Sunday, 2 August 2015

അനന്തമീ യാത്ര
ഇത്  ഒരു കഥയാണെങ്കിലും  ഇത് വായിക്കുമ്പോള്‍ കഥയുടെ ആസ്വാദന നിശ്വാസങ്ങള്‍ ലഭിക്കണമെന്നില്ല. കാരണം ഇത് ഒരു കഥയല്ല. അടുത്ത ഒരു സുഹൃത്ത് പങ്ക് വച്ച ഒരു അനുഭവം എഴുത്തുകാരന്റെ  ചൂഷണം ഏല്‍ക്കാത്ത ഭാഷയില്‍ ചുരുക്കി എഴുതിയിരിക്കുന്നു. 
കഥയില്‍ പോലും  ഉണ്ടാകും കഥാപാത്രങ്ങള്‍ക്ക്  ഇത്തിരി പരിഗണനകളൊക്കെ, പക്ഷേ കാലം കെട്ടി നല്‍കിയ വേഷത്തില്‍ പരിഗണനകളുടെ ഒരു ആനുകൂല്യവും ലഭിക്കാത്ത ആ കഥാപാത്രം ഇന്നും നമ്മുടെ ഇടയില്‍ ജീവിക്കുന്നു. 
-----------------------------------

അവള്‍ പറഞ്ഞു തുടങ്ങുകയാണ് . 

യാത്രക്കാര്‍ പൊതുവേ കുറവായിരുന്ന വിമാനത്തില്‍  അടുത്ത സീറ്റില്‍ വന്നിരുന്ന ഒരു സ്ത്രീയുടെയും കുട്ടിയുടെയും സംഭാഷണമാണ് എന്നെ ചിന്തയില്‍ നിന്ന്  ഉണര്‍ത്തിയത് 

'കരയല്ലടാ നമുക്ക് കുറച്ച് കഴിയുമ്പോള്‍ വാപ്പയെ കാണാമല്ലോ'

നീണ്ട കാലത്തിനു ശേഷം തന്‍റെ ഭര്‍ത്താവിനെ കാണാന്‍ പോകുന്ന അവര്‍ വളരെ ഉത്സാഹവതിയും സന്തോഷവതിയുമായി കാണപ്പെട്ടു. വാപ്പയെ കാണാന്‍ ആ കുട്ടിയും ഏറെ ആഗ്രഹിക്കുന്നതായി മനസ്സിലായി. 

ഇത് പോലെ തന്നെയല്ലേ ഓരോ പ്രാവശ്യവും തന്‍റെ പ്രിയപ്പെട്ടവരെ കാണാന്‍ ഞാന്‍ ഓടിയെത്തിയിരുന്നത്.  എട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഇത് പോലെ ഒരു വിമാനത്തില്‍ പറക്കുമ്പോള്‍ മരുഭൂമിയിലെ ഏതോ ഒരു ആതുരാലയത്തിന്‍റെ  നേഴ്സ്  വിസ എന്‍റെ പാസ്സ്പോര്‍ട്ടില്‍  സ്റ്റാമ്പ്‌  ചെയ്തിരുന്നു. തന്നെ പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടും  വാപ്പയുടെ കടങ്ങളും കീഴെയുള്ള  കൂടപ്പിറപ്പുകളെ പറ്റിയും ഓര്‍ത്തപ്പോള്‍ ഒരിക്കലും ആ യാത്രയെ ശപിച്ചിരുന്നില്ല. 

പ്രശ്നങ്ങള്‍ തീര്‍ത്ത്‌  ഉറ്റവരുടെ അടുത്ത് ഓടിയെത്തണമെന്ന ആഗ്രഹം എന്‍റെ യാന്ത്രിക ജീവിതത്തിന്‍റെ ചാലക ശക്തിയായി. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഞാന്‍ നാട്ടില്‍ എത്തുമ്പോള്‍ കടങ്ങളില്‍ നിന്ന് മുക്തനായ വാപ്പയും പ്രീഡിഗ്രി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച അനുജനും സംതൃപ്തിയും സന്തോഷവും എന്‍റെ മനസ്സില്‍ വിരിയിച്ചു. അനുജനോട്  ഇഷ്ടമുള്ള വിഷയം ഇഷ്ട കോളേജില്‍ പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കി തിരികെ വരുമ്പോള്‍ എത്ര ഫീസ് ആയാലും തന്‍റെ അടുത്ത ലക്ഷ്യം അവന്‍റെ ആഗ്രഹം സഫലീകരിച്ചു കൊടുക്കുക എന്നതായിരുന്നു.

പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം ഒരു വട്ടം കൂടി നാട്ടില്‍ വന്നു. ക്ഷേമങ്ങളും ഐശ്വര്യങ്ങളും വീട്ടില്‍ എത്തി നോക്കുന്നതായി സൂചനകള്‍ നല്‍കിയപ്പോള്‍ അടുത്ത തവണ തന്‍റെ ഉദ്യമം അവസാനിപ്പിക്കാമെന്ന് മനസ്സില്‍ തീരുമാനിച്ചു. ഇനി വന്നാല്‍ ഒരു മടക്കം വേണ്ട. തീര്‍ച്ചയായും എന്‍റെ കുടുംബം വീണ്ടും പോകാന്‍ അനുവദിക്കില്ല എന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു.

പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ മാസം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പണ്ടില്ലായിരുന്ന ഒരു ടെന്‍ഷന്‍. മിച്ചം പിടിച്ച തുകകള്‍ വച്ച് വാങ്ങിയ കുറച്ച് സ്വര്‍ണ്ണാഭരണങ്ങള്‍. തന്‍റെ വിവാഹം വീണ്ടും വാപ്പയെ കടക്കാരന്‍ ആക്കാതിരിക്കാന്‍ കഠിനമായി പരിശ്രമിച്ച് വാങ്ങിയത് . എയര്‍പോര്‍ട്ടില്‍ നിന്ന് പ്രശ്നങ്ങള്‍ ഒന്നും കൂടാതെ വീട്ടില്‍ എത്തിപ്പെട്ടപ്പോള്‍ ലോകം വിജയിച്ച സന്തോഷമായിരുന്നു. പാസ്പോര്‍ട്ട്‌ അലമാരിയില്‍ വയ്ക്കുമ്പോള്‍ ഇനി മിക്കവാറും നിനക്ക് വിശ്രമം തന്നെ ആയിരിക്കും എന്ന് മനസ്സില്‍ പറഞ്ഞു.


വീട്ടില്‍ വിവാഹ ദല്ലാളുമാര്‍ വന്നു പോകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പെണ്ണ് കാണാന്‍  ഒരാള്‍ നാളെ വരുമെന്നും മോളോട് ഒരുങ്ങി നില്‍ക്കാന്‍ പറയണമെന്ന്  വാപ്പ ഉമ്മയോട്  പറഞ്ഞപ്പോള്‍ ആദ്യമായി തന്‍റെ കാല്‍വിരല്‍ തുമ്പില്‍ നിന്ന് ഒരു വിറ അനുഭവപ്പെടുന്നതായി തോന്നി. അങ്ങനെ ആ ദിവസം വന്നെത്തി. ഹോസ്റ്റലില്‍ നിന്ന് ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തിയും രാവിലെ തന്നെ എത്തി. 

റൂമില്‍ എന്തോ വായിച്ചു കിടന്ന എന്‍റെ അടുത്തേക്ക്  ഉമ്മ എത്തി. ഇന്ന്  പെണ്ണ് കാണാന്‍ വരുന്നത്  നസ്സിയെയാണ്. ദൂരെ നിന്ന് ഒക്കെ പഠിക്കുന്ന പെണ്‍കുട്ടി അല്ലേ അവളെ നേരത്തെ  ഒരാളുടെ കയ്യില്‍ എല്പ്പിച്ചില്ലെങ്കില്‍   ഇന്നത്തെ കാലത്ത് പിന്നെ പറഞ്ഞിട്ട്  കാര്യമുണ്ടോ? ഞാന്‍ ഉമ്മയുടെ മുഖത്തേക്ക് നോക്കിയെങ്കിലും ഉമ്മയുടെ മുഖം കുനിഞ്ഞിരുന്നു. അനുവാദമില്ലാതെ കണ്ണില്‍ നിന്ന്  പുറപ്പെട്ട വെള്ളതുള്ളികളെ ഞാന്‍ തട്ടം കൊണ്ട് ഒപ്പിയെടുക്കുമ്പോള്‍ ഒരു നിമിഷം ഹൃദയം നിന്ന് പോയെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. തലയിണ വെള്ളം കുതിര്‍ന്ന സ്പോഞ്ഞ് പോലെ ആയെന്ന് ഞാന്‍ അറിഞ്ഞെങ്കിലും കട്ടിലില്‍ നിന്ന് എണീക്കാന്‍ തോന്നിയില്ല.


