Thursday 30 September 2010

ആ രാത്രിയുടെ ഓര്‍മ്മകളിലൂടെ

ആ രാത്രിയുടെ ഓര്‍മ്മകളിലൂടെ













പാതിരാത്രിയാണെന്നുള്ളത് വക വയ്ക്കാതെ അയാള്‍ തന്റെ പല സുഹൃത്തുക്കളെയും വിളിച്ചു. ആരും ഫോണെടുത്തില്ല. കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു, ഇടക്ക് എഴുന്നേറ്റിരുന്നു. വെള്ളം വീണ്ടും
വീണ്ടും കുടിച്ചിട്ടും തൊണ്ട വരണ്ടു കൊണ്ട് തന്നെ. ടി വി ഓണ്‍ ചെയ്തു, ചാനലുകള്‍ മാറ്റി നോക്കി, ഒന്നിലും മനസ്സ് നില്കുന്നില്ല.തിരിച്ചു കട്ടിലില്‍ എത്തി, പുതപ്പ് തല വഴി മൂടി ശ്വാസം വലിച്ചു കിടന്നു. രാത്രിക്ക് ഇത്ര ദൈര്‍ഘ്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ഭൂമിയുടെ സൂര്യന് ചുറ്റുമുള്ള ഭ്രമണ വേഗതയെ അയാള്‍ ശപിച്ചു. ഒന്ന് നേരം പുലര്‍ന്നിരുന്നെങ്കില്‍ സമാധാനം ആയേനെ. എന്തോ ഒരു ശബ്ദം..ആരോ തന്റെ മൊബൈലില്‍ മെസ്സേജ് അയച്ചതാണ്. തലയണയുടെ അടിയില്‍ നിന്ന് മൊബൈല്‍ എടുത്തു നോക്കി അതെ സ്പീഡില്‍ വലിച്ചെറിഞ്ഞു .അവന്റെ ..ന്റെ ഒരു ഓഫര്‍. വീണ്ടും
ഉറങ്ങാനുള്ള ശ്രമം. പല ചിന്തകള്‍ മനസ്സിലൂടെ മിന്നി മാഞ്ഞു. ഒന്ന് പുകച്ചാലോ, അല്ലെങ്കില്‍ വേണ്ടാ, ഉള ഉറക്കം കൂടി പോകും. പെട്ടെന്നാണ് അന്ന് വാങ്ങിയ വാരികയുടെ കാര്യം ഓര്‍ത്തത്‌. എഴുന്നേറ്റു വാരിക തപ്പി തുടങ്ങി. എങ്ങും കാണാനില്ല. മേശയിലും, അലമാരയിലും എല്ലാം മാറി മാറി തപ്പി, എങ്ങും കാണാനില്ല, ദേഷ്യം കൂടി കൂടി വരുന്നു. ഉള്ള ഉറക്കം കൂടി പോയി കിട്ടി. ആരെയോക്കയോ ശപിച്ചു കൊണ്ട് കട്ടിലില്‍ വന്നിരുന്നു. അതാ കിടക്കുന്നു കട്ടിലിന്റെ അറ്റത് വാരിക. അത് എടുത്തു തുണ്ടം തുണ്ടമാക്കി കീറാനാണു തോന്നിയത്. എന്നാലും പതിയെ അതെടുത്ത് നിവര്‍ത്തി നോക്കി. ഉറക്കം എളുപ്പമാക്കാന്‍ പത്തു വഴികള്‍. പെട്ടെന്ന് തന്നെ അതിലൂടെ  കണ്ണോടിച്ചു. പെട്ടെന്ന് ഒരു വരിയില്‍ കണ്ണ് ഉടക്കി. ഉറങ്ങുന്നതിനു മുമ്പ് ധ്യാനിക്കുക. അയാള്‍ വാരികയില്‍ വിവരിച്ച പോലെ ചമ്പ്രം പിണഞ്ഞു ഇരുന്നു ശ്വാസം ഉയര്‍ത്തി വലിച്ചു. വല്ലാത്തൊരു സമാധാനം. ഇനിയൊന്നു കിടന്നു നോക്കി, തല്ലി ബോധം കെടുത്തിയാലും പോകില്ല എന്ന വാശിയില്‍ ബോധമണ്ഡലം ഉണര്‍ന്നു തന്നെയിരുന്നു. പതിനെട്ടടവും പയറ്റി കഴിഞ്ഞ ശേഷം പത്തൊമ്പതാം അടവും ആലോചിച്ചു അയാള്‍ കസേരയില്‍ വന്നിരുന്നു. പിന്നെ എഴുന്നേറ്റു ജനലുകള്‍ മെല്ലെ തുറന്നു. എവിടെ നിന്നോ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. അയാള്‍ പുറത്തേക്കു നോക്കി നിന്നു , പെട്ടെന്നാണ് മരങ്ങള്‍ക്കിടയിലൂടെ ചില നിഴലുകള്‍ മിന്നി മായുന്നത്
കണ്ടത്. ആരും പകച്ചു പോകുന്ന മുഹൂര്‍ത്തം, രാത്രിയുടെ അന്ത്യയാമം, യക്ഷികളും പരേതാത്മാക്കളും അലഞ്ഞു തിരിയുന്ന സമയം. അയാള്‍ എങ്ങനെയോ ധൈര്യം
സംഭരിച്ചു വിളിച്ചു ചോദിച്ചു.
'ആരാടാ അത് ..?'
അയാളുടെ ശബ്ദം നിശബ്ടതയെ ഭംഗിച്ചു അന്തരീക്ഷത്തില്‍ മുഴങ്ങി.
ഒരു ഉത്തരവും ഇല്ല, അയാള്‍ വല്ലാതെ ഭയന്നു. എവിടെ നിന്നോ പട്ടികളുടെ ഓരികള്‍, അല്പം പോലും നിലാവില്ലാത്ത കൂരിരുട്ടു. അയാള്‍ ധൃതി വച്ച് ജനാലകള്‍ വലിച്ചടച്ചു. കട്ടിലില്‍ വന്നു കിടന്നു. അയാളുടെ നെഞ്ച് പടപടാ ഇടിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അയാളുടെ തോളില്‍ ഒരു കൈ സ്പര്‍ശം, കുതറി എഴുന്നേറ്റ അയാളുടെ മുന്‍പില്‍ ഒരു രൂപം. ഒരു പ്രേതത്തിനെ ആദ്യമായി
കാണുന്ന എല്ലാ ബഹുമാനത്തോടെയും അയാള്‍ കൈ കൂപ്പി വിറങ്ങലിച്ചു നിന്നു. പെട്ടെന്ന് തന്നെ തന്റെ മുന്നിലുള്ള രൂപം ഒരു മനുഷ്യ രൂപമാണെന്ന് അയാള്‍ക്ക്‌ മനസ്സിലായി. കണ്ണ് തിരുമ്മി നന്നായി നോക്കി. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍.

