Tuesday 15 June 2010

ഒരു കോടി

പെട്ടെന്ന് നിങ്ങളുടെ മനസ്സില്‍ പല ചിന്തകളും കടന്നു പോയെന്നു എനിക്കറിയാം. ഇവന്‍ പുതുകോടിയുടെ കാര്യം പറയാന്‍ തുടങ്ങുകയാണെന്നു നിങ്ങള്‍ വിചാരിക്കും. പക്ഷെ ഞാന്‍ പറഞ്ഞു വന്നത് ഒരു കോടി രൂപയെ പറ്റി ആണ്. ഒരു കോടി രൂപ കടം തരണമെന്നല്ല, ഒരു കോടി രൂപ എന്റെ കയ്യില്‍ ഉണ്ട് എന്നുമല്ല. എന്റെ ജീവിതാഭിലാഷം ഒരു കോടി രൂപ സമ്പാദിക്കണം എന്നതാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഞാന്‍ ഒരു അഹങ്കാരി ആണെന്ന് തോന്നാം, മറ്റു ചിലര്‍ക്ക് 'ഒഹ് ഒരു കോടി രൂപയാണോ ഇവന്റെ വലിയ ആഗ്രഹം'. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു കോടി രൂപ മതി. അതുണ്ടായി കഴിഞ്ഞാല്‍ വിശ്രമ ജീവിതത്തിലേക്ക് കടക്കണം. ഇതു എന്റെ ആഗ്രഹം.

ഞാന്‍ ഒരു സാധാ ബിരുദധാരി. ബുദ്ധികൂര്‍മ്മത, ചടുലത എന്ന വിശേഷണങ്ങള്‍ മന്ദബുദ്ധികള്‍ പോലും എന്നെ പറ്റി പറയില്ല. ഒരു സ്വകാര്യ കമ്പിനിയില്‍ സെക്രട്ടറിയായി ജോലിയില്‍ കയറി. മൂന്നു വര്ഷം പിന്നിട്ടു ജീവിത ചിലവുകള്‍ കഴിഞ്ഞു
സമ്പാദ്യം 50,000 രൂപ മാത്രം. എന്റെ ലക്ഷ്യത്തില്‍ നിന്ന് എത്രയോ പുറകില്‍. ഞാന്‍ ആകെ അസ്വസ്ഥനായി. കമ്പനി മാറി പരീക്ഷിച്ചു, കുറച്ചു കൂടി ശമ്പളമുള്ള ഒരു ജോലിയില്‍ കയറി. വലിയ മെച്ചം ഒന്നും ഉണ്ടായില്ല.ആകെ മൊത്തം ആറു വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ സമ്പാദ്യം. എന്റെ സ്വപ്നത്തിന്റെ വിദൂരത എനിക്ക് അനുഭവപ്പെട്ടു. മാസാവസാനം വരുമാനമുള്ള ഒരു ജോലി തനിക്ക് പറ്റിയതല്ല എന്ന യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിഞ്ഞു. ദിവസേനയുള്ള സമ്പാദ്യം അതും എറ്റക്കുറച്ചിലുകളോട് കൂടി അതിന്റെ രസം സ്വന്തം ബിസിനസ്‌ ആരംഭിച്ചപ്പോള്‍ ഞാന്‍ രുചിച്ചറിഞ്ഞു. ആദ്യത്തെ വര്‍ഷത്തെ വരുമാനം 2 ലക്ഷം ആയപ്പോള്‍ എനിക്ക് ഉണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ഏഴു വര്‍ഷത്തില്‍ 3.5 ലക്ഷം രൂപ സമ്പാദ്യമായി. പിന്നീട് അഞ്ചു വര്ഷം കൊണ്ട് എന്റെ സമ്പാദ്യം 20 ലക്ഷം രൂപയായി. അങ്ങനെ പന്ത്രണ്ടാം വര്‍ഷത്തില്‍ എന്റെ ലക്ഷ്യത്തിന്റെ അഞ്ചില്‍ ഒന്ന് ഞാന്‍ പിന്നിട്ടു.