പുറത്ത്  ആരുടെയൊക്കയോ സംസാരങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കായി കേട്ട പൊട്ടിച്ചിരികള്‍ നസ്സിയുടെ കാര്യത്തില്‍ ശുഭ സൂചനയാെണന്ന്  മനസ്സിലാക്കാമായിരുന്നു. രാത്രി ഏറെ വൈകി ഉപ്പ എന്‍റെ റൂമിലേക്ക്‌ വന്നു. നല്ല കൂട്ടരാെണന്നും പക്ഷേ അവര്‍ ചോദിക്കുന്നത്  കുറച്ച് കൂടുതല്‍ ആണെന്നും പറഞ്ഞു. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ജനല്‍പ്പാളികള്‍ക്കിടയിലൂടെ ദൂരെ വെള്ളിവിതറുന്ന അമ്പിളിയും താരകങ്ങളും കണ്ട് കിടന്നപ്പോള്‍ ഈ കാഴ്ച്ചയാണല്ലോ ഞാന്‍  ഗൃഹാതുരതയുടെ വെമ്പലുകളായ് വര്‍ഷങ്ങളായി പ്രവാസ ജീവിതത്തില്‍ കൊണ്ട് നടന്നത് . പക്ഷേ ഇന്ന് അത് കണ്ടു സന്തോഷിക്കാനോ സ്വപ്നം കാണാനോ എനിക്ക് കഴിയുന്നില്ല.  

 പിറ്റേ ദിവസം രാവിലെ തന്നെ പുറത്തിറങ്ങി. അടുത്തു കണ്ട ട്രാവല്‍സ് നിന്ന്  ടിക്കറ്റ്  പിറ്റേ ദിവസത്തേക്ക്  മാറ്റി, അത്യാവശ്യം സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങി. എന്നെ കാണാതെ എല്ലാവരും വീടിന്റെ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ആരൊക്കയോ എന്തൊക്കയോ ചോദിച്ചെങ്കിലും ഒന്നിനും ചെവി കൊടുത്തില്ല. അലമാര തുറന്നപ്പോള്‍ പാസ്പോര്‍ട്ട്‌ എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി. ടിക്കറ്റ് അതിനൊപ്പം വച്ചു. പിന്നെ പുറത്തിറങ്ങി നിധിപോലെ ഞാന്‍ കാത്ത് സൂക്ഷിച്ച ആ സ്വര്‍ണ്ണാഭരണങ്ങള്‍   എന്‍റെ അനുജത്തിയുടെ നേരെ നീട്ടി. 

'എനിക്ക് വേണ്ടി കരുതാന്‍ മറ്റാരുമില്ലെങ്കിലും, നിനക്ക് വേണ്ടി കരുതാന്‍ നിന്‍റെ താത്ത ഉണ്ടാവണ്ടേ'

മറ്റൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മുറി അടച്ചു.  രാവിലെ വരാന്‍ സുലൈമാന്‍ ഇക്കായുടെ ടാക്സിയും വിളിച്ചു പറഞ്ഞു ഒന്നുറങ്ങി. 

വിമാനം പുറപ്പെടാനുള്ള അനൌണ്‍സ്മെന്റ്  ആരംഭിച്ചിരിക്കുന്നു. എയര്‍ ഹോസ്റ്റസ് അത്യാഹിത ഘട്ടങ്ങളില്‍ ചെയ്യാനുള്ള രക്ഷാമാര്‍ഗ്ഗങ്ങള്‍ വിവരിക്കുന്നു. ഇനി ഈ ജീവിതത്തില്‍ ഏതു അത്യാഹിതത്തില്‍  നിന്നാണ് എനിക്ക് രക്ഷപെടാനുള്ളത്?  ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ പതിയെ കണ്ണുകള്‍ അടച്ചു.         

No comments:

Post a Comment