കഥകള്‍ എല്ലാം ശൂന്യതയില്‍ നിന്ന് എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ ആയിരുന്നു. തികച്ചും ആകസ്മികമായ ആശയങ്ങളായിരുന്നു. ചിലപ്പോള്‍ ഏറെ അനുഗ്രഹിച്ചും ചിലപ്പോള്‍ നിരാശപ്പെടുത്തുകയും ചെയ്തിരുന്ന വരപ്രസാദങ്ങള്‍. ആ സമ്മാനങ്ങള്‍ ഏറെയും പങ്കിടാതെ ഞാന്‍ മാത്രം വായിച്ചു നോക്കിയിട്ടുള്ളവയോ അല്ലെങ്കില്‍ പുസ്തകക്കോണിലെ കറുത്ത പുള്ളികളായി മാത്രം അവസ്ഥാന്തരം പ്രാപിച്ചവയോ ആയിരുന്നു. ചുരുക്കം രചനകള്‍ പുറം ലോകത്തിനു നുറുങ്ങു വട്ടം പോലെ തോന്നിച്ചവയായിരുന്നു.
ഇത്രയും എഴുതി അദ്ദേഹം ചാരുകസേരയില്‍ ചാഞ്ഞുകിടന്നു. അദ്ദേഹത്തിന്‍റെ തുറന്നു വച്ച തൂലിക മഷി കിനിയാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്നത് പോലെ തോന്നി. അക്ഷരങ്ങളെ ഒപ്പിയടുക്കാനായി കൂട്ടിവച്ച വെള്ളക്കടലാസുകള്‍ കാറ്റില്‍ കിതക്കുന്നുണ്ടായിരുന്നു. കട്ടന്‍ചായക്കോപ്പയിലെ ഭാവനയുടെ കൊടുങ്കാറ്റിന് ഏതോ നാടന്‍ സുഗന്ധ ദ്രവ്യത്തിന്റെ ഗന്ധം. മൂകതയുടെ അക്ഷുബ്ധതയ്ക്ക് ഏതോ വാഹനങ്ങളുടെ കാഹളങ്ങള്‍ ഭംഗം വരുത്തുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ പലതും അനുഭവങ്ങളുടെ വറുചട്ടിയില്‍ രൂപപ്പെട്ടവയായിരുന്നു. പലപ്പോഴും അനുഭവങ്ങളും കഥകളും വേര്‍തിരിച്ചറിയാത്ത വണ്ണം താദാത്മ്യം പ്രാപിച്ചിരുന്നു. അത് കൊണ്ട് തന്നെയാണ് വായനക്കാര്‍ അതിനെയൊക്കെ ഇത്രയധികം നെഞ്ചിലേറ്റിയത്. മനുഷ്യ ജീവിതത്തെ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെ സരളവും ഋജുവുമായ ശൈലിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കഥകളുടെ പ്രത്യേകത. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പറഞ്ഞു പോയ ഗതകാല ജീവിതത്തിന്‍റെ തീക്ഷണ പ്രതലങ്ങള്‍ ഗൃഹാതുരതയുടെ തുരുത്തുകള്‍ ആയിരുന്നു.
എഴുത്ത് അവസാനിപ്പിക്കുനതിനെ കുറിച്ചായിരുന്നു അടുത്തകാലത്തായി അദ്ദേഹത്തിന്‍റെ ചിന്ത. തന്‍റെ കഥാപാത്രങ്ങള്‍ക്ക് അസ്വാഭാവികമായ നന്മയുടെ മുഖം നല്‍കാന്‍ അയാള്‍ ശ്രമിച്ചിരുന്നില്ല. അത് പോലെ തന്നെ കഥകള്‍ക്കും ഒരു ദിവ്യരൂപം കല്‍പിച്ചു നല്‍കിയിരുന്നില്ല. കഥാകാരനായിരുന്ന തന്നോട് തന്നെയും അദ്ദേഹത്തിന്‍റെ നിലപാട് അങ്ങനെതന്നെയായിരുന്നു. ജീവിതം വളഞ്ഞിട്ട് അക്രമിച്ചപ്പോഴും നല്ല വളവൊത്ത ലിപിയില്‍ അത് വരഞ്ഞിട്ടു. താന്‍ അവസാനമെഴുതുന്നത് എഴുതി തുടങ്ങിയതിനെ പറ്റിയാകണമെന്നുള്ള ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്.