'ഏതു വണ്ടിയില്‍ പോകാനാ?' 
മിഴിച്ചു നിന്നെങ്കിലും പെട്ടെന്ന് ബോധം കൈവരിച്ചു അയാള്‍ പറഞ്ഞു 'വെസ്റ്റ്‌ കോസ്റ്റ്‌ '. 
'അതല്ലേ ഈ പോയത്
'അയ്യോ, എനിക്കതില്‍ പോകാനുള്ളതായിരുന്നു?' അയാള്‍ പറഞ്ഞു
'ഓരോത്തന്മാര് വന്നോളും, എവിടെ ഇരുന്നാണെങ്കിലും ബോധം കെട്ട് ഉറങ്ങിക്കോളും, ഇനി രാവിലയെ ഉള്ളൂ തെക്കോട്ട് വണ്ടി,അതുവരെ സുഖമായി ഉറങ്ങിക്കോ!'
അയാള്‍ക്ക് സ്വയം ഉരുകിയത് പോലെ തോന്നി, ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് സ്വപ്നം കണ്ടു ഉറങ്ങി, ട്രെയിന്‍ പൊയീ! ഇനി രാവിലെ വരെ ഈ തണുപ്പത് കൊതുക് കടി കൊണ്ട് ഈ രാത്രി തള്ളി നീക്കണം 'ഈശ്വരാ ഈ പ്ലാറ്റ്ഫോം ബെഞ്ചില്‍ അല്പ സമയം എങ്കിലും ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ അയാള്‍ അതില്‍ ചാരി ഇരുന്നു'. സ്വപ്നം യാഥാര്‍ത്ഥ്യം ആയത് പോലെ തിരിഞ്ഞും മറിഞ്ഞും ഇരുന്നിട്ടും കിടന്നിട്ടും ഉറക്കം മാത്രം വന്നില്ല !

NB: ഈ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികമാണ്, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആരോടെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍; അത് മനപ്പൂര്‍വമാണ് !


free counters

 

No comments:

Post a Comment