍റെ പക്കല്‍ ഉള്ളതെന്നും ശിഷ്യന്‍ കരുതുന്നു. ഇനി ആശാനും ശിഷ്യനും തമ്മില്‍ ഒരു വ്യത്യാസം മാത്രം. ആശാന്‍ വിദ്യകള്‍ പഠിച്ചതു വിപ്ലവ കളരിയില്‍. മണ്ണും, ചേറും, വിയര്‍പ്പും കലര്‍ന്ന രക്ത പങ്കില അഭ്യാസ മുറകള്‍, മറ്റു വീറുറ്റ അഭ്യാസികളുടെ സഹവാസം, എന്തിനേറെ മസില്‍ ഉറക്കാനായി വെട്ടി മാറ്റിയ വാഴകള്‍ നല്‍കിയ കരുത്ത്. ശിഷ്യന്‍ ആകട്ടെ പഠിക്കാന്‍ ശ്രമിച്ചത് സ്റ്റാലിന്റെ പഴമ്പുരാണ പുസ്തകങ്ങളില്‍ നിന്ന്. കൂടെ ഉപദേശത്തിനായി ട്യുഷന്‍ ടീച്ചര്‍മാരും (ഉപദേശക വൃന്ദം).  

Saturday, 12 March 2011

പാര്‍ട്ടി പറഞ്ഞാല്‍
പാര്‍ട്ടിയോട് വിധേയത്വം ഉള്ള ചില മഹാന്‍മാര്‍ അടുത്തിടെ ആവര്‍ത്തിച്ചു ഉരുവിടുന്ന 'വിനയ മന്ത്രം'. വളരെ നല്ലത്. എന്നാല്‍ അത് സീസണുകളില്‍ മാത്രം ഉള്ള പ്രതിഭാസം ആകുമ്പോള്‍ അരോചകം ആകാം. തിരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞാല്‍ പാര്‍ട്ടി ഭക്തി ഉണരുകയായി. ഒരു മൈക്ക് വഴിയെ പോകുന്നത് കണ്ടാല്‍ അത് ചാടി പിടിച്ചു പാര്‍ട്ടിക്ക് രണ്ടു ആപ്പ് വയ്ക്കുന്നവര്‍ ഈ സീസണില്‍ കോലം മാറ്റുന്നു.  പാര്‍ട്ടിയുടെ അനുവാദം ഇല്ലാതെ വായ്‌ തുറക്കില്ല, അഥവാ തുറന്നാലും നാക്ക് ഉണ്ടോ എന്നറിയാന്‍ വായ്‌ കുത്തി തുറന്നു പരിശോധന നടത്തേണ്ടി വരും. ഈ മഹാന്‍മാരുടെ തനി രൂപം അറിയുന്നത് 'പാര്‍ട്ടി പറഞ്ഞില്ലെങ്കില്‍' ആണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്നവര്‍ പാര്‍ട്ടി പറഞ്ഞില്ലെങ്കില്‍, ' നല്ല പച്ച തെറി പറയും'. അപ്പോള്‍ എവിടെ ആ പഴയ വിനയം എന്ന് ചോദിക്കരുത്. വേണമെങ്കില്‍ 'വിനയനു പഠിക്കുകയാണോ എന്ന് ചോദിക്കാം'. 

Thursday, 10 March 2011

സ്വപ്നം ഒരു ചാക്ക്കുട്ടി കാലം മുതല്‍ക്കേയുള്ള ആഗ്രഹമായിരുന്നു സ്വപ്നത്തിന്റെ അളവ്കോല്‍  അറിയണമെന്ന്. ഈയിടെ ഒരു പാട്ട് കേട്ടപ്പോള്‍ ആണ് ചാക്കിലാണ് അത് അളക്കുന്നത്‌ എന്ന് മനസ്സിലായത്‌ 'സ്വപ്നം ഒരു ചാക്ക് ', തലയില്‍  അത് താങ്ങി ഒരു പോക്ക്'. നിങ്ങള്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കു  എന്ത് രസം ആയിരിക്കും. അത് പോട്ടെ ഞാന്‍ പറഞ്ഞു  വന്നത് തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് പലരും ചാക്കുമായി പോകാറുണ്ട്. അത് അവരുടെ സ്വപ്‌നങ്ങള്‍ ചാക്കിലാക്കി കൊണ്ട് പോകുകയായിരിക്കാം. അസൂയക്കാര് പറയും അത് മുഴുവന്‍ നോട്ട് കെട്ടുകള്‍ ആണെന്ന്...; ചുമ്മാ വെറുതെ! കൂടി പോയാല്‍ അതിനുളില്‍ കുറച്ചു സാരികള്‍ ആവാം .. അതും  നിര്‍ധനരായ വിധവകള്‍ക്കും, അപലകള്‍ക്കും ..അത്രയെ ഉള്ളൂ ... ഹൃദയം പറിച്ചു കാണിച്ചാല്‍ ചെമ്പരത്തി പൂവാണെന്ന് പറയുന്ന ജനത്തിന് എന്താ പറയാന്‍ കഴിയാത്തത് അല്ലേ ?..ഹും..

Monday, 7 March 2011

ക്ഷമിക്കുക (കവിത)എന്‍റെ കവിതയ്ക്ക് ഈണം ഉണ്ടായിരുന്നുവെങ്കില്‍
അതിന്‍റെ ആത്മാവ് കരയാതിരുന്നുവെങ്കില്‍
ചൊല്ലിയ പദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടായിരുന്നുവെങ്കില്‍
ആകുമായിരുന്നു ഞാനും ഒരു മഹാകവി !