വര്‍ണ്ണങ്ങള്‍ വിടര്‍ത്തി എന്റെ സ്വപ്‌നങ്ങള്‍, കാഴ്ചപ്പാടുകള്‍, നിഴലുകള്‍,പ്രതീക്ഷകള്‍, ആവലാതികള്‍, നോവുകള്‍,പകലുകള്‍, ഇരവുകള്‍, ഈ ജന്മം തന്നെയും അക്ഷരക്കൂട്ടിലേക്ക് പകര്‍ത്തുമ്പോള്‍ കൂട്ടിനായി ആകാശം നിറയെ നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു, ഹൃദയം നിറയെ സ്നേഹം ഉണ്ടായിരുന്നു, ചുണ്ടില്‍ പുഞ്ചിരി ഉണ്ടായിരുന്നു, കണ്ണില്‍ നനവുകള്‍ ഉണ്ടായിരുന്നു, എന്റെ ലോകത്തേക്ക് നിങ്ങള്‍ക്കും സ്വാഗതം.....
Tuesday, 19 February 2013
Wednesday, 6 February 2013
ചിന്തയുടെ ചില വേരുകള്‍ (കവിത)
ഈ കവിത എഴുതാന്‍ ഒരു കാരണമുണ്ട്. അരക്ഷിതാവസ്ഥയുടെ സാമൂഹ്യ വശം പലപ്പോഴും തുറന്നു പറയാന്‍ മടിക്കുന്ന പല കാര്യങ്ങളിലും ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴും സമൂഹത്തിനു വിപത്തായി സംഭവിക്കുന്ന പലതും ഒരു സാമൂഹ്യവ്യവസ്ഥയുടെ അനന്തര ആഖ്യകളില്‍പ്പെട്ടതു മാത്രമാണെന്ന തിരിച്ചറിവില്ലാതെ, നാം വീണ്ടും വീണ്ടും കയങ്ങളിലും ചുഴികളിലും ചെന്നു പെടുകയാണ്.
കവിതയുടെ ചേരുവകളില്‍ നിന്ന് മാറി ആശയത്തിന്‍റെ സാമീപ്യം മാത്രം സ്വീകരിക്കണമെന്ന ആഗ്രഹത്തോടെ നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു.
കണ്ണുചിമ്മിയ നിമിഷത്തിനിടയില്‍
ഒരായിരം പൂത്തിരി
കത്തിയണഞ്ഞു കഴിഞ്ഞിരുന്നു ...
ഓര്‍മ്മവട്ടം തിരികെയെത്തിയപ്പോള്‍
മറവിയുടെ നിഗൂഢതീരം
മറുകര എത്തികഴിഞ്ഞിരുന്നു
ചിലതൊക്കെ പറയാന്‍ ശ്രമിച്ചപ്പോള്‍
കേള്‍വിക്കാരൊക്കയും
തിരികെ പറഞ്ഞു കഴിഞ്ഞിരുന്നു
കൊതിതീരുംമുമ്പേ സ്നേഹിച്ചിരുന്നവര്‍
വേരുകള്‍ ഒക്കയും
മാറ്റി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു
ഏകാന്തതയുടെ തടവറകളിലൊക്കയും
മഥിക്കുന്ന ചിന്തകള്‍
അനവസരത്തിലെ
കോമാളിയായിരുന്നു
വായിച്ച പുസ്തകതാളുകളിലൊക്കയും
വിവരിച്ച ഏടുകളള്‍
വഞ്ചനയുടെ ലിപികളിലായിരുന്നു
കാത്തുനിന്ന വഴികളിലൊക്കയും
പരിചിതരുടെ
അപരിചിത മുഖങ്ങള്‍ മാത്രമായിരുന്നു
അരികിലെത്തിയപ്പോഴും,വിദൂരതയില്‍ നോക്കി കാത്തിരിന്ന അവര്‍ക്കു
അഭിനയത്തിന്‍റെ അഭിനവ പാടവമായിരുന്നു
തിരശ്ശീലയുടെ പിന്നില്‍ നിന്നും തെറിച്ച പദാവലികള്‍ പലതും
ഞാന്‍ പറയാന്‍ കൊതിച്ചവയായിരുന്നു
വീണുടഞ്ഞ മനസ്സിന്‍റെ
അസ്ഥികള്‍ചേര്‍ത്തു
വീണ്ടും ചലിച്ച
പാദങ്ങള്‍ ഒരു ധീക്ഷണശാലിയുടെതായിരുന്നു
Lulu Zainyi
Thursday, 13 December 2012
വായന
അയാള്‍ വായനയിലായിരുന്നു എന്നും ...ഒടുങ്ങാത്ത
ആവേശമായിരുന്നു പുസ്തകങ്ങളോട്...ഓരോ വരിയും ഹൃദയത്തോട് ചേര്‍ത്തു പിടിക്കുമ്പോള്‍
ഒരു അഴിമുഖമായിരുന്നു ആ മനസ്സ് ... പുസ്തകതാളിലെ തുറന്നിട്ട ജാലകങ്ങള്‍ കാട്ടിയ മാസ്മരികത രാത്രിയുടെ
ഓരംപറ്റി എത്തിയ നിദ്രകളെ പുറംതള്ളിയിരുന്നു ... സര്‍ഗ്ഗാത്മകതയുടെ തീച്ചൂളകളില്‍ അയാള്‍ പലവട്ടം മാറ്റുരയ്ക്കാന്‍ ശ്രമിച്ചിരുന്നു .........
