Tuesday 2 March 2010

എനിക്കും ജീവിക്കണം..എവിടെ?

 

നേരം പുലര്‍ന്നെന്നു തോന്നുന്നു, ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. വീട്ടില്‍ വാച്ചോ ക്ലോകോ ഇല്ല, എന്നിരുന്നാലും മുറ്റത്തിറങ്ങി നിന്നാല്‍ സ്കൂള്‍ കുട്ടികളുടെയും, ജോലിക്ക് പോകുന്നവരേയും കണ്ടു നിന്നാല്‍ കൃത്യം എത്ര സമയം ആയി എന്ന് മനസ്സിലാവും. ചെല്ലപ്പനാശാരി ആണ് അവസാനമായി ഈ ഇടവഴിയിലുടെ പോകാറു, അപ്പോള്‍ സമയം ഒമ്പത് മണി ആയിട്ടുണ്ടാവും. അത് ഴിഞ്ഞിട്ടാണ് എന്റെ കുളിക്കാനായുള്ള യാത്ര. പതിവ് പോലെ ഞാന്‍ മുന്‍വശത്തുള്ള ചെറിയ ഗേറ്റില്‍ ചാരി വഴി പോക്കരെ കണ്ടു നില്‍ക്കുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ കാര്യം അമ്മ അറിഞ്ഞിട്ടുണ്ടാവില, അല്ലെങ്കില്‍ ഒരു ചായ എത്തിയേനെ. ഇന്നു പ്രതേകിച്ചു ചായയൊന്നും കുടിക്കാനുള്ള മൂട് ഇല്ലാത്തതിനാല്‍ ഞാന്‍ എഴുന്നേറ്റ കാര്യം അമ്മയോട് വിളിച്ചു പറഞ്ഞില്ല. ചില സ്കൂള്‍ കുട്ടികള്‍ വലിയ ബാഗ് എറ്റി നടക്കുന്നത് കാണുമ്പോള്‍ കൌതകതോടൊപ്പം വേദനയും ഉണ്ടാകാറുണ്ട്. പക്ഷെ ഭാവിയില്‍ ഇവര്‍ ചുമക്കാനുള്ള ജീവിത ചുമട് ഓര്‍ക്കുമ്പോള്‍ ഇതെല്ലാം സംഭവം നിസാരം.
ചിലപ്പോള്‍ എന്റെ മുന്‍പിലൂടെ നടന്നു പോകുന്ന നിഷ്കളങ്ക മുഖമുള്ള സദാ ചിലക്കുന്ന ഈ കുട്ടികള്‍ നാളെ ഒരു പക്ഷെ അധ്യാപകരോ, ഉദ്യോഗസ്ഥരോ, പ്രോഫഷനലുകളോ, നാട് ഭരിക്കുന്ന നേതാക്കളോ ഒക്കെ ആയിരിക്കാം. ഭാഗ്യം ആരും എന്നെ പോലെ ആകില്ല. അത് പറഞ്ഞപ്പോഴാ ഞാന്‍ സുനില്‍, പത്താംതരത്തില്‍ രണ്ടു തവണ തോറ്റു, പിന്നെ ശ്രമിച്ചില്ല. അച്ഛന്‍ നേരത്തെ മരിച്ചു, അമ്മ അങ്ങനവാടി ടീച്ചര്‍ ആയിരുന്നു. എത്രയോ മക്കള്‍ക്ക്‌ ബാലപാഠം പകര്‍ന്നു
കൊടുത്ത അവര്‍ക്ക് ഇങ്ങനെ എങ്ങനെ ഒരു മകന്‍ ഉണ്ടായി ഇന്നു നിങ്ങള്‍ വിചാരിക്കും. പക്ഷെ എന്ത് ചെയ്യാം. ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷെ ഒന്നും മനസ്സില്‍ നില്‍ക്കുന്നില്ല മാത്രമല്ല പലതും എനിക്ക് മനസ്സിലായിട്ടെയില്ല. പഴം കഥ ആലോചിച്ചുകൊണ്ട് നിന്ന് സമംയം പോയത്
അറിഞ്ഞില്ല, അതാ ചെല്ലപ്പനാശാരി പോകുന്നു.