അദ്ദേഹം അല്പം എഴുന്നേറ്റിരുന്നു. അനുഭവങ്ങളും അനുഭൂതികളും നിരവധി തവണ സംക്രമിപ്പിച്ച ആ തൂലിക വളരെ വേഗത്തില്‍ ചലിച്ചു. അദ്ദേഹത്തിന്‍റെ ആത്മകഥാംശമുള്ള വരികള്‍ ഇങ്ങനെ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ ചെറു കുടില്‍. നല്ല മഴയത്ത് ടാര്‍പ്പോളിനില്‍ തറച്ച വെള്ളത്തുള്ളികളുടെ ശബ്ദം തന്‍റെ പ്രിയതമയുടെ പ്രസവ വേദനയുടെ ദയനീയ നിലവിളിയെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിച്ചിരുന്നു. എണ്ണം പറഞ്ഞ ആശുപത്രികള്‍ ചുറ്റുമുണ്ടെങ്കിലും ജനിച്ചു വീഴുന്ന കുട്ടിക്ക് ആദ്യമായി പുതപ്പിക്കാനുള്ള ടവ്വല്‍ പോലും വാങ്ങാന്‍ കെല്പ്പില്ലാത്ത ഒരു അച്ഛന്റെ ദയനീയ അവസ്ഥ. വയറ്റാട്ടി അല്ലെങ്കിലും നിരവധി പ്രസവങ്ങള്‍ക്ക് സാക്ഷിയായ തന്‍റെ അകന്ന ബന്ധത്തിലുള്ള ആ അമ്മായിയെ മാത്രമായിരുന്നു പ്രസവത്തിന് മുന്നൊരുക്കമായി അദ്ദേഹത്തിന് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്.
ഇത് പോലെ തന്നെ ഒരു മഴയുള്ള രാത്രിയിലായിരുന്നു ഞാന്‍ അവളെ ആ വീട്ടിലേക്കു കൈപിടിച്ചു കൊണ്ടു വന്നത്. അന്ന് വരെ തനിക്കുള്ളത് എല്ലാം ഉപേക്ഷിച്ച് അവള്‍ സ്വന്തമാക്കിയത് തന്നെയാണല്ലോ എന്ന ചിന്ത വളരെ അധികം നീറ്റലുണ്ടാക്കിയിരുന്നു. ഒരു അറുതിയും കൂടാതെ നോക്കണം എന്നൊക്കെ കരുതിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ബാധ്യതകളുടെയും അതിജീവനത്തിന്‍റെയും കൂര്‍ത്ത കല്‍പാതകളിലൂടെയുള്ള സഞ്ചാരം ജീവിതം വല്ലാതെ ചുവപ്പിച്ചു. ഒരായുസ്സില്‍ അനുഭവിക്കേണ്ട കഷ്ടപ്പാടുകള്‍ അവള്‍ അനുഭവിച്ചു.എന്നിട്ടും എന്‍റെ നെഞ്ചില്‍ ചാരി നിന്ന് കൊണ്ട് എനിക്ക് ഇതിനുള്ളിലെ സ്നേഹം മാത്രം മതി എന്ന അവള്‍ പറയുമ്പോള്‍ പാദങ്ങളിലൂടെ അരിച്ചു കയറിയ ആ മരവിപ്പ് ഇന്നും എനിക്ക് അനുഭവവേദ്യമാകുന്നു.
