Tuesday, 13 September 2011

അവിവാഹിതരെ ഇതിലേ ....


വെറുതെ ഓരോന്നു ആലോചിച്ചു ഇരിക്കുമ്പോഴാണു  ഇന്നത്തെ പത്രം കണ്ണില്പെട്ടത്. ഇന്ന് ആണ് സ്പെഷ്യല്‍ വൈവാഹിക  പംക്തി ഉള്ള ദിവസം. ഒരു തമാശക്കു പറ്റിയ പൈങ്കിളികള്‍ വല്ലതും ഉണ്ടോയെന്നു പരത്തി. വയസ്സ് ഇരുപത്തിമൂന്നേ ആയിട്ടുള്ളൂ. വിവാഹം എന്നതു വിദൂരസാധ്യമായ ഒരു കാര്യം തന്നെയാണ്, എന്നിട്ടും ഒരു ആകാംക്ഷയോടെ പത്രത്തിനുള്ളില്‍ ഊളിയിട്ടു. ഇത്രയധികം പെണ്‍കുട്ടികള്‍ വരനെ തേടുന്നു എന്നുള്ളത് എന്നില്‍ കൗതുകം ഉണര്‍ത്തി. വെളുത്ത് സുന്ദരിമാരായ പെണ്‍കുട്ടികള്‍ മാത്രമേ വരന്‍മാരെ തേടുന്നുള്ളൂ എന്ന് ഈ പരസ്യങ്ങള്‍ കണ്ടാല്‍ തോന്നി പോകും. പല വരികള്‍ക്കിടയിലൂടെ വായിച്ചെങ്കിലും ഒന്നും മനസ്സില്‍ തട്ടിയില്ല. മാത്രമല്ല എല്ലാം ഒരു ജാട ടീംസ് ആണെന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്തു. 'സമ്പന്ന, കുലീന, മതനിഷ്ഠ എന്നീ മലയാള പദങ്ങളും, Tally, wheatish slim, fair, good looking, professional എന്നീ ഇംഗ്ലീഷ്  പദങ്ങളും നിരത്തി വച്ചിരിക്കുന്നു. ഓരോന്നോരോന്നായി വായിച്ചു ബോര്‍ അടിച്ചിരിക്കുമ്പോഴാണ് ഒരു പരസ്യത്തില്‍ കണ്ണുടക്കിയത്.


"മുസ്ലിം യുവതി (20/5'4"), നല്ല ഭംഗി, നല്ല സാമ്പത്തികം, നല്ല വിദ്യാഭ്യാസം, നല്ല മതനിഷ്ഠ, അനുയോജ്യരായ തത്തുല്യയോഗ്യരെ ക്ഷണിക്കുന്നു"

ഹാവൂ, എല്ലാം ഒന്നില്‍ തന്നെ ഒത്തുണങ്ങിയ ഒരു പെണ്ണിനെ ഇനി കിട്ടില്ല. ഇനി കല്യാണ പ്രായം എത്തിയാല്‍ തന്നെ ഇങ്ങനെ ഒരു ആലോചന വരുകയും ഇല്ല. ഭരണഘടന ഇരുപത്തിയൊന്നാം വയസ്സില്‍ വിവാഹം ചെയ്യാന്‍ അനുമതി നല്കിയിട്ടും ഇരുപത്തിമൂന്നാം വയസ്സില്‍ താന്‍ വിവാഹം ചെയ്യാന്‍ പോകുന്നത് തടയുന്നവരെ ഒന്നു കാണണം എന്ന ആത്മ സ്വാന്തനത്തോടെ ആ കടലാസു കക്ഷണം കീറി പോക്കറ്റില്‍ ഇട്ടു. ഇടയ്ക്കിടയ്ക്ക് ആ തുണ്ടു കടലാസു കയ്യിലെടുത്തു അതിലുള്ള ഫോണ്‍ നമ്പര്‍ കാണാതെ പഠിച്ചു.