വര്‍ഷങ്ങള്‍ കടന്നു പോയി എപ്പോള്‍ ഞാന്‍ ഇരുപത്തിഅഞ്ചു വര്ഷം പിന്നിട്ടു. ഇപ്പോള്‍ എന്റെ സമ്പാദ്യം ഒരു കോടിയില്‍ അധികം. എന്റെ ലക്‌ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നു. ഇനി ഒരു വിശ്രമ ജീവിതത്തിലേക്ക് കടന്നാലോ. ഞാന്‍ ആലോചിച്ചു. ഈ നിലയില്‍ ആണെങ്കില്‍ ഒരു അഞ്ചു വര്ഷം കൊണ്ട് സമ്പാദ്യം 1.5 കോടിയില്‍ എത്തിക്കാം. അതിനു ശേഷം ആകാം വിശ്രമം. മനസ്സ് കൂടുതല്‍ കൂടുതല്‍ ആഗ്രഹിച്ചു കൊണ്ടേ ഇരിക്കുന്നു.പക്ഷെ ഞാന്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയില്ല. ബിസിനെസ്സും മറ്റു അനുബന്ധ സ്ഥാപനങ്ങളും 50 ലക്ഷത്തിനു വിറ്റു. അങ്ങനെ 1.5 കോടി രൂപയുമായി ഞാന്‍ വിശ്രമജീവിതം ആരംഭിച്ചു.


വളരെ വ്യത്യസ്തമായ ജീവിതം. ആവശ്യത്തിന് ഉറക്കം, വിനോദങ്ങള്‍, ഉല്ലാസ യാത്രകള്‍, മുന്തിയ ഭക്ഷണം എല്ലാം കൂടി ജീവിതം സ്വര്‍ഗ്ഗതുല്യമാക്കി.
വളരെപെട്ടെന്ന് തന്നെ എനിക്ക് മടുത്തു. ഞാന്‍ മറ്റൊരു മേഖല പെട്ടെന്ന് കണ്ടു പിടിച്ചു. രാഷ്ട്രീയം. കയ്യില്‍ അത്യാവശ്യം പണവും, ആവശ്യത്തിന് സമയവും. പെട്ടെന്ന് തന്നെ ഞാന്‍ തിളങ്ങി. ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും പട്ടിണി കിടക്കാത്ത ഞാന്‍ പട്ടിണി പാവങ്ങളുടെയും, തൊഴിലാളി വര്‍ഗത്തിന്റെയും ഗര്‍ജ്ജിക്കുന്ന ശബ്ദമായി. ആ ശബ്ദ കൊലാഹലങ്ങളുടെ കൊള്മയിമയില്‍ ഞാന്‍ M.L.A. ആയി. അന്ന് വരെ അനുഭവിച്ചറിയാത്ത അധികാരത്തിന്റെ മുന്തിരിച്ചാര്‍ നുണഞ്ഞിരക്കിയപ്പോള്‍ ലഭിച്ച ലഹരി ജീവിതത്തില്‍ അത് വരെ അനുഭവിക്കാത്തതായിരുന്നു. കാടിളക്കിയ ഒറ്റയാനെ പോലെ അഞ്ചു വര്ഷം. അതിനു ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ തന്റെ സമ്പാദ്യം പത്തു കോടി രൂപ. വിശ്രമ ജീവിതത്തിലേക്ക് കടന്ന താന്‍ അവിചാരിതമായി സമ്പാദിച്ചത് തന്റെ ഇരുപത്തിയഞ്ചു കൊല്ലത്തെ ജീവിതത്തില്‍ സമ്പാദിച്ചതിന്റെ പത്തിരട്ടി.

