Monday 5 April 2010

ചില ജീവിത കാഴ്ചകള്‍

വയസ്സ് ഏകദേശം ഇരുപത്തിഏഴു ആകാറായി, പ്രതേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നു പോയപ്പോഴാണ് അയാള്‍ ആ കെണിയില്‍ വീണത്‌. വീട്ടുകാരും മൂന്നാമനും വിരിച്ച വലയില്‍ അയാള്‍ പാവം കുരുങ്ങി. അങ്ങനെ ആ കുരുക്ക് വിദ്യാ സമ്പന്നയായ, കാഴ്ചക്ക് മോശമില്ലാത്ത, എന്നാല്‍ സര്‍വ്വാഭരണഭൂഷയായ അവളുടെ കഴുത്തില്‍ മറ്റുള്ളവര്‍ ശുഭ ദിനമെന്നു വിശേഷിപ്പിച്ച ആ സുദിനത്തില്‍ ചാര്‍ത്തുമ്പോള്‍ ഷോ റൂമില്‍ നിന്ന് പുതിയ വാഹനം വാങ്ങിയ പോലെയുള്ള സന്തോഷമായിരുന്നു അയാള്‍ക്ക് . നേര് പറഞ്ഞാല്‍ പണ്ടു മുതലേ സ്ത്രീകളുമായി വല്യ സൗഹൃദങ്ങള്‍ പങ്കിടാത്തത് കൊണ്ട് അവരുടെ സൈകോളൊജി ഒട്ടും അറിഞ്ഞിരുന്നില്ല. ആദ്യത്തെ രണ്ടു മൂന്നു വര്ഷം അവള്‍ അയാളുടെ ജീവിതത്തില്‍ ഹൈവേ യിലൂടെ വണ്ടി ഓടിക്കുന്നതുപോലെ പാഞ്ഞു നടന്നു. ആ പാച്ചില്‍ ബന്ധുക്കളുമായി അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കി എങ്കിലും, അയാളുടെ വിദഗ്ധ ഇടപെടല്‍ വല്യ പ്രശ്നങ്ങള്‍ക്കൊന്നും വഴി വച്ചില്ല. പിന്നെ പിന്നെ വണ്ടിയുടെ യാത്ര കട്ടറുള്ള റോഡിലൂടെ ആയി. അങ്ങനെ ചില കുലുക്കങ്ങളും, ഇളക്കങ്ങളും പൊട്ടിചീറ്റലുകളുമായി കുറച്ചു വര്‍ഷം. ജോലിയുടെയും, സാമ്പത്തിക ഭദ്രതയുടെയും, ജീവിത വീക്ഷണത്തിന്റെയും, അച്ചടക്കത്തിന്റെയും, ഉത്തരവാദിത്വത്തിന്റെയും അഭാവങ്ങള്‍ മൂലമുള്ള പല കട്ടറുകളിലും ആടി ഉലഞ്ഞു വണ്ടിയുടെ ഷോക്ക്‌ അബ്സോര്‍ബര്‍ കേടായി. പിന്നെയുള്ള ചെറിയ കുണ്ടുകള്‍ പോലും വന്‍ താഴ്ചയായും, കര കേറാന്‍ ആവാത്ത വന്‍ ഗര്‍ത്തം ആയും തോന്നിപ്പിച്ചു. രണ്ടു കണ്ണുകള്‍ ഇറുക്കി അടച്ചും, രണ്ടു കാതുകളില്‍ പഞ്ഞി വച്ചും നിവര്‍ന്നിരുന്നു ബാലന്‍സ് തെറ്റാതെ ഓടിക്കാന്‍ ശ്രമിച്ചു. ദൂരങ്ങള്‍ ഓടി എത്താന്‍ ഈ വഴിയിലൂടെ മോന്നോട്ടു പോയാല്‍ സാധിക്കില്ല എന്ന് അയാള്‍ക്ക്‌ മനസ്സിലായി. ദാമ്പത്യമാകുന്ന വണ്ടി ഇപ്പോഴും ഓടുന്നുണ്ട് എങ്കിലും വണ്ടിയുടെ എല്ലാ സിസ്റ്റവും തകരാറിലാണെന്ന് ദൂരെ നില്കുന്നവര്‍ക്ക് പോലും മനസ്സിലാകുമായിരുന്നു . മാത്രവുമല്ല ഇപ്പോള്‍ വണ്ടിയില്‍ പുതിയ രണ്ടു യാത്രക്കാരുണ്ട്. വണ്ടിയുടെ ഡ്രൈവര്‍മാരില്‍ നിന്ന് സ്നേഹം മാത്രം കൊതിക്കുന്ന രണ്ടു കുരുന്നുകള്‍. 'എന്തിനീ ഈ ഭൂമിയില്‍ പിറന്നു വീണു' എന്ന ചിന്തയാണോ ആ മുഖങ്ങളില്‍
എന്നറിയില്ല. ഇപ്പോഴും മ്ലാനത നിറഞ്ഞിരുന്നു. കുട്ടികളുടെ അവസ്ഥ കണ്ടു അയാള്‍ക്ക് സഹതാപം ഉണ്ടെങ്കിലും അയാളുടെ നേര്‍ പകുതിയെന്നു വിശേഷിക്കപെടുന്ന ആ പകുതിക്ക് കുട്ടികള്‍ എന്നാല്‍ ബ്രോയിലെര്‍ ചിക്കന്‍ പോലെ, കീ കൊടുത്ത് ഓടുന്ന പാവകള്‍ പോലെ, സാധു ജന്മങ്ങള്‍.