ആരും അടുത്തില്ലെന്നു ഉറപ്പു വരുത്തി മൊബൈല്‍ഫോണ്‍ എടുത്തു. നമ്പര്‍ കറക്കുന്നതിനിടയില്‍ ഒന്നു കൂടി ആ കടലാസു കക്ഷണം വായിച്ചു നോക്കി. 'അനുയോജ്യരായ  തത്തുല്യയോഗ്യരെ  ക്ഷണിക്കുന്നു'. അത് വരെ ശ്രദ്ധിക്കാതിരുന്ന പോയിന്റ്‌ അപ്പോഴാണ് ബുദ്ധിയില്‍ കത്തിയത്. ഭംഗി: 'കണ്ണാടിയുടെ മുന്നില്‍ നിന്നു അല്പം ചരിച്ചു  മുടി വകന്നു ഒരു തോള്‍ അല്പം താഴ്ത്തി ചെറുതായി ആട്ടിയപ്പോള്‍ ഒരു മോഹന്‍ലാല്‍ സ്റ്റൈല്‍ തന്നെ തോന്നിപ്പിച്ചു. വിദ്യാഭ്യാസം: M.A. ഒരു കുറഞ്ഞ വിദ്യാഭ്യാസമായി ഒരിക്കലും തോന്നിയിട്ടില്ല. സാമ്പത്തികം: ഒന്നും ഇല്ലെങ്കിലും ഒരു വീട് സ്വന്തമായി ഉണ്ടല്ലോ. മതനിഷ്ഠ: വെള്ളിയാഴ്ച പള്ളിയില്‍ വരുന്നവര്‍ ആരും 'അവസാന നിമിഷം പാഞ്ഞു കയറി, ഒന്നാം സഫ്ഫിലേക്ക് ചാടി ചാടി പോകുന്ന' എന്നെ മറക്കാന്‍ ചാന്‍സ് ഇല്ല.

രണ്ടും കല്പിച്ചു നമ്പര്‍ ഡയല്‍ ചെയ്തു. അങ്ങേ തലക്കല്‍ നിന്നും ഒരു കിളി നാദം.

"ഹലോ"

ഇടറിയ കണ്ട്ഠത്തോടെ ഞാന്‍

"അസ്സലാമു അലൈക്കും"

"വാലൈക്കുംസ്സലാം" അങ്ങേത്തലക്കല്‍ കിളി നാദം

ആ നാദത്തില്‍ മയങ്ങി നിന്ന എന്നെ ഒരു ചോദ്യം ഉണര്‍ത്തി

"ആരാ?"

"ഞാന്‍....." വാക്കുകള്‍ മുഴുവിക്കാന്‍ കഴിഞ്ഞില്ല

"ആരാ?" (വീണ്ടും)

"പത്രത്തില്‍ പരസ്യം കണ്ടു വിളിക്കുകയാ.." ഞാന്‍  പറഞ്ഞു ഒപ്പിച്ചു 

"ഞാന്‍ വാപ്പാക്ക് കൊടുക്കാം"

എന്‍റെ മനസ്സില്‍ ഒരു കുളിരു വീണത്‌ പോലെ. ഇതു തന്നെ കഥാപാത്രം ഞാന്‍ ഉറപ്പിച്ചു. ഇഷ്ടായി നൂറു വട്ടം ഇഷ്ടായി ഞാന്‍ മനസ്സില്‍ പറഞ്ഞു.

"ഹലോ"

ഫോണ്‍ തലക്കല്‍ ഒരു പരുക്കന്‍ ശബ്ദം


അല്പം ഗൗരവം സംഭരിച്ചു

"ഹലോ"

"ആരു വിളിക്കുന്നത്‌" തോക്കില്‍ നിന്നു ഉണ്ട വരുന്നത് പോലെയുള്ള ചോദ്യം.

"ഇതു വളപ്പാട്ട് അബ്ദുറഹ്മാന്‍ ഹാജി" ('യുടെ മകന്‍' എന്നു മനസ്സില്‍ പറഞ്ഞു)

ആദ്യമായിട്ടായിരിക്കും വാപ്പായുടെ പേര് പറഞ്ഞു മകന്‍ കല്യാണം ആലോചിക്കുന്നത്

"മകന്‍ എന്ത്‌ ചെയ്യുന്നു" ചോദ്യം പെട്ടെന്നായിരുന്നു

ജോലിയും കൂലിയുമില്ലാത്ത ഒരു മകന്‍റെ വാപ്പായുടെ വേദന ഞാന്‍ അറിഞ്ഞു

"അവന്‍ PSC ലിസ്റ്റില്‍ ഉണ്ട്" ഒരു യമകണ്ടന്‍ നുണ പറഞ്ഞൊപ്പിച്ചു

പിന്നീട് അങ്ങേ തലക്കല്‍ സ്നേഹം കൊണ്ട് ഒരു വീര്‍പ്പുമുട്ടിക്കല്‍ ആയിരുന്നു.

