Sunday 18 November 2012

കോടീശ്വരന്‍





അതെ അതു തന്നെ ഉത്തരം. കമ്പ്യൂട്ടറിനോടു ലോക്ക് ചെയ്യാന്‍ പറയുമ്പോഴും അയാളുടെ മുഖത്തു ആത്മവിശ്വാസം നിഴലിച്ചിരുന്നു ...

എങ്ങും മൂകത ...കാണികളില്‍ പലരും സംഘര്‍ഷം ഒതുക്കാനാവാതെ കസേരയില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത് പോലെ തോന്നി ...
അവതാരകനായ ആ പ്രശസ്തന്‍റെ മുഖത്തേക്കായിരുന്നു  എല്ലാവരുടെയും നോട്ടം അത്രയും...
പിന്നണിയില്‍ ഏതോ സിനിമയുടെ നാടകീയ രംഗങ്ങളില്‍ എന്ന പോലെ ബാക്ക് ഗ്രൌണ്ട് സ്കോറിംഗ് .....
ഉത്കണ്ഠയുടെ നിമിഷങ്ങള്‍.... മൂകതയുടെ ശശ്മാനികത (പ്രയോഗം ആധുനികം)......
കോട്ടിട്ട അവതാരകന്‍ മെല്ലെ എഴുന്നേറ്റു ...  മുന്നിലേക്ക്‌ നടന്നു വന്നു .....
എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല...ഈ പരിപാടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍......
മുഴുവിക്കാന്‍ വിട്ടില്ല കാണികള്‍ കരഘോഷം മുഴക്കി ... ചിലര്‍ നൃത്ത ചുവടുകളിലേക്ക് നീങ്ങി... 
സ്റ്റുഡിയോയിക്കുള്ളില്‍ പൂത്തിരികളുടെയും മത്താപ്പുകളുടെയും ദൃശ്യശ്രവ്യ പ്രപഞ്ചം....
ഉത്തരം ശരിയാണ് ... പുതുപ്പാടിയില്‍ നിന്ന് വന്ന സന്തോഷ്‌ പപ്പന്‍ .. കൂടെ കൊണ്ട് പോകുന്നത് ഒരു കോടി രൂപ !
വെല്‍ ഡണ്‍ സന്തോഷ്‌ പപ്പന്‍...അവതാരകന്‍ കയ്യില്‍ പിടിച്ചു... 
സന്തോഷ്‌ പപ്പന്‍ വിങ്ങി പൊട്ടി .....
പറയു സന്തോഷ്‌ പപ്പന്‍ നിങ്ങള്‍ ഈ പണം എന്ത് ചെയ്യും?...
ഞാന്‍ ഈ പണം കൊണ്ട് ഒരു വീട് വയ്ക്കും..ഒരു കാര്‍ വാങ്ങും..സ്വര്‍ണ്ണം വാങ്ങും..ബാക്കിയുള്ളത് ഷെയര്‍ മാര്‍ക്കറ്റില്‍ ഇടും....
കരഘോഷങ്ങള്‍ പതുക്കെ നിന്നു...എല്ലാവരും അയാളുടെ സ്വാര്‍ത്ഥതയില്‍ നീരസപ്പെട്ടു ...
ഏതെങ്കിലും അനാഥാലയത്തിലോ, അഗതിമന്തിരത്തിലോ, മറ്റേതെങ്കിലും സത്കര്‍മ്മത്തിനോ അല്പമെങ്കിലും നല്‍കുമെന്ന് പറയാത്തതില്‍ കാണികള്‍ അമര്‍ഷം കൊണ്ടു ...
"ഞാന്‍ ഈ പറഞ്ഞതൊക്കെ ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ആണ്... പക്ഷേ ഇതെല്ലാം നിങ്ങളില്‍ പലരും   ചെയ്തു കഴിഞ്ഞ കാര്യങ്ങളാണ്.. എന്നിട്ടും എന്റെ ഉത്തരത്തിലെ നിങ്ങളുടെ നീരസം ഞാന്‍ വായിച്ചെടുക്കുന്നു"... സന്തോഷ്‌ പപ്പന്‍ പറഞ്ഞു നിര്‍ത്തി..
മൂകതയെ ഭഞ്ജിച്ചു അയാള്‍ തുടര്‍ന്നു....
പണത്തിനു വാങ്ങി തരാന്‍ കഴിയാത്ത പലതും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് ..വളര്‍ന്നത്‌ ഒരു അനാഥാലയത്തില്‍.. ശുഷ്കമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്നു..അപ്പോള്‍ എന്‍റെ ആഗ്രഹത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?..
കാണികള്‍ നിശബ്ദരായിരുന്നു...
ഒരു കോടിയുടെ ചെക്ക് കൈമാറിയ അവതാരകന്‍ പറയാന്‍ വന്ന വാക്കുകള്‍ വിഴുങ്ങി സ്തബ്ദനായി കാണപ്പെട്ടു ...
"ഞാന്‍ പറഞ്ഞത് പോലെ എനിക്ക് വീടും കാറും ഒക്കെ  ഉണ്ടാവും..പക്ഷേ ഈ പണം കൊണ്ടല്ല.... ഇത് ഒരു ഈശ്വരാനുഗ്രഹമാണ് ആ അനുഗ്രഹം അര്‍ഹിക്കുന്ന പരമാവധി പേര്‍ക്ക് ഞാന്‍ എത്തിക്കും...." അയാള്‍ പറഞ്ഞു നിര്‍ത്തി
അന്തരീക്ഷത്തില്‍ അലയടിച്ച കരഘോഷങ്ങള്‍ക്കിടയില്‍ നടന്നു നീങ്ങിയ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു!!

No comments:

Post a Comment