മഴയും കോളുമുള്ള ആ ദിവസം വണ്ടി വന്‍ അലര്‍ച്ചയോടെ നിന്നു. നന്നാക്കാന്‍ ഇരുവര്‍ക്കും ആഗ്രഹമില്ല. രണ്ടു പേരും നടന്നകലാന്‍ തീരുമാനിച്ചു കയ്യില്‍ ഓരോ കുട്ടിയും, മറ്റു കുട്ടിക്കായി കോടതിയില്‍ കാണാമെന്ന വെല്ലു വിളികളുമായി. പലരുടെയും നിര്‍ബന്ധ പ്രകാരം വര്‍ക്ക് ഷാപ്പില്‍ നിന്നു ആളെത്തി പരിശോധിച്ചു എങ്കിലും വണ്ടി ചലിക്കാന്‍ കൂട്ടാക്കിയില്ല. ദിവസങ്ങള്‍ കൊഴിഞ്ഞു വീണു കോടതി വിധി വന്നു, കുട്ടികളെ പങ്കിട്ടെടുക്കാന്‍ഉത്തരവായി കുറച്ചു കാലം അവിടെയെങ്കില്‍ കുറച്ചുകാലം ഇവിടെ. കുട്ടികള്‍ വളരുന്നു, സ്വാഭാവികമായി ഒരാള്‍ അച്ഛനെയും ഒരാള്‍ അമ്മയെയും ഏറെ സ്നേഹിച്ചു. ആ സ്നേഹചൂടില്‍ സഹോദര സ്നേഹം നഷ്ടമായി. ഒരേ ചോരയില്‍ പിറന്നവര്‍, ഒരേ ജീവിത സാഹചര്യത്തില്‍ വളര്‍ന്നവര്‍, ജീവിതത്തിന്റെ ദുര്‍ഗന്ധം മാതാപിതാക്കളില്‍ നിന്നു ഒരേ സമയം മണത്തവര്‍, അവര്‍ക്കിടയിലും ചേക്കേറി ഇഷ്ടാനിഷ്ടങ്ങളുടെ കറുത്ത വിഷം.



മകളുടെ വിവാഹ വേദി, അച്ഛന്റെ മകള്‍ എന്ന് പേരെടുത്ത അവള്‍ക്കു അമ്മ ഹാളിലെ
ഏതോ മൂലയില്‍ നിര്‍വികാരതയോടെ ആശംസ അര്‍പ്പിച്ചു. തൊട്ടു തൊഴാന്‍ അമ്മയുടെ
പാദങ്ങള്‍ ആഗ്രഹിച്ച മകള്‍ അല്പം കണ്ണ് നീര്‍ തുള്ളി മണ്ണില്‍ ഇറ്റിച്ചു പുതിയ ജീവിതത്തിലേക്ക് യാത്രയായി. ആ വണ്ടി ചലിച്ചു കഴിഞ്ഞിരിക്കുന്നു.