നിലാവും കടലും വിടപറഞ്ഞെത്തിയ പ്രഭാതങ്ങളെ അയാള്‍ വരവേറ്റതു പ്രതീക്ഷയോടെ ആയിരുന്നു ... കഥാവിഷ്കാരങ്ങള്‍
ധൈഷണികമായി സംവേദിപ്പിച്ചപ്പോള്‍ അതിന്റെ സന്ദേശങ്ങള്‍ പലതും നേരുകള്‍
തിരയുന്നവയായിരുന്നു ....
എന്നാല്‍ നാലാമിടങ്ങളില്‍ ചികഞ്ഞ നേരുകള്‍ ഏറെയും അപ്രിയങ്ങളായിരുന്നു ... അരക്ഷിതാവസ്ഥയുടെ അവസാന ആണിക്കല്ലും
ആടിയുലഞ്ഞപ്പോള്‍ തിരികെ മടങ്ങാന്‍ ആഗ്രഹിച്ചത് ... വായന തുടങ്ങിയെടുത്തു തന്നെയായിരുന്നു
..... അതുവരെ പരിചയിച്ച
ആഖ്യാന പരിസരങ്ങളില് നിന്നു മാറി തുടങ്ങിയ വായന മനസ്സിലാക്കി തന്നു ...
"കഥയല്ല ജീവിതം"
Thursday, 29 November 2012
പ്രണയതുഷാരങ്ങള്‍
വികാരവിക്ക്ഷുബ്ദതയുടെ
ആ വൈകുന്നേരം,
ചുവരുകള്‍ക്കുള്ളിലെ
വീര്‍പ്പുമുട്ടല്‍ ഒഴിവാക്കാന്‍ പുറത്തിറങ്ങി. കാലാവസ്ഥയുടെ മാറ്റം , ശൈത്യം
എത്തുന്നതിന്‍റെ സൂചനകള്‍ പ്രകൃതിയില്‍ എന്ന പോലെ മനുഷ്യരിലും അറിഞ്ഞു തുങ്ങിയിരിക്കുന്നു. ഏതോ രു മരവിപ്പിന്റെ അകമ്പടിയില്‍
അയാളുടെ മനസ്സ്
അല്‍പനേരം എവിടെയോക്കയോ സഞ്ചരിച്ചു
"എന്റെ
പ്രാണസഖീ, നീ കുറേക്കൂടി എന്നിലേക്കു ചേര്‍ന്നിരിക്കൂ. നീ കൂടുതല്‍
അടുത്തിരിക്കുമ്പോള്‍ ഈ ശൈത്യത്തിനു നമ്മെ സ്പര്‍ശിക്കാന്‍ കഴിയാതെ
പോകും" ഖലീല്‍ ജിബ്രാന്‍റെ കവിതയിലെ ഈ വരികളാണ് എല്ലാ ശൈത്യകാലത്തും
എല്ലാ കമിതാക്കളുടെയും ഊര്‍ജ്ജമെന്നു അയാള്‍ ഓര്‍ത്തെടുത്തു. ശൈത്യത്തിന്റെ തണുത്ത
കരങ്ങള്‍ മരചില്ലകളെ പുതിയ വേഷപകര്‍ച്ചയിലേക്ക് പതിയെ തള്ളിവിടുമ്പോഴുംതങ്ങള്‍ക്കു
ചുറ്റും വട്ടമിട്ടിരുന്നു സല്ലപിച്ചിരുന്ന ആ ഇണകളെ അവ മറന്നു കാണില്ല.
പ്രിയപ്പെട്ടവരുടെ കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീണ കണികകള്‍ ശൈത്യത്തില്‍ മഞ്ഞായി
അവിടെ വീണ്ടും തെളിയുന്നത് അവര്‍ നോക്കിയിരുന്നിരുന്നു.
പുല്‍ക്കൊടികളിലെ തുഷാരബിന്ദുക്കള്‍ അവരുടെ പാദസ്പര്ശങ്ങള്‍ ഇപ്പോഴും
ഓര്‍മ്മിക്കുന്നുണ്ടാവും. അവള്‍ തണുത്തുറയുമ്പോള്‍ ചൂടുപകരുന്ന കമ്പിളിയും ചേര്‍ത്തു
പിടിച്ചുകൊടുത്തു അവന്‍ എന്നും കൂടെയുണ്ടായിരുന്നു.
ഏറെ നടന്നിരിക്കുന്നു. മഞ്ഞു വീഴ്ച തുടങ്ങുന്നതിനു മുമ്പേ
തിരികെ വീട്ടില്‍ എത്തണം. ഒരു ആശ്വാസത്തിനു നടക്കാന്‍ ആരംഭിച്ചതാണെങ്കിലും
ഓര്‍മ്മകള്‍ അയാളുടെ കിതപ്പിന്‍റെ ആക്കം കൂട്ടിയിരുന്നു.