ഒരു വലിയ നാടകത്തിലെ കര്‍ട്ടന്‍ വീണപോലെ അങ്ങേത്തലക്കല്‍ ഫോണ്‍ വച്ചു. ഞാന്‍ ഉച്ചത്തില്‍ ശ്വാസം വിട്ടു.വീട്ടഡ്രസ്‌ കൊടുത്തു. വൈകുന്നേരം വീട്ടില്‍ വരം എന്ന ഉറപ്പും കിട്ടി.

പടച്ചോനെ ഒരാവേശത്തില്‍ എന്തൊക്കെയോ ചെയ്തു. ഇനി എന്തും സംഭവിക്കാം. ഇന്നു വൈകുന്നേരം വീട്ടില്‍ ഒരു ന്യൂസ്‌അവര്‍ നടക്കും. പി. സി. ജോര്‍ജ്ജിനെ പോലെ വാപ്പ ചാടി വീഴുമ്പോള്‍ പിടിച്ചു നില്‍കാന്‍ ഷാനവാസിന്റെ ബുദ്ധിയെങ്കിലും തരണേന്നു പ്രാര്‍ത്ഥിച്ചു. വൈകുന്നേരം എവിടേക്കെങ്കിലും മാറി നില്‍ക്കണം. ഏറെ ഇരുട്ടിയിട്ടു വീട്ടില്‍ എത്തിയാല്‍ മതി.

ധൃതിയില്‍ ഡ്രസ്സ്‌ മാറ്റി പുറത്തേക്കുള്ള എന്റെ യാത്ര കണ്ടു ഉമ്മ സ്ഥിരം അനുഗ്രഹം ചൊരിഞ്ഞു

"എവിടെയാ ഇന്നു തെണ്ടിത്തിരിയല്‍"

ഇവര്‍ എന്റെ ഉമ്മ അല്ലായിരുന്നെങ്കില്‍ തെണ്ടികളുടെ അസോസിയേഷനില്‍ എന്നേ ഞാന്‍ പരാതിപ്പെടുമായിരുന്നു.

പക്ഷേ ഒട്ടും നീരസം മുഖത്തു കാട്ടാതെ പുഞ്ചിരിച്ചു കൊണ്ട്

"ഒരു ജോലിക്കാര്യത്തിനു ഒരാളെ കാണാന്‍ പോകുകയാ' ഉമ്മ ദുആ ചെയ്യണേ"

എന്‍റെ സൌമ്യ ഭാവം കണ്ടു ഉമ്മ അമ്പരന്നെങ്കിലും സലീം കുമാറിന്‍റെ ആദമിന്റെ മകനെ കടത്തി വെട്ടുന്ന അഭിനവപാടവത്തില്‍ പാവം ഉമ്മ വീണു.

ധൃതിയില്‍ നടന്നകലുമ്പോള്‍ ഇന്നു ആ വീട്ടില്‍ നടക്കാന്‍ പോകുന്ന പുകില്‍ ആലോചിച്ചപ്പോള്‍ കല്ലേറ് കൊണ്ട KSRTC ബസ്സിന്റെ ചില്ലുപോലെ  ഇതു നിമിഷവും  നിലം പൊത്താവുന്ന അവസ്ഥ.

തിയേറ്ററിനുള്ളില്‍ തേജാഭായി തമാശകള്‍ പൊട്ടിക്കുന്നുണ്ടെങ്കിലും എന്റെ മുഖത്ത് പഴശ്ശിരാജയിലെ അവസാന സീന് കാണുന്ന എക്സ്പ്രഷന്‍.

സിനിമ കഴിഞ്ഞെങ്കിലും ഏറെ നേരം ഠൌണില്‍ കറങ്ങി നടന്നു അവസാനത്തെ ബസ്സു പിടിച്ചു. ഉറക്കച്ചടവില്‍ തൂങ്ങിയാടുന്ന ചിലരെ കണ്ടപ്പോള്‍ അസൂയ തോന്നി. തന്‍റെ ഉറക്കം രണ്ടു ദിവസത്തേക്ക് നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ വീട്ടില്‍ സംഭാവിച്ചിട്ടുണ്ടാകും.

 ഏതു നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള കാട്ടിലൂടെ നടക്കുന്നത് പോലെ ശ്രദ്ധിച്ചു വീട്ടിനുള്ളില്‍ കടന്നു. വീടിനു മുന്നില്‍ തന്നെ ബസ്‌ നിര്‍ത്തി തന്നു. കൂടാതെ രണ്ടു ഹോണ്‍ അടിയും. വീട്ടിന്‍റെ ഉമ്മറത്ത്‌ ലൈറ്റ് തെളിഞ്ഞു. ആരെയും പുറത്തു കാണുന്നില്ല. വാതില്‍ തുറന്നു കിടക്കുന്നു.  