അകത്ത് അവളുടെ കരച്ചില്‍ ശക്തമായിക്കൊണ്ടിരുന്നു. കുഞ്ഞിന്‍റെ കരച്ചിലിനായി കാതോര്‍ത്ത് അക്ഷമനായി പുറത്ത് കാത്തു നില്‍ക്കുന്ന അച്ഛന്‍റെ റോള്‍ കഥകളിലും സിനിമയിലും കഥാപാത്രങ്ങള്‍ ചെയ്തു വച്ചതിനേക്കാള്‍ എത്രയോ വിക്ഷോഭകരമാണെന്ന് മനസ്സിലാക്കിയ നിമിഷങ്ങള്‍. കിതച്ചു കൊണ്ട് കതക് തുറന്ന അമ്മായി ഒരു അലര്‍ച്ചയോടെ എന്‍റെ കയ്യില്‍ പിടിച്ചു. 'കുഞ്ഞ് പുറത്തു വന്നു, അതിന് ജീവനില്ല മോനേ'. ഞാന്‍ ഓടി ഉള്ളില്‍ ചെന്നു. അവളുടെ കണ്ണീരാല്‍ മുങ്ങിപ്പോയ കണ്‍പോളകളില്‍ നോക്കിയപ്പോള്‍ അവള്‍ തളര്‍ന്നു കിടക്കുകയാണോ അതോ ഉണര്ന്നിരിക്കുകയാണോ എന്ന് അറിയാന്‍ കഴിയുമായിരുന്നില്ല. പൊക്കിള്‍ക്കൊടി വിച്ഛേദിച്ച കൈകുഞ്ഞുമായി ഞാന്‍ ആശുപത്രിയിലേക്ക് ഓടി. ഡോക്ടര്‍ ഉറപ്പിച്ചതോടെ ഹൃദയം നിന്ന ആ കുഞ്ഞു ശരീരം ഞാന്‍ മാറോട് ചേര്‍ത്ത് പിടിച്ച് പൊട്ടി പൊട്ടി കരഞ്ഞു. ആംബുലന്‍സില്‍ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും കാലിയായ പോക്കറ്റിന്‍റെ പ്രേരണമൂലം അത് നിരസിച്ചു ജീവന്‍ നിലച്ച ആ കുഞ്ഞു ശരീരവുമായി കിലോമീറ്ററുകള്‍ തിരികെ നടന്നു.
വീടിന്‍റെ അടുത്ത് എത്താറായപ്പോഴേക്കും വഴിയില്‍ നിന്നും പലരും എന്‍റെ കൂടെ കൂടി. പലരും കുഞ്ഞിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ ആര്‍ക്കും കൊടുത്തില്ല. വീട്ടില്‍ അര്‍ദ്ധ ബോധത്തില്‍ കിടക്കുന്ന ഭാര്യയെ എങ്ങനെ സമാധാനിപ്പിക്കും എന്ന ചിന്ത എന്‍റെ ബോധമണ്ഡലത്തെ നിരന്തരം മദിച്ചു. എന്‍റെ ചെറിയ കുടിലിനെ വിഴുങ്ങികളയുമെന്ന നിലയിലുള്ള ഒരു പുരുഷാരം മുറ്റത്ത് കാണപ്പെട്ടു. ആരോ ശക്തമായി കുഞ്ഞിനെ വാങ്ങി ഉള്ളിലേക്ക് പോയി. എന്‍റെ അശക്തങ്ങളായ പാദങ്ങള്‍ ഉള്ളിലേക്ക് പ്രവേശിച്ചു. ചുവന്നു കലങ്ങിയ കണ്ണുകള്‍ കൊണ്ട് ഞാന്‍ അവ്യക്തമായി കണ്ടു. മുറിയുടെ മധ്യത്തായി വെളുത്ത് തുണിയില്‍ മൂടി കിടത്തിയിരിക്കുന്നത് എന്‍റെ എല്ലാമെല്ലാമായ പ്രിയതമയെയായിരുന്നു. വിറങ്ങലിച്ച ആ ശരീരം മറച്ച തുണി ഉയര്‍ത്തി നോക്കിയതും തന്‍റെ കവിളിലൂടിറ്റ് വീണ അശ്രുഗണങ്ങള്‍ അവളുടെ മൂര്‍ദ്ധാവിലൂടെ ആഗിരണപ്പെട്ടു ഉള്‍വലിഞ്ഞത് വിയോഗത്തിലും കെടാത്ത ആ സ്നേഹ ബന്ധത്തിന്‍റെ മകുടമായ സാക്ഷ്യമായിരുന്നു.