ആലിലപ്പഴങ്ങള്‍ അടര്‍ന്നു വീണു ശൈത്യം വിടപറഞ്ഞപ്പോള്‍
ബാക്കി വച്ച ഓര്‍മ്മകളില്‍ ഇന്നും അയാള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. രണ്ടു
വര്‍ഷത്തെ ഉപരി പഠനത്തിനായി യുറോപ്പില്‍ എത്തിയ അവള്‍ തിരിച്ചു പോയിട്ട് ഇപ്പോള്‍
ഒരു വര്ഷം കഴിഞ്ഞിരിക്കുന്നു. അനിവാര്യമായ മടക്കയാത്രയിലും അവര്‍ എന്തെല്ലാമോ
പ്രതീക്ഷകള്‍ പരസ്പരം പങ്കുവെച്ചിരുന്നു. ഇടക്കുള്ള വിളിയിലും
മെസ്സേജുകളിലുമായി ഇടയ്ക്കിടയ്ക്ക് ആ പ്രതീക്ഷകള്‍ ഉയര്‍ന്നുതാന്നിരുന്നു. ഏറെ ദിനങ്ങള്‍ക്കൊടുവില്‍ ഇന്നലെ
ലഭിച്ച കത്ത് അയാളുടെ പ്രതീക്ഷകളുടെ അവസാന തിരിനാളവും ഊതികെടുത്തി. അവളുടെ
വിവാഹക്ഷണകത്തായിരുന്നു അത്.
അയാള്‍ തിരികെ എത്തിയതും കിടക്കയിലേക്ക് വീണതും
ഒരുമിച്ചായിരുന്നു. രാത്രിയുടെ നിലാവില്‍ ആകാശത്ത് ഏതോ നക്ഷത്രം നോക്കി കരഞ്ഞത്
അയാള്‍ അറിഞ്ഞില്ല. ആ നക്ഷത്രത്തിന്‍റെ തുടിപ്പുകള്‍ക്ക് അയാളുടെ ഹൃദയ
വേഗതയായിരുന്നു. മറ്റൊരു പകല്‍ അയാള്‍ക്ക് അന്യമാവുകയായിരുന്നു. അടുത്ത
ശൈത്യത്തില്‍ മഞ്ഞിന്‍റെ നനുത്ത കോട പുതച്ചുറങ്ങുവാന്‍ അയാള്‍ വരും ആ
നക്ഷത്രവുമായി!
Tuesday, 27 November 2012
ഒടുവില്‍
മാറ്റിമറിച്ചിലുകളുടെ വിധിവൈപരീത്യത്തില്‍ ഞാനും
ജീവിതവീഥികളില്‍ നിര്‍വികാരതയുടെ കവചങ്ങള്‍ തീര്‍ത്ത്
ഉള്ളിലെ ശൂന്യതയുടെ മറവില്‍ വിഹായസ്സുകള്‍ കടന്ന്
തന്പോരിമകള്‍ക്കിടയില്‍ തന്മാത്രകളെ വകന്ന്
മലിനമായ ആത്മാവിഷ്കാരങ്ങള്‍ക്ക് കൈകോര്‍ത്ത്
ബിരുദങ്ങളുടെ ശീലക്കുള്ളില്‍ അറിവിന്‍റെ നഗ്നത മറച്ച്
സ്വാര്‍ത്ഥതയുടെ മെത്തയില്‍ ദിവാസ്വപ്നങ്ങള്‍ നെയത്
ഒരു ജന്മം ഉരുകിയൊലിച്ചു വലിച്ചു നീട്ടിയ ആസ്തികള്‍
നേടിതന്നതത്രയും വലിച്ചു വിട്ട ശ്വാസത്തിനിടയില്‍
അറ്റു
പോയതറിഞ്ഞപ്പോഴേക്കും മാറിപ്പോയിരുന്നു കാലവും ഞാനും!!
Sunday, 18 November 2012
കോടീശ്വരന്‍
അതെ അതു തന്നെ ഉത്തരം. കമ്പ്യൂട്ടറിനോടു ലോക്ക് ചെയ്യാന്‍ പറയുമ്പോഴും അയാളുടെ മുഖത്തു ആത്മവിശ്വാസം നിഴലിച്ചിരുന്നു ...
എങ്ങും മൂകത ...കാണികളില്‍ പലരും സംഘര്‍ഷം ഒതുക്കാനാവാതെ കസേരയില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത് പോലെ തോന്നി ...
അവതാരകനായ ആ പ്രശസ്തന്‍റെ മുഖത്തേക്കായിരുന്നു എല്ലാവരുടെയും നോട്ടം അത്രയും...
പിന്നണിയില്‍ ഏതോ സിനിമയുടെ നാടകീയ രംഗങ്ങളില്‍ എന്ന പോലെ ബാക്ക് ഗ്രൌണ്ട് സ്കോറിംഗ് .....