'ആശാരി വൈകിയിട്ടില്ലല്ലോ അല്ലെ ? ' എന്റെ കുശലം

'ഞാന്‍ ഈ വഴിയിലൂടെ സ്ഥിരമായി പോകാന്‍ തുടങ്ങിയിട്ട് നാല്‍പതു വര്‍ഷത്തോളം ആയി, ഇതുവരെയും സമയം എന്റെ മുമ്പേ കടന്നിട്ടില്ല'

ആശാരിയുടെദ്രഡമായ വാക്കുകള്‍ ശരിക്കും എന്നില്‍ ആശ്ചര്യം ജനിപ്പിച്ചു, ഇങ്ങനെയും ആളുകള്‍ ഈ ഭൂമിയിലുണ്ടല്ലോ? ഇവര്‍ക്ക് ജീവിതത്തില്‍ ഒരു മാറ്റമൊക്കെ വേണ്ടേ? ഒരു ദിവസം നമ്മുടെ ഇഷ്ടത്തിനോത്തു മറ്റൊന്നും ചിന്തിക്കാതെ ചിലവഴിച്ചൂടെ? അല്ലെങ്കില്‍ ഇദ്ദേഹം നാല്‍പതു വര്‍ഷമായി സ്ഥിരമായി പണിക്കു പോകുന്നു, അയാളുടെ വീട് പഴയ ആ വീട് തന്നെയാണല്ലോ? ഒരു മാറ്റവും ഉണ്ടായിട്ടില്ലല്ലോ? ഇപ്പോള്‍ ചോദിച്ചാലും അയാള്‍ക്ക് എന്തെങ്കിലും കടങ്ങള്‍ ബാക്കിയുണ്ടാവും, അയാളുടെ വസ്ത്രങ്ങള്‍ക്ക് പോലും ഒട്ടും മാറ്റം വന്നിട്ടില്ല. പിന്നെ എന്തിനാണ് ഇദ്ദേഹം ഇങ്ങനെ അദ്ധ്വാനിക്കുന്നത് , ഞാന്‍ ആലോച്ചിച്ചു നില്‍ക്കുന്നതിനിടയില്‍ അമ്മ വിളിച്ചു.

'രാവിലെ തന്നെ വായിനോക്കി നില്‍ക്കാതെ വന്നു ചായ കുടി?'

ഞാന്‍ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു അമ്മയുടെ അടുത്ത് എത്തി

'അല്ല അമ്മേ, എന്തിനാണ് രാവിലെ ജനങ്ങള്‍ ഇങ്ങനെ ഓടി നടക്കുന്നത്?,ഞാനും ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ടല്ലോ, ഒരു പണിയുമില്ലാത്ത എനിക്കില്ലാത്ത പ്രശ്നം എന്താണ് അവര്‍ക്കെല്ലാം?'

'ഞാന്‍ ജീവിച്ചിരിക്കുന്നത് വരെ നീ ഇങ്ങനെ ജീവിക്കും, അത് കഴിയുമ്പോള്‍ നിനക്ക് മനസ്സിലാകും എന്തിനാണ് ഇവരൊക്കെ ഓടി നടക്കുന്നതെന്ന് ?'

അമ്മയുടെ മറുപടി എനിക്കത്ര രസിച്ചില്ല,

'എന്താ അമ്മേ ഞാന്‍ ജോലിക്ക് പോകാറില്ലേ?' 'ഞാന്‍ അദ്വാനിക്കുന്ന പൈസ അമ്മയെ എല്പ്പിക്കാരില്ലേ?, പിന്നെ എന്തിനാണ് അമ്മ എന്നെ കുറ്റപ്പെടുത്തുന്നത്?'

'അത് മോനെ നീ കൊണ്ടുവരുന്ന പൈസ എത്രയുണ്ടാകും?, അതുവച്ച് നീ എന്ത് സമ്പാദിക്കും?, നീ എങ്ങനെ ഒരു കുടുംബം നോക്കും? ആളുകളെല്ലാം നാളത്തേക്ക് വേണ്ടിയുള്ള കരുതലിലാണ്?'

'അപ്പോള്‍ അമ്മേ നാളെ അവര്‍ക്കെന്താണ് ജോലി ?'