ഊറിയണഞ്ഞ കണ്ണീര്‍ തടസ്സപ്പെടുത്തിയെങ്കിലും അദ്ദേഹം ഇത്രയും എഴുതി ഒപ്പിച്ചു. പേപ്പറിലേക്ക് പതിച്ച മിഴിനീര്‍ കണങ്ങള്‍ക്ക് ആ അക്ഷരങ്ങളെ വികൃതമാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം വീണ്ടും ചാരുകസേരയിലേക്ക് ചാഞ്ഞു. കണ്ണട ഒരു കയ്യിലും പേന മറ്റൊരു കയ്യിലുമായി ചാരുകസേരയുടെ കൈവരിയില്‍ കൈ അമര്‍ത്തി തല ചാരി മലര്‍ന്നു കിടന്ന് ആലോചനയിലേക്ക് കൂപ്പു കുത്തി. ചുറ്റുമുള്ള വസ്തുക്കളൊക്കെയും അദ്ദേഹത്തിന്‍റെ ഉണര്ന്നെഴുന്നേല്‍പ്പിനായി കാത്തിരിക്കുന്നു. തുറന്നു വച്ചിരുന്ന ആ തൂലിക വീണ്ടും ചലിക്കാനായി ആശിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ മുന്നില്‍ വച്ചിട്ടുള്ള ചായക്കോപ്പ പോലും ചൂട് നഷ്ടമാകാതിരിക്കാന്‍ ആഗ്രഹിക്കുന്നത് പോലെ തോന്നി. ചുറ്റും പാറി നടന്നിരുന്ന ചെറിയ ഈച്ച പോലും അദ്ദേഹത്തിന്‍റെ ചെവിയില്‍ മര്‍മ്മര ശബ്ദം നല്‍കി ഉണര്‍ത്താന്‍ ശ്രമിക്കുന്നത് പോലെ തോന്നി.
പുതച്ചു കിടത്തി സര്‍ക്കാര്‍ ബഹുമാനാര്‍ത്ഥം നടത്തിയ ആചാര വെടിക്ക് പോലും അദ്ദേഹത്തെ ഉണര്‍ത്താന്‍ കഴിഞ്ഞില്ല. ജീവിതം അദ്ദേഹത്തിന്‍റെ നെഞ്ചത്ത് ആദ്യമേ തന്നെ വച്ച് കഴിഞ്ഞ വെടിയുടെ പരിക്കുമായി കുറേ ദൂരം സഞ്ചരിച്ചു. ആ യാത്രയില്‍ ലക്ഷക്കണക്കിന് അനുവാചകരേം കൂടെ കൂട്ടി ആസ്വാദനത്തിന്റെ വികാരതീക്ഷണതകളുടെ അനുഭവ പറുദീസയില്‍ ആറാടിച്ചിരുന്നു. മറ്റൊരു ലോകത്ത് അദ്ദേഹത്തെ വരവേല്‍ക്കാന്‍ ആ കഥകളുടെ അവകാശികള്‍ തയ്യാറായി ഇരിക്കുന്നുണ്ടാവും. ആ കഥാകാരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. അനിവാര്യമായ അന്ത്യയാത്രയില്‍ യാത്രയാക്കിയ പ്രിയപ്പെട്ടവരുടെ മിഴിനീര്‍ പുഷ്പങ്ങള്‍ക്ക് മുന്‍പില്‍ ഒന്ന് പുഞ്ചിരിക്കാന്‍ മറന്നു കൊണ്ട് ആ ഉറച്ച വാക്കുകളുടെ അവകാശി ഇനി ജീവിച്ചിരിക്കുന്നത് മറ്റുള്ളവരുടെ അകക്കാമ്പിലെ സ്നേഹവിചാരങ്ങളില്‍ മാത്രം.
അസാമാന്യ എഴുത്തു നിങ്ങ പൊളി ആണ് ബായ്
ReplyDelete