ഉത്കണ്ഠയുടെ നിമിഷങ്ങള്‍.... മൂകതയുടെ ശശ്മാനികത (പ്രയോഗം ആധുനികം)......
കോട്ടിട്ട അവതാരകന്‍ മെല്ലെ എഴുന്നേറ്റു ... മുന്നിലേക്ക് നടന്നു വന്നു .....
എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല...ഈ പരിപാടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍......
മുഴുവിക്കാന്‍ വിട്ടില്ല കാണികള്‍ കരഘോഷം മുഴക്കി ... ചിലര്‍ നൃത്ത ചുവടുകളിലേക്ക് നീങ്ങി...
സ്റ്റുഡിയോയിക്കുള്ളില്‍ പൂത്തിരികളുടെയും മത്താപ്പുകളുടെയും ദൃശ്യശ്രവ്യ പ്രപഞ്ചം....
ഉത്തരം ശരിയാണ് ... പുതുപ്പാടിയില്‍ നിന്ന് വന്ന സന്തോഷ് പപ്പന്‍ .. കൂടെ കൊണ്ട് പോകുന്നത് ഒരു കോടി രൂപ !
വെല്‍ ഡണ്‍ സന്തോഷ് പപ്പന്‍...അവതാരകന്‍ കയ്യില്‍ പിടിച്ചു...
സന്തോഷ് പപ്പന്‍ വിങ്ങി പൊട്ടി .....
പറയു സന്തോഷ് പപ്പന്‍ നിങ്ങള്‍ ഈ പണം എന്ത് ചെയ്യും?...
ഞാന്‍ ഈ പണം കൊണ്ട് ഒരു വീട് വയ്ക്കും..ഒരു കാര്‍ വാങ്ങും..സ്വര്‍ണ്ണം വാങ്ങും..ബാക്കിയുള്ളത് ഷെയര്‍ മാര്‍ക്കറ്റില്‍ ഇടും....
കരഘോഷങ്ങള്‍ പതുക്കെ നിന്നു...എല്ലാവരും അയാളുടെ സ്വാര്‍ത്ഥതയില്‍ നീരസപ്പെട്ടു ...
ഏതെങ്കിലും അനാഥാലയത്തിലോ, അഗതിമന്തിരത്തിലോ, മറ്റേതെങ്കിലും സത്കര്‍മ്മത്തിനോ അല്പമെങ്കിലും നല്‍കുമെന്ന് പറയാത്തതില്‍ കാണികള്‍ അമര്‍ഷം കൊണ്ടു ...
"ഞാന്‍ ഈ പറഞ്ഞതൊക്കെ ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ആണ്... പക്ഷേ ഇതെല്ലാം നിങ്ങളില്‍ പലരും ചെയ്തു കഴിഞ്ഞ കാര്യങ്ങളാണ്.. എന്നിട്ടും എന്റെ ഉത്തരത്തിലെ നിങ്ങളുടെ നീരസം ഞാന്‍ വായിച്ചെടുക്കുന്നു"... സന്തോഷ് പപ്പന്‍ പറഞ്ഞു നിര്‍ത്തി..
മൂകതയെ ഭഞ്ജിച്ചു അയാള്‍ തുടര്‍ന്നു....
പണത്തിനു വാങ്ങി തരാന്‍ കഴിയാത്ത പലതും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് ..വളര്‍ന്നത് ഒരു അനാഥാലയത്തില്‍.. ശുഷ്കമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്നു..അപ്പോള്‍ എന്‍റെ ആഗ്രഹത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?..
കാണികള്‍ നിശബ്ദരായിരുന്നു...
ഒരു കോടിയുടെ ചെക്ക് കൈമാറിയ അവതാരകന്‍ പറയാന്‍ വന്ന വാക്കുകള്‍ വിഴുങ്ങി സ്തബ്ദനായി കാണപ്പെട്ടു ...
"ഞാന്‍ പറഞ്ഞത് പോലെ എനിക്ക് വീടും കാറും ഒക്കെ ഉണ്ടാവും..പക്ഷേ ഈ പണം കൊണ്ടല്ല.... ഇത് ഒരു ഈശ്വരാനുഗ്രഹമാണ് ആ അനുഗ്രഹം അര്‍ഹിക്കുന്ന പരമാവധി പേര്‍ക്ക് ഞാന്‍ എത്തിക്കും...." അയാള്‍ പറഞ്ഞു നിര്‍ത്തി
അന്തരീക്ഷത്തില്‍ അലയടിച്ച കരഘോഷങ്ങള്‍ക്കിടയില്‍ നടന്നു നീങ്ങിയ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു!!
Wednesday, 11 July 2012
ന്യായ വിധി (മിനിക്കഥ)
കോടതിക്കൂടിനുള്ളിലും അയാള്‍ ശാന്തനായിരുന്നു. അല്ലേലും തല പോകുന്ന കേസ് ഒന്നും അല്ലല്ലോ..ചെറിയ പെറ്റി കേസ് തന്നെ..കോടതിക്ക് പുറത്തു അഞ്ഞൂറ് രൂപയ്ക്കു തീരാവുന്ന കാര്യം..എന്നിട്ടും തന്‍റെ ആത്മാഭിമാനം ഓര്‍ത്തു അയാള്‍ കുറ്റം നിരാകരിച്ചു. കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
'നിങ്ങള്ക്ക് എന്തെങ്കിലും പറയാനുണ്ടോ?'