അടുത്ത തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തന്റെ ജീവിതത്തിന്റെ ഓര്‍മ്മകള്‍ മാത്രം മതി ഇനി അവശേഷിക്കുന്ന തന്റെ ജീവിതത്തില്‍. അങ്ങനെ ഒതുങ്ങി കൂടാമെന്ന് വിചാരിച്ചപ്പോഴാണ് തന്റെ രാഷ്ട്രീയത്തിലെ അഭിനയം കണ്ടു തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്‌. വേഷം രാഷ്ട്രീയ നേതാവിന്റെ തന്നെ, ചെയ്യേണ്ടത് തോന്നിവാസം തന്നെ. സ്വന്തം ജീവിതത്തില്‍ അരങ്ങു തകര്‍ത്തത്, ഇനി അരങ്ങിലാടാന്‍ എന്ത് ബുദ്ധിമുട്ട്? ചുരുക്കി പറഞ്ഞാല്‍ കഥാപാത്രം ക്ലിക്ക്‌ ആയി. ഒന്നിന് പുറകെ ഒന്നായി സിനിമകള്‍, മനസ്സിനും ശരീരത്തിനും കുളിര്‍മ പകരുന്ന സെറ്റുകള്‍, പുതിയ സൗഹൃദങ്ങള്‍. ജീവിതം അര്‍മാദിച്ചു തീര്‍ത്തു. തന്റെ സമ്പാദ്യം കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് ഇരുപത്തിഅഞ്ചു കോടി. ഒരു കോടിയുണ്ടാക്കാന്‍ ജീവിതം തുടങ്ങിയ ഞാന്‍ ഇന്ന് ഇരുപത്തിഅഞ്ചു കോടിയുടെ അധിപന്‍.


രണ്ടു മൂന്നു കൊല്ലം കൂടി അങ്ങനെ കഴിഞ്ഞു. വിദേശ രാജ്യങ്ങള്‍ ഒട്ടുമിക്കതും സന്ദര്‍ശിച്ചു. അടുത്താഴ്ച ഉണ്ട് ഒരു ട്രിപ്പ്‌. വേള്‍ഡ്‌ കപ്പ്‌ ഫുട്ബോള്‍ കാണാന്‍ ആഫ്രിക്കയിലേക്ക്. ലക്ഷങ്ങള്‍ അനവധി പൊടിയുമെങ്കിലും ഇപ്പോള്‍ എനിക്ക് ഒരു മൂക്കുപ്പൊടി വലിച്ചു തുമ്മുന്ന വികാരമേ ലക്ഷങ്ങളോടുള്ളൂ. ഞാന്‍ വിമാനം ആഫ്രിക്കയില്‍ ഇറങ്ങിയതറിഞ്ഞു ചാനലുകാര്‍ തത്സമയ വിവരങ്ങള്‍ക്കായി എന്നെ വിളിച്ചു . രാഷ്ട്രീയക്കാരനായ എന്നെ പല തവണ ന്യൂസ്‌ റൂമില്‍ ഇരുത്തി വെള്ളം കുടിപ്പിച്ച അവന്മാര്‍ക്ക് നല്ല ഒരു പണി തന്നെ കൊടുക്കാന്‍ തീരുമാനിച്ചു; ഞാന്‍
തത്സമയഫുട് വിവരണങ്ങള്‍ ഒരു ജോലിയായി ഏറ്റെടുത്തു നല്ലൊരു തുക കരാര്‍ ഉറപ്പിച്ചു . ഉള്ളതും ഇല്ലാത്തതും എല്ലാം എരുവും പുളിയുമായി വിവരിച്ചു, ഒരു മാസം ഞാന്‍ ടെലിവിഷനുകളില്‍ നിറഞ്ഞു നിന്നു. ഫുട്ബോളിന്റെ ബാലപാഠം അറിയാത്ത ഞാന്‍ ഒന്നാം തരം നിരൂപകനും അവലോകകനുമായി.