വാര്‍ദ്ധക്യത്തിലേക്ക് കടന്ന അയാള്‍ എപ്പോഴോ അറിഞ്ഞു തന്റെ മകന്റെ കല്യാണം കഴിഞ്ഞു എന്ന്. മകളുടെ കല്യാണത്തിന് അവളെ വിളിക്കുകയെങ്കിലും ചെയ്തു, എന്നാല്‍ എന്റെ രക്തം ഒഴുകുന്ന തന്റെ മകന്റെ കല്യാണം താന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒന്ന് കാണുക പോലും ചെയ്യാതെ, അയാള്‍ വിതുമ്പി പക്ഷെ ജീവിതത്തില്‍ താന്‍ തോല്‍ക്കില്ല എന്ന ബോധം അയാളെ ശക്തനാക്കി. അയാള്‍ എന്തൊക്കയോ ആലോചിച്ചു കസേരയില്‍ മയങ്ങുകയായിരുന്നു, പെട്ടെന്ന് വീടിന്റെ
പടിയില്‍ ഒരു കാര്‍ വന്നു നിന്നു. തന്റെ മകനും മരുമകളും, അയാള്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും എന്തോ ഒരു പരിഭവം അയാളെ അതില്‍ നിന്നു പിന്തിരിപ്പിച്ചു.



'അച്ഛന്‍ ക്ഷമിക്കണം, ഞങ്ങളുടെത് രജിസ്റ്റര്‍ മാര്യേജ് ആയിരുന്നു, അമ്മ വീട്ടില്‍ കയറ്റിയില്ല, രണ്ടു ആഴ്ച സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു, എപ്പോള്‍ ഞങ്ങള്‍ക്ക് പോകാന്‍ മറ്റു സ്ഥലമില്ല'



അവര്‍ അയാളുടെ കാലില്‍ വന്ദിച്ചു, അയാള്‍ അവര്‍ക്ക് അകത്തേക്ക് കടക്കാനുള്ള അനുമതി നല്‍കി. അയാള്‍ അവളെ പറ്റി ഓര്‍ത്തു, സ്വന്തം ജീവിതം നഷ്ടപ്പെടുത്തി, സമ്പാദ്യമായി ഉണ്ടായിരുന്ന ഏക മകനും ഇപ്പോള്‍ എന്റെ കൂടെ, അവള്‍ ആകെ തകര്‍ന്നിട്ടുണ്ടാവും.



പിറ്റേന്ന് രാവിലെ തന്നെ മകളും മരുമകനും വിവരം അറിഞ്ഞെത്തി. യുവജനങ്ങളുടെ ഒത്തു ചേരല്‍ ആ വീടാകെ ഉല്‍ത്സവമയാമാക്കി. കളിയും ചിരിയും ബഹളങ്ങളും എല്ലാം ഉള്ളില്‍ നിന്ന് കേള്‍ക്കാം. പക്ഷെ അയാളുടെ ചിന്ത അവളെ പറ്റി ആയിരുന്നു. ഇവര്‍ ആരും സ്വന്തം അമ്മയെ പറ്റി ചിന്തിക്കാത്തതെന്താ? അയാള്‍ അത്ഭുദം കൂറി. ഇവരേക്കാള്‍ സ്നേഹമായിരുന്നോ എനിക്കവളോട്? എന്തായാലും പാവം ഇനിയെന്താ ജീവിതത്തില്‍ ബാക്കി ഉള്ളത്.



സന്ധ്യ ആകാറായി, അച്ഛനെ കാണുന്നില്ല, ഉച്ചക്ക് ഊണ് കഴിഞ്ഞു ഇറങ്ങിയതാണ്. അച്ഛന്റെ ദിനചര്യ വശമില്ലാത്തത് കൊണ്ട് അവര്‍ക്ക് അയാള്‍ എവിടെ പോയി എന്ന് ഊഹിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരും അച്ഛനെ പ്രതീക്ഷിച്ചു ഉമറത്തു തന്നെ ഉണ്ട്. ഗേറ്റ് കടന്നു ഏതോ ഒരു സ്ത്രീ നടന്നു വരുന്നു. അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 'അമ്മ'. വന്ന പാടെ അവര്‍ കയര്‍ത്തു.