'സാര്‍, ഈ കുറ്റം ആരോപിക്കപെടുന്ന സമയത്ത് ഞാന്‍ എവിടെ പോവുകയായിരുന്നു എന്ന് ബഹുമാനപെട്ട കോടതി മനസ്സിലാക്കണം. ഞാന്‍ അമ്മായിഅമ്മയുടെ വീട്ടില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ പോവുകയായിരുന്നു, ഇനി സാര്‍ പറ ഞാന്‍ ഓവര്‍ സ്പീഡ് ആയിരുന്നോ'
ആ കേസില്‍ പ്രതിയെ വെറുതെ വിട്ടു വിധി പ്രസ്താവിക്കുമ്പോള്‍, ആദ്യമായി തനിക്ക് ഉറപ്പുള്ള ഒരു വിധി ന്യായം പ്രസ്താവിച്ച ആശ്വാസമായിരുന്നു ജഡ്ജിയുടെ മുഖത്ത്!
Monday, 5 March 2012
Friday, 11 November 2011
Eid Trip (2011) (6/11 to 9/11) in my note..
ജിദ്ദയില്‍ നിന്ന് 06/11 യാത്ര തിരിച്ചു ജിസാന്‍, ഫുര്‍സാന്‍ ദ്വീപ്, അബഹ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു 09/11 രാവിലെ തിരിച്ചെത്തിയ പത്തു കുടുംബങ്ങള്‍ അടങ്ങിയ ഞങ്ങളുടെ സംഘം. രസകരമായ യാത്രാ വിവരണങ്ങളും, ചിത്രങ്ങളും, വീഡിയോയും ചുവടെ ...
Monday, 31 October 2011
കടത്തിന്‍റെ കരിനിഴലുകള്‍
അയാള്‍ രമേശന്‍..എനിക്കോര്‍മ്മ വച്ച കാലം മുതലേ അയാളുടെ മുഖത്ത് ഒരു ആകുലത നിഴലിച്ചിരുന്നു. അന്ന് എനിക്ക് പത്തു വയസ്സ്..ഒരു ദിവസം അച്ഛന്‍ അയാളോട് ഉമ്മറത്ത് നിന്നു കയര്‍ക്കുന്നത് ഞാന്‍ കേട്ടു
'എടൊ കടം വാങ്ങിയാല്‍ പറഞ്ഞ സമയത്ത് തിരിച്ചു തരണം, അല്ലാതെ സഹായിച്ചവനെ ദ്രോഹിക്കരുത്. താന്‍ വാങ്ങിയ പൈസയും കൊണ്ട് അല്ലാതെ ഈ വീട്ടു മുറ്റത്ത് ചവിട്ടിപോകരുത് ". അയാള്‍ തല കുനിച്ചു പടിയിറങ്ങി പോകുന്ന രംഗം ഇന്നും മനസ്സിലുണ്ട്.
Saturday, 29 October 2011
ജീവിതം: എന്ത്? എന്തിന്? എന്തായി?
ജീവിതം ചീട്ടു കളി പോലെയാണത്രേ. കളി കണ്ടു പിടിച്ചതും നിയമം ഉണ്ടാക്കിയതും നമ്മളല്ല. നമ്മുടെ കൈവശം എത്തി ചേരുന്ന കാര്‍ഡുകളെ പറ്റി നമുക്ക് ഒരു ധാരണയും ഇല്ല, എങ്കിലും നമ്മള്‍ കളിക്കാന്‍ ഉണ്ട്. ഒരു നല്ല കളിക്കാരന്‍ മോശം കയ്യാണ് (കാര്‍ഡുകള്‍) ലഭിച്ചതെങ്കിലും നന്നായി കളിച്ചു വിജയത്തില്‍ എത്തുന്നുന്നു. ഒരു മോശം കളിക്കാരന്‍ വന്നു ചേര്‍ന്ന നല്ല കയ്യ് (കാര്‍ഡുകള്‍) ആയിട്ടും പരാജയം നുകരുന്നു. അതായത് നാം എങ്ങനെ കളിക്കുന്നു എന്നതാണ് കാര്യം.
Monday, 24 October 2011
നാല് മണിക്ക് നാല് മിനിറ്റു ബാക്കി!
ഇന്നാണ് ആ ദിവസം. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം. ജീവിത സമസ്യക്ക് ഒടുവില്‍ ഒരു ഉത്തരം കിട്ടിയിരിക്കുന്നു.