ഫുട്ബോള്‍ മേളയെല്ലാം കഴിഞ്ഞു തിരിച്ചെത്തിയ ദിവസം വെറുതെ കട്ടിലില്‍ കിടന്നു ആലോചിച്ചു. അഞ്ചു ലക്ഷം ചിലവാക്കിയ ഞാന്‍ പതിനഞ്ചു ലക്ഷം ചാനലുകാരുടെ കയ്യില്‍ നിന്നും കൈപറ്റിയിരിക്കിന്നു. തൊടുന്നതെല്ലാം പോന്നാകുന്നു എന്ന് കേട്ടിട്ടേ ഉള്ളു.ഇപ്പോള്‍ അനുഭവത്തില്‍ വന്നിരിക്കുന്നു. തന്റെ ജീവിതം പുറകിലേക്ക് കണ്ണോടിച്ചു നോക്കിയപ്പോള്‍ ഞാന്‍  പലിശക്ക് കൊടുത്ത് പീഡിപ്പിച്ചവരും, ക്വട്ടേഷന്‍ സംഘത്തെ വിട്ടു ഉപദ്രവിച്ചവരും, അപഥ സഞ്ചാരിണികളായ സ്ത്രീകളും, വഞ്ചിച്ച ജനങ്ങളും എല്ലാം എന്നെ   ഭയപ്പെടുത്തുന്നത് പോലെ അയാള്‍ക്കു തോന്നി. പക്ഷെ എന്റെ  ബാങ്കിലെ 30 കൊടിയെപ്പറ്റി ചിന്തിച്ചപ്പോള്‍ സ്വയം ചിരിക്കാന്‍ ശ്രമിച്ചുവെങ്കിലും ആ ചിരി ന
ഞ്ഞ പടക്കം പോലെ ചീറ്റി അടങ്ങി.

ഒരു ദിവസം ഉറങ്ങാന്‍ കിടന്ന ഞാന്‍ ഉണര്‍ന്നില്ല. എന്നാലും എന്റെ ബാങ്കിലെ 30 കോടി ഉണര്‍ന്നു തന്നെയിരുന്നു. എന്റെ നിദ്രകള്‍ പകലുകളാക്കി, ചോര വിയര്‍പ്പുതുള്ളിക
ളാക്കി, മനസ്സ് കല്ലാക്കി, മനസ്സാക്ഷിയെ രക്തയക്ഷസ്സാക്കി, സ്നേഹം മരീചികയാക്കി ഞാന്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം എന്നില്‍ നിന്ന് വിട പറഞ്ഞു അകലുമ്പോള്‍, ഒരു കോടീശ്വരന് നല്‍കേണ്ടുന്ന ആദരവ് കാലന്‍ തന്റെ ആത്മാവിനു നല്‍കിയില്ല. ഇക്കാര്യം പരാതിപ്പെടാന്‍ അധികാരികളെ ആരെയും പരലോകത്ത് കണ്ടില്ല. ഏറെ നേരത്തെ തിരച്ചിലിന് ശേഷം പരലോകത്ത് വച്ചു സംഘടിപ്പിച്ച 'അഖില ലോകകോടീശ്വരന്‍സ് ആത്മാവ് അസോസിയേഷന്‍' യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. അവിടെ ഒരു ആത്മാവ് ഇങ്ങനെ പ്രസംഗി ക്കുന്നുണ്ടായിരുന്നു.

