Friday, 11 November 2011

Eid Trip (2011) (6/11 to 9/11) in my note..ജിദ്ദയില്‍ നിന്ന് 06/11 യാത്ര തിരിച്ചു  ജിസാന്‍, ഫുര്‍സാന്‍ ദ്വീപ്‌, അബഹ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു 09/11 രാവിലെ തിരിച്ചെത്തിയ പത്തു കുടുംബങ്ങള്‍ അടങ്ങിയ ഞങ്ങളുടെ സംഘം. രസകരമായ യാത്രാ വിവരണങ്ങളും, ചിത്രങ്ങളും, വീഡിയോയും ചുവടെ ...

ജിസാന്‍ തുറമുഖത്തു നിന്ന് ഫുര്‍സാന്‍ ദ്വീപിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന കപ്പലില്‍ നിന്നുള്ള രംഗങ്ങള്‍. ക്യാമറ അനുവദിക്കാത്തത് കൊണ്ട് പരിമിതമായി മാത്രമേ ചിത്രീകരിക്കാന്‍ കഴിഞ്ഞുള്ളൂ ..


രാത്രിയില്‍ രണ്ടു മണിക്ക് ഉറങ്ങി, പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റു തയ്യാറായി, അഞ്ചു മണിക്ക് ടിക്കറ്റ്‌ കൌണ്ടറില്‍ എത്തിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ഗേറ്റും കടന്നു പുറത്തേക്കു നീണ്ടു നില്‍ക്കുന്ന ഭീകരന്‍ ക്യൂ ആണ്. നീണ്ട മൂന്നു മണിക്കൂര്‍ കാത്തിരിപ്പിന് ഒടുവില്‍ ഒന്‍പതു മണിയുടെ കപ്പലിനു ടിക്കറ്റ്‌ ലഭിച്ചു. അതിന്‍റെ മുഴുവന്‍ ക്രഡിറ്റും ഊര്‍ജ്ജ്വസലരായ ഞങ്ങളുടെ പെണ്‍പടക്കാണ്. മുറി അറബിയുടെയും, ആവേശത്തിന്റെയും, ശബ്ദ കോലാഹലങ്ങളുടെയും പിന്‍ബലത്തില്‍ അവര്‍ നാല്പതോളം പേരുടെ ഇഖ്‌ാമ നല്‍കി ടിക്കറ്റ്‌ എടുത്തു. കപ്പലില്‍ കയറിയത് മാത്രമേ പലര്‍ക്കും ഓര്‍മ്മയുള്ളൂ ..ഒരു മണിക്കൂര്‍ സുഖ നിദ്ര ...സൂര്യന്‍ ഉച്ചിയില്‍ നില്‍ക്കുന്ന വെയിലില്‍ ഫുര്‍സാനില്‍ ലാന്‍ഡ്‌ ചെയ്തു. നേരത്തേ പറഞ്ഞു വച്ചിരുന്ന വണ്ടി ഞങ്ങളുടെ മുന്‍പേ ഇറങ്ങിയ ചില വിരുതന്‍മാര്‍ കയ്യിലാക്കി. അടുത്ത വണ്ടിക്കു കാത്തിരുന്ന ഞങ്ങളെ പട്ടാളക്കാരന്‍ രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ഗേറ്റിന്റെ പുറത്തേക്കു ഓട്ടിച്ചു വിട്ടു. നാട്ടിലെ ഒരു വലിയ പ്രകടനത്തെ അനുസ്മരിപ്പിക്കുമാറു ഞങ്ങളുടെ  സംഘം നടന്നു നീങ്ങി. അതിന്‍റെ വീഡിയോ എടുക്കാന്‍ മറന്നു പോയതു ഇത് എഴുതുമ്പോള്‍ ഒരു നഷ്ടമായി തോന്നുന്നു. 

മറ്റൊരു വണ്ടിയില്‍ നേരെ തിരിച്ചുള്ള ടിക്കറ്റ്‌ എടുക്കാനുള്ള കൌണ്ടറില്‍ എത്തി. അവിടുത്തെ തിക്കും തിരക്കും ആ ദിവസത്തെ അവസാന കപ്പല്‍ മൂന്നു മണിക്ക് മടങ്ങാന്‍ കഴിയില്ല എന്ന് മനസ്സിലാക്കി സ്പീഡ്‌ ബോട്ടില്‍ തിരിച്ചു പോകാന്‍ തീരുമാനിച്ചു. അത് വരെ ദ്വീപ്‌ കറങ്ങി കാണാനും തീരുമാനിച്ചു. രസകരമായ ഒരു കാര്യം എന്തെന്നാല്‍ ആ കപ്പലില്‍ ഇറങ്ങിയ മിക്കവരും ആദ്യം എത്തിയത് മടക്ക യാത്രക്കുള്ള ടിക്കറ്റ്‌ വാങ്ങാനാണ്. അവിടുത്തെ തിക്കിലും തിരക്കിലും മണിക്കൂറോളം നിന്നതിനു ശേഷം മൂന്നു മണിക്കുള്ള കപ്പല്‍ കിട്ടിയാല്‍ ആയി. ഞങ്ങള്‍ ആ ഉദ്യമത്തില്‍ നിന്ന് ആദ്യമേ പിന്തിരിഞ്ഞു. ആരോ അടുത്ത് ഒരു ഇന്ത്യന്‍ ഭോജനശാല ഉണ്ടന്നു പറഞ്ഞു. ഞങ്ങള്‍ വണ്ടിയില്‍ കയറി അങ്ങോട്ടേക്ക് തിരിച്ചപ്പോഴേക്കും ഈ ചര്‍ച്ച കേട്ട് നിന്ന മറ്റൊരു മലയാളി സംഘം അവിടം ലക്ഷ്യമാക്കി കുതിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും ഹോട്ടല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഞങ്ങള്‍ വിട്ടു കൊടുക്കുമോ ഞങ്ങള്‍ തറയില്‍ ഇരുപ്പ് ഉറപ്പിച്ചു. അവിടെ ജോലി ചെയ്തിരുന്ന മലയാളികള്‍ ഒന്ന് ഊറി ചിരിച്ചു കൗതുകത്തോടെ ഞങ്ങളെ നോക്കി. 