നാട്ടുകാരും വീട്ടുകാരും അറിയാതെ ആ പ്രേമ നാടകം ഇതു വരെ അങ്ങനെ തഴച്ചു വളരുകയായിരുന്നു. വടക്കേതിലെ ജോണിക്കുട്ടി അവളുടെ വീട്ടില്‍ വിവരം എത്തിച്ചത് മുതല്‍ തുടങ്ങിയ സംഘര്‍ഷ ഭരിതമായ ദിന രാത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിന്‍ കൂടിനുള്ളില്‍ ഒരു ബോംബ് പൊട്ടിയത് പോലെ എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല . വാക്കേറ്റങ്ങള്‍ ഉപദേശങ്ങള്‍, ഭിഷണികള്‍, പക്ഷെ ഞാന്‍ തളര്‍ന്നില്ല, അവളെ എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു. വീട്ടു തടങ്കലിലായിരുന്നു അവളെങ്കിലും എന്‍റെ കര്‍മ്മോല്സുകത കൃത്യമായി വിവരങ്ങള്‍ അവള്‍ക്കു കൈമാറുന്നതിനു സഹായിച്ചു. ഒരു ഒളിച്ചോട്ടം. വെള്ളിയായ്ച്ച വൈകുന്നേരം നാല് മണിക്കുള്ള കൊങ്കണ്‍ എക്സ്പ്രസ്സ്, മുംബൈ എന്ന മഹാ നഗരം ലക്‌ഷ്യം. നമ്പീശന്‍ എന്ന ആത്മ സുഹൃത്തിന്റെ അടുത്തേക്ക്, വിവരങ്ങള്‍ ഞാന്‍ അവനെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. ഹൃദയമിടിപ്പോടെ അവന്‍ സമ്മതിച്ചു. ഒരാളുടെ താത്കാലിക അവധിയില്‍ ആറു മാസം ജോലി ചെയ്ത വകയില്‍ ഇരുപത്തിയയ്യായിരം രൂപ കയ്യിലുള്ള ധൈര്യത്തിലായിരുന്നു ഈ ഉദ്യമം.
Wednesday, 19 October 2011
വെറുതെ കിട്ടിയ ഈ ഉപദേശം തള്ളിക്കളയരുതേ...
ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പതിറ്റാണ്ട് ഉദിച്ചു വരുന്നതേയുള്ളൂ. കാലം ഏറെ മാറിയിരിക്കുന്നു. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന പരസ്യ വാചകത്തിനോടൊപ്പം നാട്ടുകാരുടെയും കാര്യം പറയാതിരുന്നതിന്റെ ഗുട്ടന്‍സ് എനിക്ക് മനസ്സിലായിരുന്നില്ല. ഇപ്പോള്‍ ചിലതൊക്കെ മനസ്സിലായി. ഇനിയും പലതും മനസ്സിലാകാന്‍ കിടക്കുന്നു. എന്‍റെ കഥയുംകാര്യവും ബ്ലോഗ്ഗിലൂടെ ഒരു ഉപദേശ പെരുമഴ തന്നെ നിങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്നു.
പ്രകടനം മുദ്രാവാക്യം എന്നിവ പ്രതിഷേധ മാര്‍ഗ്ഗം എന്ന് മനസ്സിലാക്കിയവര്‍ക്ക് തെറ്റി. നമ്മുടെ ഉന്നം, മെയ്‌വയക്കം, കുതിര ശക്തി, മിനിറ്റില്‍ കൂടുതല്‍ തെറി പറയാനുള്ള ജിഹ്വ ശക്തി എന്നിവ അളക്കാനുള്ള ചെറിയ ഒരു ഏര്‍പ്പാട്. പോലീസ് ലാത്തി വീശുകയാണെങ്കില്‍ ആദ്യം ചോര പൊടിയുന്ന ഭാഗം വച്ചു തടുക്കണം. തലയാണ് അത്യുത്തമം. മൂക്ക്, പല്ല് ചുണ്ട് മുതലായ ഭാഗങ്ങള്‍ ആണെങ്കില്‍ ക്യാമറ ഫോക്കസ് ചെയ്യാന്‍ എളുപ്പം. അലറിക്കരയുന്നതോ, വസ്ത്രം നഷ്ടപ്പെടുന്നതോ ഒരു കുറച്ചിലായി കാണരുത്. പോലീസുകാരന്‍ തോക്ക് എടുത്താല്‍ മാത്രം പോര വെടി വച്ചു എന്നു ഉറപ്പാക്കുക അല്ലെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ബോറടിച്ചു ക്ലാസ്സില്‍ ഇരുന്നു പഠിക്കേണ്ടി വരും.
Monday, 10 October 2011
Tuesday, 13 September 2011
അവിവാഹിതരെ ഇതിലേ ....
