Saturday 31 July 2010

ഏകാന്തതയില്‍ അല്പനേരം (കവിത)



ഒരിത്തിരി നേരം കൂടി
തനിച്ചി പാതയോരത്ത്
വിദൂരതയില്‍ കണ്ണുംനട്ടു
വെറുതെയിരിക്കുവാന്‍ കൊതിച്ചു!

പാഞ്ഞുപോകും ചക്രങ്ങളുടെ
പൊടിപടലങ്ങള്‍
നാസകോശങ്ങളില്‍
അസ്വസ്ഥതകള്‍ ഏറ്റിയപ്പോള്‍

നടന്നു ഞാന്‍ പുഴയുടെ
തീരങ്ങളില്‍ മൂകനായി
ഏകാന്തതയില്‍ അല്പനേരം
ഊളിയിട്ടലയാന്‍!

വെള്ളം വറ്റിയൊരു പുഴയുടെ
തേങ്ങല്‍ എന്‍ കര്‍ണങ്ങളില്‍
ആര്‍ത്തലച്ചൊരു നാദമായി
പതിച്ചപ്പോള്‍, ഓടിയകന്നു ഞാന്‍..

എന്‍ മുറിക്കുള്ളിലെ
അടച്ചിട്ട വാതിലിന്‍
പഴുതിലൂടെ ദൂരദര്‍ശിനിയുടെ
ശീര്‍ക്കാരങ്ങള്‍ സീമകള്‍ ലംഘിച്ചു

തിരുകിയ പഞ്ഞികള്‍
എന്‍ ശ്രവണികയില്‍
അസ്വസ്ഥതകള്‍ വിതറിയപ്പോള്‍
ഒരു ഭ്രാന്തനായി ഞാന്‍!

പതിയെ എന്‍ ഏകാന്തത
ശ്രവ്യ മാലിന്യങ്ങളെ കീഴടക്കി
ഏകാന്തത നേടി ഞാന്‍
പൂരപ്പറമ്പിലും അങ്ങാടിതെരുവിലും

കേട്ട ശബ്ദങ്ങളെ സ്നേഹിച്ചു ഞാന്‍,
കേള്‍കാത്ത ശബ്ദങ്ങള്‍യി കാതോര്‍ത്തു,
ഏകാന്തതയെ വെറുത്തു,പുണര്‍ന്നു
പുതിയ ചിന്തകള്‍ എന്‍ മനോമുകുരത്തെ

പുതിയൊരു ദിശാബോധം ഗ്രസിച്ചു
'എകാന്തതായൊരു സ്വാര്‍ത്ഥതയല്ലേ?'
അടഞ്ഞ കാതുകള്‍ എന്തിനു നമുക്ക്
മൂടിയ മനസ്സുകള്‍ ആര്‍ക്കു വേണ്ടി

സമാധാനം സ്വാതന്ത്ര്യ നിമിഢമായി മാത്രം
കെട്ടഴിച്ചു വിടുക മനസ്സിനെ വേഗം
തുറന്നിട്ട ജാലകം പോലെ, ശോഭ വിതറിയ
നിലാവ് പോലെ, സ്വച്ഛം..ശാന്തം..

വിട്ടേക്കുക നിന്റെ മനസ്സിനെ, അലയട്ടെ
വാതായനങ്ങളില്‍, മേച്ചില്‍ പുറങ്ങളില്‍
തിരയെട്ട മാനവ ജീവിതത്തിന്‍, നെടുവീര്‍പ്പിന്‍
നഗ്ന സത്യങ്ങള്‍, നേര്‍ത്ത നിശ്വാസങ്ങള്‍!

കണ്ടു ഞാന്‍, തലമൂടി പതുങ്ങിയിരുന്നു
ഏകാന്തത തേടിയ ഒരു മനുജനെ
എന്തിനു മര്‍ത്യാ വ്യഥാ, ഏകാന്തതയെ തേടുന്നു
ലഭിക്കില്ല അത് നിന്‍ മരണം വരെയും!

No comments:

Post a Comment