'ഭക്ഷണം അടച്ചു വച്ചിട്ടുണ്ട്" ഉമ്മ സോഫയില്‍ കിടന്നു പറഞ്ഞു.

"എന്തായി പോയ കാര്യം?" വീണ്ടും ചോദ്യം

"മിക്കവാറും ശരിയാവും, പക്ഷെ രണ്ടു മൂന്നു മാസം എടുക്കും"

എന്‍റെ ഉത്തരത്തില്‍ ശ്രദ്ധിക്കാതെ ഉമ്മ വീണ്ടും

"വല്ല PSC ജോലിയും ആണോ?"

എനിക്കെന്തോ ചീഞ്ഞു മണത്തു, പക്ഷെ അത് കേള്‍ക്കാത്തത് പോലെ ഉള്ളിലേക്ക് വലിഞ്ഞു.

"നിനക്കെത്ര വയസ്സായി?"

പുറകില്‍ നിന്നു ആ ചോദ്യം കേട്ടു ഞാന്‍ ചെറുതായി പതറി, വാപ്പ പുറകില്‍

"എന്താ വാപ്പ, ഇപ്പം ഒരു വയസ്സിന്റെ കണക്ക്" തെല്ലും പതര്‍ച്ച ഇല്ലാതെ എന്റെ മറുപടി

"പത്ത്  അമ്പത്തഞ്ചു വരും അല്ലേ?"

"അതു വാപ്പാടെ വയസ്സല്ലേ!" ഞാന്‍ പറഞ്ഞൊപ്പിച്ചു

"അതു തന്നെ എനിക്കു അമ്പത്തിയന്ചായി, എന്നാല്‍ എനിക്കു ആ വയസ്സുള്ള ഒരു മോനും ഉണ്ട്"

ഞാന്‍ ഒന്നും മനസ്സിലാകാത്തത് പോലെ

"വാപ്പായെ രാത്രിയില്‍ ജിന്നു പിടിച്ചോ" രക്ഷപെടാനുള്ള അവസാന അടവും ഇറക്കി

"ഈ വീട്ടില്‍ മറ്റൊരു ജിന്നു വരില്ലടാ... നീ ഒരണ്ണം ഇവിടെ ഉണ്ടല്ലോ?"

"ഒന്നും മിണ്ടാതെ വാപ്പ നടന്നകന്നു.."

ഉമ്മ അപ്പോഴും സോഫയില്‍ കിടക്കുകയായിരുന്നു

"നീ അറിഞ്ഞോ ഇന്നിവിടെ നടന്നത്.."

"നിനക്കു ഒരു ആലോചനയുമായി ഒരാള്‍ വന്നു"

"എന്നിട്ട് ..ഞാന്‍ ആകാംക്ഷയോടെ ഉമ്മയെ നോക്കി"

ഉമ്മ എന്തു പറഞ്ഞു?"

"ശരി, നമുക്ക് നടത്താം എന്നു പറഞ്ഞു"

എന്‍റെ അത്ഭുതം കൂറിയ മുഖം കണ്ട ഉമ്മ ചിരിച്ചു

"ഡാ, ഹമുക്കെ.. നിനക്കു പെണ്ണു കെട്ടാന്‍ പ്രായം ആയോ?"

"ഇല്ല ..അല്ല ആയി .."

"എന്നാല്‍ കേട്ടോ ..നിന്‍റെ പൂതി നടക്കില്ല"

"അതെന്താ"

"അയാളുടെ മോളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു ആഴ്ചയായി, പത്രക്കാര്‍ അറിയാതെ വീണ്ടും പരസ്യം കൊടുത്തതാ...."

"അപ്പോള്‍ അയാളോട് ഞാന്‍  രാവിലെ സംസാരിച്ചതോ?"

"അപ്പോള്‍ നീ സംസാരിച്ചു അല്ലേ?? ..."

റബ്ബേ!..പെണ്ണും പോയി കള്ളവും പൊളിഞ്ഞു...

അണ്ണാ ഹസരയുടെ മുന്നില്‍ മുട്ടു മടക്കിയ കേന്ദ്രത്തിന്റെ അവസ്ഥയില്‍ വാക്കുകളൊന്നും പുറത്തു വരാതെ ഞാന്‍ ഇരുന്നു പോയി....