വെറുതെ ഓരോന്നു ആലോചിച്ചു ഇരിക്കുമ്പോഴാണു ഇന്നത്തെ പത്രം കണ്ണില്പെട്ടത്. ഇന്ന് ആണ് സ്പെഷ്യല്‍ വൈവാഹിക പംക്തി ഉള്ള ദിവസം. ഒരു തമാശക്കു പറ്റിയ പൈങ്കിളികള്‍ വല്ലതും ഉണ്ടോയെന്നു പരത്തി. വയസ്സ് ഇരുപത്തിമൂന്നേ ആയിട്ടുള്ളൂ. വിവാഹം എന്നതു വിദൂരസാധ്യമായ ഒരു കാര്യം തന്നെയാണ്, എന്നിട്ടും ഒരു ആകാംക്ഷയോടെ പത്രത്തിനുള്ളില്‍ ഊളിയിട്ടു. ഇത്രയധികം പെണ്‍കുട്ടികള്‍ വരനെ തേടുന്നു എന്നുള്ളത് എന്നില്‍ കൗതുകം ഉണര്‍ത്തി. വെളുത്ത് സുന്ദരിമാരായ പെണ്‍കുട്ടികള്‍ മാത്രമേ വരന്‍മാരെ തേടുന്നുള്ളൂ എന്ന് ഈ പരസ്യങ്ങള്‍ കണ്ടാല്‍ തോന്നി പോകും. പല വരികള്‍ക്കിടയിലൂടെ വായിച്ചെങ്കിലും ഒന്നും മനസ്സില്‍ തട്ടിയില്ല. മാത്രമല്ല എല്ലാം ഒരു ജാട ടീംസ് ആണെന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്തു. 'സമ്പന്ന, കുലീന, മതനിഷ്ഠ എന്നീ മലയാള പദങ്ങളും, Tally, wheatish slim, fair, good looking, professional എന്നീ ഇംഗ്ലീഷ് പദങ്ങളും നിരത്തി വച്ചിരിക്കുന്നു. ഓരോന്നോരോന്നായി വായിച്ചു ബോര്‍ അടിച്ചിരിക്കുമ്പോഴാണ് ഒരു പരസ്യത്തില്‍ കണ്ണുടക്കിയത്.
Wednesday, 27 July 2011
കുമാരന്‍ എന്ന ഗൗരവക്കാരന്‍
കാലം കുറേ ആയി കുമാരേട്ടനെ ചിരിച്ചു കണ്ടിട്ട്. ഇപ്പോഴും ഒരു കൃത്രിമ ഗൗരവം മുഖത്ത് ഒളിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നടപ്പും എടുപ്പും കണ്ടാല്‍ ഏതോ ഉന്നത പദവിയുള്ള ഉദ്യോഗസ്ഥനെന്നു തോന്നുമെങ്കിലും കുമാരേട്ടന്‍ ഒരു സാധാ എല്‍ . ഡി. ക്ലാര്‍ക്ക് ആയിരുന്നു. വിവാഹം കഴിച്ചിട്ടില്ല. നല്ല കാലത്ത് ആലോചനകള്‍ പലതു വന്നെങ്കിലും നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഉളപ്പി നടന്നു. പൊതുവേ പിശുക്കനായ കുമാരേട്ടന്‍ കല്യാണ ചിലവുകള്‍ ആലോചിട്ടാകാം അന്ന് താല്പര്യം കാണിക്കാതിരുന്നത്. ഇന്നു കുമാരേട്ടന്റെ കയ്യില്‍ അത്യാവശ്യം സമ്പാദ്യം ഒക്കെ ഉണ്ടെന്നു എല്ലാവര്‍ക്കും അറിയാം. ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാത്ത അദ്ദേഹം അളന്നു മുറിച്ചായിരുന്നു ചിലവഴിച്ചു കൊണ്ടിരുന്നത്. പലരും വസ്തുക്കള്‍ വാങ്ങിയപ്പോഴും, വീട് വിപുലീകരിച്ചപ്പോഴും , വാഹനങ്ങള്‍ വാങ്ങിയപ്പോഴും കുമാരേട്ടന്റെ കാശ് ബാങ്കില്‍ ഉറക്കത്തില്‍ തന്നെ ആയിരുന്നു.
Monday, 4 April 2011
Thursday, 17 March 2011
ആ അടവു മാത്രം ആശാന്‍ പഠിപ്പിക്കരുതായിരുന്നു. (അച്ചുമ്മാവന് വേണ്ടി ഒരു കുറിപ്പ്)
'ആ അടവു മാത്രം ആശാന്‍ പഠിപ്പിക്കരുതായിരുന്നു' - സീറ്റ് കിട്ടാഞ്ഞ ഒരു സഖാവിനോട് നമുക്ക് പറയാന്‍ ഇത്രയേയുള്ളൂ . ചില കളികള്‍ക്കായി ഒരാളെ ശിഷ്യനായി കൂടെ കൂട്ടി, പാര്‍ട്ടിയുടെ തലപ്പത്ത് എത്തിച്ചു. പിന്നീട് അടവുകളൊക്കെ പഠിച്ച ശിഷ്യന്‍, ചുവടു മാറ്റി ആശാന്റെ നെഞ്ചത്തേക്ക്. ഇത് ഒരു കഥ. കഥയുടെ മറുവശം വേറൊന്ന്. ആശാന്‍റെ തന്ത്രങ്ങള്‍ അറിയാവുന്ന ശിഷ്യന്‍, ആശാന്‍ ജനങ്ങള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള ആളു അല്ലെന്നും, ആശാന്‍ പ്രയോഗിച്ച അടവുകള്‍ തന്നെയാണ് തന്‍റെ പക്കല്‍ ഉള്ളതെന്നും ശിഷ്യന്‍ കരുതുന്നു. ഇനി ആശാനും ശിഷ്യനും തമ്മില്‍ ഒരു വ്യത്യാസം മാത്രം. ആശാന്‍ വിദ്യകള്‍ പഠിച്ചതു വിപ്ലവ കളരിയില്‍. മണ്ണും, ചേറും, വിയര്‍പ്പും കലര്‍ന്ന രക്ത പങ്കില അഭ്യാസ മുറകള്‍, മറ്റു വീറുറ്റ അഭ്യാസികളുടെ സഹവാസം, എന്തിനേറെ മസില്‍ ഉറക്കാനായി വെട്ടി മാറ്റിയ വാഴകള്‍ നല്‍കിയ കരുത്ത്. ശിഷ്യന്‍ ആകട്ടെ പഠിക്കാന്‍ ശ്രമിച്ചത് സ്റ്റാലിന്റെ പഴമ്പുരാണ പുസ്തകങ്ങളില്‍ നിന്ന്. കൂടെ ഉപദേശത്തിനായി ട്യുഷന്‍ ടീച്ചര്‍മാരും (ഉപദേശക വൃന്ദം).