എന്റെ ചോദ്യം അമ്മയെ പ്രകോപിപ്പിച്ചു, അവര്‍ ഞാന്‍ കുടിച്ചു വച്ച ഗ്ലാസ്സ് എടുത്തു അടുക്കളയിലേക്കു പോയി.

കുളിച്ചു കഴിഞ്ഞു പുറത്തേക്കു ഇറങ്ങണം അപ്പോള്‍ ആരെങ്കിലും എന്തെങ്കിലും പണിക്ക് വിളിക്കും അറിയുന്നതാനെങ്കില്‍ ചെയ്തു കൊടുക്കും, ദിവസവും ഇങ്ങനെ തന്നെ, എന്താണ് ആ ദിവസം സംഭാവിക്കുമെന്നത് നിശ്ചയമിലാത്ത ജീവിതം. പക്ഷെ ഈ ജീവിതത്തിലും ഉണ്ട് ഒരു ത്രില്‍. ഒരു ദിവസം വൈകി എഴുന്നേറ്റാല്‍ ആരും ചോദിക്കാനില്ല, എവിടെയെങ്കിലും പോകണമെങ്കില്‍ ലീവ് എടുക്കണ്ടാ, കാശ് കിട്ടാന്‍ മാസാവസാനം വരെ കാത്തിരിക്കണ്ട, ആരും ജോലിയില്‍ നിന്ന് പിരിച്ചു
വിടില്ല, എത്രയോ ആനന്ദകരമായ അവസ്ഥ ഞാന്‍ മനസ്സില്‍ കരുതി.

പുറത്തേക്കു പോകാന്‍ ഇറങ്ങിയപ്പോള്‍ 'കഞ്ഞി കുടിച്ചിട്ട് പോടാ' അമ്മയുടെ വിളി

'ഇല്ല അമ്മേ അത്യാവശ്യമുണ്ട്' ഞാന്‍ നടന്നു നീങ്ങി

ശരിക്ക് പറഞ്ഞാല്‍ മനസ്സില്‍ രാമേട്ടന്റെ കടയില്‍ നിന്ന് പുട്ടും പഴവും വാങ്ങി തിന്നാനുള്ള ആഗ്രഹവുമായാണ് ഇറങ്ങിയത്

'സുനി , എങ്ങോട്ടാടാ സ്പീഡില് '

'ഇതാരാ ജബ്ബാറോ, അളിയാ നീ എപ്പോ ഗുള്‍ഫീനെത്തി? നീ ആകെ തടിച്ചുട്ടോ, അറബിടെ കട്ട് തിന്നുന്നതായിരിക്കും പണിയല്ലേ'

'പിന്നെ നിന്നെ പോലെ അല്ലെ ഞാന്‍, ഞാന്‍ കടല് കടന്നു കഴിഞ്ഞാല്‍ ഡിസെന്റ് ആണ്'

'എത്ര ഡിസെന്റ് ആയാലും അളിയാ, നിന്റെ തനി സ്വരൂപം മാറുമോ?'

'മാറുമോന്നോ, പണ്ടത്തെ എന്റെ നിഴല് മാത്രമാണ് എപ്പോള്‍, ഞാന്‍ മുഴുവനായും മാറി കഴിഞ്ഞടാ'

'എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്താ നിനക്ക് പറ്റിയത് ?

'അതൊക്കെ ഞാന്‍ വിശദമായി പറയാം, ആദ്യം നമുക്കൊരു ചായ കുടിക്കാം'

ചായക്കടയിലെക്കുള്ള നടത്തതിനിടയില്‍ ജബ്ബാര്‍ എന്തെല്ലാമോ പറഞ്ഞു, നിറയെ കുലതകളും, വിഷമങ്ങളും, സംഘര്ഷങ്ങളും നിറഞ്ഞ ജീവിത കഥ, കൂടാതെ മറ്റുള്ളവരുടെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ടാണ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്നിരിക്കുന്നതെന്നും. പലതും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജബ്ബാര്‍ എന്നോട് ഹൃദയം തുറന്നപ്പോള്‍ നെഞ്ചില്‍
വല്ലാത്തൊരു നീറ്റല്‍. നമ്മള്‍ കാപ്പി കുടിച്ചു എഴുന്നേറ്റതും ജബ്ബാറിന്റെ കയ്യില്‍ നിന്ന് ബലമായി ബില്‍ പിടിച്ചെടുത്തു ഞാന്‍ പൈസ നല്‍കി. അപ്പോള്‍ അവന്റെ കണ്ണ് നി
റഞ്ഞിരുന്നു.