"സാരമില്ലടാ ... അടുത്താഴ്ച്ചത്തെ പത്രത്തില്‍ പുതിയ എന്തെങ്കിലും കേസ്കെട്ടുകള്‍ കാണും" ഗോളിയില്ലാത്ത പോസ്റ്റില്‍ വാപ്പയുടെ വക ഗോള്‍!!

രാവിലെ പത്രം വായിക്കാന്‍ കണ്ട നേരത്തെ ശപിച്ചു. കണ്ട സ്വപ്നങ്ങളൊക്കെ ഫ്ലോപ് ആയി..ഉണ്ടായിരുന്ന മാനവും പോയി.

'വൈവാഹിക പംക്തി ആണത്രേ വൈവാഹിക പംക്തി" എന്റെ അരിശം വാക്കുകളാല്‍ പുറത്തു വന്നു ..

"പംക്തിയെ കുറ്റം പറയണ്ട, നിന്നെ  പോലെയുള്ള വെളിവില്ലാത്തവര്‍ ചെയ്യുന്ന കുറ്റത്തിന്" വാപ്പയുടെ കമന്റ്‌!

"ഒരബദ്ധം ഏതു പോലീസുകാരനും പറ്റും" ഞാന്‍ തിരിച്ചടിച്ചു

"കല്യാണം ഒരു ഒരബദ്ധം അല്ലടാ ..അത് ഒരു ബന്ധം ആണ്"

"എന്തായാലും നീ കണ്ടു പിടിച്ചതല്ലേ നമുക്ക് ആലോചിക്കാം"

എനിക്ക് ഒന്നും മനസ്സില്‍ ആയില്ല

"ഞങ്ങള്‍ നിന്നെ കൊണ്ടു സത്യം പറയിക്കാന്‍ ശ്രമിച്ചതാ..എന്തായാലും നീ സമ്മതിച്ചല്ലോ .. ഇനി നമുക്ക് അടുത്ത പരിപാടിയിലേക്ക് കടക്കാം"

"എന്ത്?"

"നമുക്ക് ആലോചിക്കാം... നീ ബേജാറ് ആകണ്ട"

"അപ്പോള്‍ കല്യാണം കഴിഞ്ഞതല്ലേ.?"

"അല്ലടാ...ഞങ്ങള്‍ വെറുതെ പറഞ്ഞതാ"

ഞാന്‍ ഇരുന്ന കസേയില്‍ നിന്നു പൊങ്ങി ചാടി

ഡും, ഒരു വലിയ ശബ്ദത്തോടെ കട്ടിലീന്നു താഴെ! എഴുന്നേറ്റു നോക്കിയപ്പോള്‍ ഉമ്മ നീരസത്തോടെ

"ഇന്നും കല്യാണം സ്വപനം കണ്ടതാകും അല്ലേ?"

"അത് ഞാന്‍......." ഇളിഭ്യനായി ഉമ്മയെ നോക്കി

"ഇന്നെന്തായിരുന്നു ഇത്ര സ്പെഷ്യല്‍ സ്വപ്നം..താഴെ വീഴാന്‍ മാത്രം?"

"അത് ആക്ച്വലി അവളുടെ കല്യാണം കഴിഞ്ഞിട്ടില്ലയിരുന്നു"

"എന്ത്?" 

ഒരു ചമ്മിയ ചിരിയോടെ ഞാന്‍ "ഒന്നുമില്ല"

"നീ ഇങ്ങനെ ദിവസവും വീഴാന്‍ നിന്നാല്‍ നിന്‍റെ ശരിക്കുമുള്ള കല്യാണത്തിന് സ്ട്രെച്ചറില്‍ എടുക്കേണ്ടി വരുമല്ലോ.."

ആ ഡയലോഗ് എന്‍റെ സമനില തെറ്റിച്ചു 

ഞാന്‍ അടുത്തിരുന്ന പത്രത്തിലെ വൈവാഹികപംക്തി പിച്ചി ചീന്തി വലിച്ചെറിഞ്ഞു!!! 

3 comments:

 1. ഹായ് ..നന്നായി എഴുതി ...........ആശംസകള്‍

  ReplyDelete
 2. പ്രിയപ്പെട്ട ലുലു !

  വളരെ നല്ല കഥ !

  നര്‍മ്മം ഉള്ള കഥാ സന്ദര്‍ഭം .

  നല്ല അവതരണം .
  വീണ്ടും പ്രതീക്ഷിക്കുന്നു
  സ്നേഹത്തോടെ ...ആശംസകളോടെ

  ReplyDelete
 3. കിടു
  നല്ല പോസ്റ്റ്
  ആശംസകള്‍

  ReplyDelete