Saturday, 12 March 2011
പാര്‍ട്ടി പറഞ്ഞാല്‍
പാര്‍ട്ടിയോട് വിധേയത്വം ഉള്ള ചില മഹാന്‍മാര്‍ അടുത്തിടെ ആവര്‍ത്തിച്ചു ഉരുവിടുന്ന 'വിനയ മന്ത്രം'. വളരെ നല്ലത്. എന്നാല്‍ അത് സീസണുകളില്‍ മാത്രം ഉള്ള പ്രതിഭാസം ആകുമ്പോള്‍ അരോചകം ആകാം. തിരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞാല്‍ പാര്‍ട്ടി ഭക്തി ഉണരുകയായി. ഒരു മൈക്ക് വഴിയെ പോകുന്നത് കണ്ടാല്‍ അത് ചാടി പിടിച്ചു പാര്‍ട്ടിക്ക് രണ്ടു ആപ്പ് വയ്ക്കുന്നവര്‍ ഈ സീസണില്‍ കോലം മാറ്റുന്നു. പാര്‍ട്ടിയുടെ അനുവാദം ഇല്ലാതെ വായ് തുറക്കില്ല, അഥവാ തുറന്നാലും നാക്ക് ഉണ്ടോ എന്നറിയാന്‍ വായ് കുത്തി തുറന്നു പരിശോധന നടത്തേണ്ടി വരും. ഈ മഹാന്‍മാരുടെ തനി രൂപം അറിയുന്നത് 'പാര്‍ട്ടി പറഞ്ഞില്ലെങ്കില്‍' ആണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്നവര്‍ പാര്‍ട്ടി പറഞ്ഞില്ലെങ്കില്‍, ' നല്ല പച്ച തെറി പറയും'. അപ്പോള്‍ എവിടെ ആ പഴയ വിനയം എന്ന് ചോദിക്കരുത്. വേണമെങ്കില്‍ 'വിനയനു പഠിക്കുകയാണോ എന്ന് ചോദിക്കാം'.
Thursday, 10 March 2011
സ്വപ്നം ഒരു ചാക്ക്
കുട്ടി കാലം മുതല്‍ക്കേയുള്ള ആഗ്രഹമായിരുന്നു സ്വപ്നത്തിന്റെ അളവ്കോല്‍ അറിയണമെന്ന്. ഈയിടെ ഒരു പാട്ട് കേട്ടപ്പോള്‍ ആണ് ചാക്കിലാണ് അത് അളക്കുന്നത് എന്ന് മനസ്സിലായത് 'സ്വപ്നം ഒരു ചാക്ക് ', തലയില്‍ അത് താങ്ങി ഒരു പോക്ക്'. നിങ്ങള്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കു എന്ത് രസം ആയിരിക്കും. അത് പോട്ടെ ഞാന്‍ പറഞ്ഞു വന്നത് തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് പലരും ചാക്കുമായി പോകാറുണ്ട്. അത് അവരുടെ സ്വപ്‌നങ്ങള്‍ ചാക്കിലാക്കി കൊണ്ട് പോകുകയായിരിക്കാം. അസൂയക്കാര് പറയും അത് മുഴുവന്‍ നോട്ട് കെട്ടുകള്‍ ആണെന്ന്...; ചുമ്മാ വെറുതെ! കൂടി പോയാല്‍ അതിനുളില്‍ കുറച്ചു സാരികള്‍ ആവാം .. അതും നിര്‍ധനരായ വിധവകള്‍ക്കും, അപലകള്‍ക്കും ..അത്രയെ ഉള്ളൂ ... ഹൃദയം പറിച്ചു കാണിച്ചാല്‍ ചെമ്പരത്തി പൂവാണെന്ന് പറയുന്ന ജനത്തിന് എന്താ പറയാന്‍ കഴിയാത്തത് അല്ലേ ?..ഹും..
Subscribe to:
Comments (Atom)


