'എവിടെ നിങ്ങളുടെ അച്ഛന്‍?', 'എന്റെ ജീവിതം നശിപ്പിച്ച അയാള്‍ എന്റെ മക്കളെയും തട്ടി എടുത്തു', 'ഇനി ഒരിക്കലും നിങ്ങള്‍ ആരും എന്നെ കാണാന്‍ വരരുത്, ഞാന്‍ മരിച്ചു എന്നറിഞ്ഞാല്‍ പോലും'. അവര്‍ വന്നു കയറിയ സ്പീഡില്‍ തിരിച്ചു പോകാന്‍ ഒരുങ്ങി. 'അമ്മേ, ഇരു കയ്യിലും രണ്ടു മക്കളും പിടിച്ചു' അവര്‍ കുതിറാന്‍ ശ്രമിച്ചു എങ്കിലും പ്രായം അവരെ ദുര്‍ബല ആക്കിയിരുന്നു. അവരുടെ ശക്തി നഷ്ടപ്പെടുന്നത് പോലെ തോന്നി, അവര്‍ തളര്‍ന്നിരുന്നു. മക്കള്‍ അവരെ ഉള്ളില്‍ കട്ടിലില്‍ കിടത്തി. അവര്‍ എന്തൊക്കയോ പുലമ്പുന്നുണ്ടായിരുന്നു. അവര്‍ എങ്ങനയോ മയങ്ങി.



അര മണിക്കൂറിനു ശേഷം അച്ഛനും എത്തി, കയ്യില്‍ കുറെ മരുന്നുകളുമായി.



'എന്ത് പറ്റി അച്ഛാ'



'ഒന്ന് പുറത്തിറങ്ങിയതാ മക്കളെ, പെട്ടന്നൊന്നു തളര്‍ന്നു, ആരോക്കയോ ആശുപത്രിയില്‍ കൊണ്ട് പോയി, അവിടെ നിന്ന് കിട്ടിയ മരുന്നാണ്''



'അച്ഛന്‍ വന്നു കിടക്കു, നാളെ സംസാരിക്കാം'



'പറ്റില്ല എനിക്ക് സംസാരിക്കണം, എനിക്ക് അവളെ കാണണം, നിങ്ങളുടെ അമ്മയെ, അവള്‍ വല്ലാതെ വിഷമിച്ചിരിക്കുന്നുണ്ടാവും, പണ്ട് മകനെങ്കിലും അവള്‍ക്കു കൂട്ടുണ്ടല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു, ഇന്നവള്‍ക്ക് ആരാ, നിങ്ങള്‍ പോയി അവളെ വിളിക്കണം, ഞാന്‍ അവളോട്‌ ക്ഷമിച്ചു എന്ന് പറയണം അല്ല മാപ്പപേക്ഷിച്ചു എന്ന് പറയണം, പ്ലീസ്, എപ്പോള്‍ തന്നെ പോകൂ, പ്ലീസ്'



പുറത്തെ ശബ്ദം കേട്ട് അവര്‍ പുറത്തെത്തിയിരുന്നു, അയാളുടെ സംസാരം മുഴുവനും അവര്‍ കേട്ടിരുന്നു, അവര്‍ പതുക്കെ നടന്നു അയാളുടെ അടുത്തെത്തി, അയാളുടെ കാലില്‍ പിടിച്ചു പൊട്ടി കരഞ്ഞു. അവരുടെ സ്നേഹ മുഹൂര്‍ത്തങ്ങള്‍ക്ക് അവസരം നല്‍കി മക്കള്‍ അകത്തേക്ക് വലിഞ്ഞു.



ജീവിതത്തില്‍ എന്ന് വരെ കാണാത്ത അച്ഛന്റെയും അമ്മയുടെയും വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷിയായി അവര്‍ ജീവിതത്തിലെ ഒരു വല്യ പാഠം അനുഭവിച്ചു പഠിക്കുകയായിരുന്നു. വികാര വിചാരങ്ങളെ മതിക്കുന്ന ഉര്‍ജ്സലമായ യൗവനവും കടന്നെത്തുന്ന ഒരു പ്രായം ഉണ്ട്, അന്നെങ്കിലും ഓടിക്കാന്‍ നിങ്ങളുടെ വണ്ടി വില്‍ക്കാതെ സൂക്ഷിക്കുക. (അതായത് വേര്‍പിരിയാതെ കാത്തിരിക്കുക).



NB:
ഞാന്‍ കണ്ട ഒരു ജീവിത കാഴ്ച, അവരോടുള്ള ആദരവിനായി ഞാന്‍ കഥാപാത്രങ്ങള്‍ക്ക്
പേരോ, കഥക്ക് കാല്പനികതയുടെ കാവ്യ ഭംഗി നല്‍കാനോ ശ്രമിച്ചിട്ടില്ല.


No comments:

Post a Comment