ഭക്ഷണത്തിന് ശേഷം ഫുര്‍സാന്‍ കാണാന്‍ പുറപ്പെട്ടു. വിജനവും വരണ്ടതുമായ ഭൂപ്രദേശം. കേരളത്തിന്‍റെ തൊട്ടപ്പുറത്തുള്ള പ്രകൃതിരമണീയമായ, ഊഷ്മളത തുളുമ്പുന്ന  ലക്ഷദ്വീപോ, മാലിയോ, അണ്ടമാനോ കണ്ടിട്ടില്ലാത്ത ഞാന്‍ മൈലുകള്‍ താണ്ടി ഫുര്‍സാന്‍ ദ്വീപ്‌ കാണാന്‍ എത്തി. ഭൂപ്രകൃതിയുടെ ചെറിയ വീഡിയോ താഴെ കൊടുത്തിരിക്കുന്നു.
ഇത്  കാണുമ്പോള്‍ നിനക്ക് അങ്ങനെ തന്നെ വേണം എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും..അല്ലേ ..എങ്കില്‍ തെറ്റി...ചെറിയ പ്രതീക്ഷകള്‍ക്കും ആസ്വാദനത്തിനും വഴി തുറന്നു ചില കടല്‍ തീരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ചിലത് താഴെ കൊടുത്തിരിക്കുന്നു 


മനോഹരമായി വിവിധ വര്‍ണ്ണങ്ങളില്‍  ആലേഖനം ചെയ്യപ്പെട്ടു കടന്നിരുന്ന കടലിന്‍റെ മാറില്‍ അല്‍പ നേരം നീന്തി തുടിച്ചതിനു ശേഷം, 55 കി.മി. വിസ്തീര്‍ണമായ ഫുര്‍സാന്‍ ദ്വീപ്‌ വാഹനത്തില്‍ ചുറ്റി കണ്ടു ബോട്ട് ജട്ടിയിലേക്ക് നടന്നു. അഞ്ചു കുടുംബങ്ങളായി രണ്ടു സ്പീഡ്‌ ബോട്ടില്‍ ജിസാന്‍ പോര്ട്ടിലേക്ക് തിരിച്ചു. സന്ധ്യ സമയം. ആഴ കടലുനുള്ളില്‍ തിരകളുടെ വേലി ഏറ്റങ്ങള്‍. ജീവന്‍ കയ്യില്‍ പിടിച്ചിരുന്ന ഒരു മണിക്കൂര്‍. ജീവിതത്തില്‍ ഇത് വരെ അനുഭവിച്ചിട്ടിലാത്ത ആകുലതയുടെ നിമിഷങ്ങള്‍. അമരത്തില്‍ മമ്മൂട്ടിയുടെ വഞ്ചി തിരകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നു താഴുന്നത് പോലെ ഞങ്ങളുടെ ബോട്ടും. തുടക്കത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ചുവടെ..ആഴക്കടലിലേക്ക് പ്രവേശിച്ചതും ക്യാമറയും ചിരിയും അകന്ന തീക്ഷണ മുഹൂര്‍ത്തങ്ങള്‍.ചൂടും തിരക്കും ഒഴിയാത്ത ഒരു ദിനത്തിനോടുവില്‍ ഗള്‍ഫിലെ യുറോപ്പ് എന്നറിയപ്പെടുന്ന ഹരിതതയുടെയും കോടമഞ്ഞിന്റെയും സുഖ ശീതളിമയില്‍ തല ഉയര്‍ത്തി നില്‍കുന്ന അബഹയിലേക്ക് ആ രാത്രി തന്നെ ചുരം കയറിയുള്ള യാത്ര. 

അബഹയിലെ രാവിലത്തെ കാഴ്ച അല്‍ സൂദയിലെ പിക്നിക്‌ ഏരിയ ആണ്. പകല്‍ പതിനൊന്നു മണി ആയിട്ടും കോടമഞ്ഞിന്റെ മാസ്മരികതയില്‍ ഇരുട്ട് നിഴലിച്ച മൊട്ട കുന്നുകളുടെ നെറുകയില്‍ നിന്ന് വിദൂരതയിലേക്ക് നോക്കുമ്പോള്‍ ഏതോ ഒരു നൈസര്‍ഗികതയുടെ , സാങ്കല്പികതയുടെ , അതിലുപരി ആദ്ധ്യാത്മികതയുടെ വര്‍ണ്ണ കാഴ്ചകള്‍ മനസ്സിനെ മത്തു പിടിപ്പിച്ചു.

 അബഹ വിവരണങ്ങള്‍ തുടരും....


2 comments:

  1. വിവരണം കൊള്ളാം ചിത്രീകരണം ഒരു സുഖം കിട്ടുന്നില്ല ഫോടോസാ ണെങ്കില്‍ കുറച്ചു കൂടെ നന്നായേനെ

    ReplyDelete
  2. expecting abha story soon,,,

    ReplyDelete