'ആദ്യമായാണ് ഒരാള്‍ ഗള്‍ഫുകാരന്റെ ബില്‍ അടക്കുന്നത് , അവന്റെ ശബ്ദം ഇടറി'

ഞാന്‍ പെട്ടെന്ന് ഇടപെട്ടു 'പിന്നെ നീ ഒരു ഗള്‍ഫുകാരന്‍, നീ നമ്മുടെ പറങ്കി ജബ്ബാറല്ലേ'

'ഇനി നീ എങ്ങോട്ടാ, ജബ്ബാര്‍ ചോദിച്ചു'

'കവലയിലോക്കെ കറങ്ങി നില്‍ക്കും. ആരെങ്കിലും എന്തെങ്കിലും പണിക്കു വിളിച്ചാല്‍ പോകും'

'ആരും വിളിച്ചില്ലെങ്കിലോ?'

'വീട്ടിലേക്കു പോകും'

'അപ്പോള്‍ നിന്റെ ചിലവൊക്കെ'

'എന്നില്ലെങ്കില്‍ നാളെ പണിയുണ്ടാവുമല്ലോ' എന്റെ ആത്മ വിശ്വാസത്തില്‍ ജബ്ബാര്‍ അത്ഭുതം കൂറി

'അത് റിസ്ക്‌ അല്ലേടാ'

'നിനക്ക് ഗള്‍ഫില്‍ എന്നും പണിയുണ്ടാവുമോ?'

'അത് പിന്നെ, അങ്ങനെയൊന്നും പറയാന്‍ കഴിയില്ല'

'എന്നാല്‍ അത്ര മാത്രം റിസ്കൊന്നുമില്ല, എന്റെ കാര്യത്തില്‍'

'അത് ശരിയാണ്' ജബ്ബാര്‍ തലയാട്ടി.

'എന്നാല്‍ ഞാന്‍ അങ്ങോട്ട്‌ പോട്ടടാ, നീ ഒഴിവു പോലെ വീട്ടിലേക്കു വാ ' ജബ്ബാര്‍ എന്നോട് യാത്ര ചൊല്ലി പിരിയുമ്പോള്‍ അവനെ കണ്ടപ്പോള്‍ ഉള്ളതിനെക്കാലും ഉന്മേഷം കുടിയിട്ടുണ്ടെന്നു തോന്നി'

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ തോമസ്‌അച്ചായന്‍റെ പലചരക്ക് കടയിലേക്ക് സാധനമെടുക്കാന്‍ പട്ടണത്തില്‍ എത്തിയപ്പോള്‍ വീണ്ടും ജബ്ബാറിനെ കണ്ടു 'അവനെതോ ഗൂട്സ്‌ ഓട്ടോയില്‍ അരിചാക്ക് കയറ്റുന്നത് നോക്കി നില്‍ക്കുന്നു'

'ജബ്ബാരെ, എന്താ വിശേഷം, അരിഒക്കെ മൊത്തവിലക്കാണല്ലോ വാങ്ങുന്നത്, നങ്ങള്‍ക്ക് സദ്യ തരാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ'

അവന്‍ ചിരിച്ചു

'ജബ്ബാരെ, ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കാന്‍ വേണ്ടി ഇരിക്കുവായിരുന്നു'

' എന്താ?'

'ഇപ്പോഴും ഗള്‍ഫിലേക്ക് വിസ ഒക്കെ കിട്ടുമോ'

'ആര്‍ക്കാ ..'