'കോടീശ്വര ആത്മാക്കളെ നിങ്ങള്‍ക്ക് സ്വാഗതം , 'നിങ്ങളള്‍ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ അവിടം അര്‍ദ്ധ പട്ടിണിക്കാരുടെ പറുദീസയായി മാറിയേനെ, ഷെയര്‍ മാര്‍ക്കറ്റില്‍ പൈസ ഇടാന്‍ ആരുണ്ടാകുമായിരുന്നു, കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയെ പിടിച്ചു കെട്ടി ലോക്കറില്‍ വച്ചു പൂട്ടാന്‍ ആരുണ്ടാകുമായിരുന്നു, സ്വാശ്രയ കോളേജിലെ പെയ്മെന്റ് സീറ്റില്‍ പഠിക്കാന്‍ ആരുണ്ടാകുമായിരുന്നു, 543 അംഗങ്ങളുള്ള ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ 300 അംഗങ്ങളെ എവിടെ നിന്ന് കൊണ്ട് വരുമായിരുന്നു'. ദൈവമേ ഇനിയും കോടീശ്വരന്മാരെ ഭൂമിയിലേക്ക്‌ അയച്ചു ഭൂമിയെ രക്ഷിക്കേണമേ!, ഞങ്ങള്‍ക്ക് ഭൂമിയിലെപ്പോലെ ഇവിടെയും അര്‍മാതിപ്പാന്‍
സൗകര്യം ചെയ്തു തരേണമേ'

പരമകാരുണ്യവാനായ ദൈവം
ഞങ്ങളുടെ ആവശ്യം അംഗീകരിച്ചു സ്വര്‍ഗ്ഗത്തിലേക്ക് അയച്ചു. അവിടെ ഞങ്ങള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. കൊള്ളയടിക്കാതെ പൈസ ലഭിക്കുന്നു, ഒരു പെഗ്ഗില്‍ തന്നെ കിക്കാവുന്നു, മനോഹരികളായ സ്ത്രീകള്‍ ബലാല്‍ക്കാരം ഇല്ലാതെ തന്നെ കീഴ്പ്പെടുന്നു, ഒഹ് എന്തൊരു ബോറന്‍ ഏര്‍പ്പാട് , ഒന്നിനും ഒരു ത്രില്‍ ഇല്ല. എങ്ങനെയും ഭൂമിയില്‍ തിരിച്ചു എത്തിയാല്‍ മതിയായിരുന്നു. ഞങ്ങളുടെ സങ്കടം മനസ്സിലാക്കി ദൈവം ഞങ്ങളെ ഭൂമിയിലേക്ക്‌ തന്നെ തിരിച്ചെത്തിച്ചു.

സ്വര്‍ഗത്തില്‍ നിന്ന് വന്ന അന്ന് തന്നെ നീണ്ട യാത്ര ക്ഷീണം പോലും വക വയ്ക്കാതെ ബാങ്കിലേക്ക് നടന്നു. ATM കൌണ്ടറില്‍ കാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യാതെ വന്നപ്പോള്‍ ഞാന്‍ നേരെ മാനേജരുടെ മുറിയില്‍ കയറി. എന്നെ എഴുന്നേറ്റു നിന്ന് സ്വീകരിക്കാറുള്ള അയാള്‍ ഒന്ന് ഇരുത്തി മൂളി 'ഉം ഇരിക്കു ..'. ഞാന്‍ കാര്യം പറഞ്ഞു എന്റെ ATM
കാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യുന്നില്ല. അയാള്‍ കാര്‍ഡ്‌ വാങ്ങി കമ്പ്യൂട്ടറില്‍ അടിച്ചു നോക്കി പറഞ്ഞു നിങ്ങളുടെ അക്കൗണ്ട്‌ ക്ലോസ് ആയിരിക്കുന്നു. 'അപ്പോള്‍ എന്റെ പണം' ഞാന്‍ സ്തബ്ദനായി. മാനേജര്‍ ഒന്ന് ഇരുത്തി ചിരിച്ചു എന്നിട്ട് എന്റെ മുഖത്ത് നോക്കി ചോദിച്ചു' മരിച്ചവന് എന്തിനാ പണം'. ഞാന്‍ കോപത്താല്‍ തിളച്ചു മറിഞ്ഞു, പരലോകത്ത് പോലും തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ നടന്നകന്നു. അപ്പോഴും എന്റെ ചെവിയില്‍ ആ വാക്കുകള്‍   മുഴങ്ങുന്നുണ്ടായിരുന്നു 'മരിച്ചവന് എന്തിനാ പണം?!

No comments:

Post a Comment