'എനിക്ക് തന്നെ'

ജബ്ബാര്‍ ഞെട്ടി

'നിനക്കെന്താ അങ്ങനെ തോന്നാന്‍, നീ ഇവിടെ ആസ്വദിച്ചു ജീവിക്കുകയല്ലേ'

'ജീവിതത്തില്‍ ആസ്വാദനം മാത്രം പോരല്ലോ' എന്റെ മറുപടി കേട്ട് ജബ്ബാര്‍ അമ്പരന്നു എന്ന് തന്നെ പറയാം

'നിനകറിയാമോ ഞാന്‍ അരി വാങ്ങാന്‍ വന്നതല്ല, ഇതു എന്റെ ഓട്ടോ ആണ്‌, ഞാന്‍ സാധനം കടകളില്‍ എത്തിച്ചു കൊടുക്കാന്‍ ട്രിപ്പ്‌ അടിക്കുകയാണ്', ഞാന്‍ ഗള്‍ഫിലേക്ക് മടങ്ങുന്നില്ല, ഇവിടെ ജീവിക്കാന്‍ തീരുമാനിച്ചു' ജബ്ബാര്‍ പറഞ്ഞു

'ആഹാ, ഞാന്‍ അറിഞ്ഞില്ലല്ലോ, എന്തായാലും നന്നായി, പക്ഷെ നീ എനിക്കൊരു വിസ സംഘടിപ്പിച്ചു തരണം' ഞാന്‍ വീണ്ടും പറഞ്ഞു

'നിനക്ക് ഗള്‍ഫ്‌ പറ്റിയതല്ല, അവിടെ എത്തിയാല്‍ നീ ഒരു കുരുക്കില്‍ പെട്ടതുപോലെ ആകും' ജബ്ബാര്‍ വീണ്ടും പറഞ്ഞു

'ജീവിക്കാന്‍ സാധിക്കില്ല എന്ന് തോന്നിയാല്‍ തിരുച്ചു വന്നാല്‍ പോരെ?'

'അപ്പോള്‍ നിന്റെ വിസയുടെ കാശ് നഷ്ടമാവില്ലേ'

'വിസയുടെ കാശ് നഷ്ടമാകുമെന്ന് വിചാരിച്ചു ജീവിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തിരിച്ചു വന്ന്ലേ പറ്റൂ'

ജബ്ബാറിന്റെ മുഖത്താകെ വിസ്മയം

'ജബ്ബാരെ, ഓരോര്‍ത്തര്‍ക്കും ഓരോ വിധി ഉണ്ടാവില്ലേ, ചിലപ്പോള്‍ പത്തു ചക്രം കയ്യില്‍ വന്നാലോ, ശ്രമിച്ചു നോക്കുന്നതില്‍ തെറ്റുണ്ടോ'

'നീ ശ്രമിച്ചു നോക്ക് , ഞാനിനി എന്തായാലും ഗള്‍ഫിലേക്ക് ഇല്ല' ജബ്ബാര്‍ അറുത്തുമുറിച്ചു പറഞ്ഞു

'ഞാന്‍ വെറുതെ പറഞ്ഞതാണ് മാഷേ, നീ ഇന്നലെ ഓട്ടോയില്‍ പോകുന്നത്തു ഞാന്‍ കണ്ടു, മാത്രമല്ല നിന്റെ ഉമ്മയെയും വഴിയില്‍ വച്ചു കണ്ടു, വിവരങ്ങളൊക്കെ അറിഞ്ഞു, നിന്റെ തീരുമാനത്തില്‍ നീ എത്രമാത്രം ഉറച്ചു നില്‍കുന്നെന്നു നോക്കിയതാ, നീ ധൈര്യമായി ജീവിച്ചോടാ, നിനക്ക് നങ്ങളൊക്കെ ഇല്ലെടാ ഇവിടെ എന്താവശ്യത്തിനും..'

'ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു, അവന്‍ എന്നെ ചേര്‍ത്തുപിടിച്ചു'

'സുനി വാടാ, സാധനം കയറ്റി വയ്ക്ക്, തോമാച്ചായന്റെ വിളി'

'ദാ വരുന്നു അച്ചായാ,...എന്നാല്‍ ഞാന്‍ പോട്ടടാ പിന്നെ കാണാം'

'എന്നാല്‍ ശരി'

'നീ എന്റെ വിസാ കാര്യം മറക്കണ്ടാ....'

ജബ്ബാറിന്റെ ചിരി കുറെ ദൂരം വരെ എനിക്ക് കേള്‍ക്കാമായിരുന്നു.


 

No comments:

Post a Comment