Saturday, 12 March 2011

പാര്‍ട്ടി പറഞ്ഞാല്‍




പാര്‍ട്ടിയോട് വിധേയത്വം ഉള്ള ചില മഹാന്‍മാര്‍ അടുത്തിടെ ആവര്‍ത്തിച്ചു ഉരുവിടുന്ന 'വിനയ മന്ത്രം'. വളരെ നല്ലത്. എന്നാല്‍ അത് സീസണുകളില്‍ മാത്രം ഉള്ള പ്രതിഭാസം ആകുമ്പോള്‍ അരോചകം ആകാം. തിരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞാല്‍ പാര്‍ട്ടി ഭക്തി ഉണരുകയായി. ഒരു മൈക്ക് വഴിയെ പോകുന്നത് കണ്ടാല്‍ അത് ചാടി പിടിച്ചു പാര്‍ട്ടിക്ക് രണ്ടു ആപ്പ് വയ്ക്കുന്നവര്‍ ഈ സീസണില്‍ കോലം മാറ്റുന്നു.  പാര്‍ട്ടിയുടെ അനുവാദം ഇല്ലാതെ വായ്‌ തുറക്കില്ല, അഥവാ തുറന്നാലും നാക്ക് ഉണ്ടോ എന്നറിയാന്‍ വായ്‌ കുത്തി തുറന്നു പരിശോധന നടത്തേണ്ടി വരും. ഈ മഹാന്‍മാരുടെ തനി രൂപം അറിയുന്നത് 'പാര്‍ട്ടി പറഞ്ഞില്ലെങ്കില്‍' ആണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്നവര്‍ പാര്‍ട്ടി പറഞ്ഞില്ലെങ്കില്‍, ' നല്ല പച്ച തെറി പറയും'. അപ്പോള്‍ എവിടെ ആ പഴയ വിനയം എന്ന് ചോദിക്കരുത്. വേണമെങ്കില്‍ 'വിനയനു പഠിക്കുകയാണോ എന്ന് ചോദിക്കാം'. 


പാര്‍ട്ടി ആണോ വ്യക്തി ആണോ വലുത് എന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട് . അതിന്‍റെ ഉത്തരം ഞാനും കുറെ അന്വേക്ഷിച്ചു നടന്നിട്ടുണ്ട്. പ്രഭാകര്‍ അന്തിക്കോട് പോലും ഉത്തരം തരാത്ത ഈ സമസ്യയ്ക്ക് പത്താം തരത്തില്‍ പഠിക്കുന്ന അമ്മിണികുട്ടി നല്‍കിയ ഉത്തരം എന്നെ വല്ലാതെ ആകര്‍ഷിച്ചു. പാര്‍ട്ടിയെ കാണാന്‍ കഴിയില്ല വ്യക്തിയെ കാണാനും സംവദിക്കാനും കഴിയും. ആ വ്യക്തിയെ ജനങ്ങള്‍ക്ക്‌ പഞ്ചയിന്ദ്രിയങ്ങളിലൂടെ വിലയിരുത്താം. പാര്‍ട്ടിയെ കുറിച്ചാണെങ്കില്‍ ഗോപാല കൃഷ്ണന് (കേരള ഭൂമി) പോലും ഒരു ചുക്കും അറിയില്ല.
 

ഇനി പാര്‍ട്ടിയോട് ഒരു വ്യക്തി എങ്ങനെ ആയിരിക്കണം എന്നതിന് പല പാര്‍ട്ടികള്‍ക്കും പല പല മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും, പാര്‍ട്ടി ശരി ചെയ്താലും തെറ്റ് ചെയ്താലും ചേര്‍ന്ന് നിന്ന് മുദ്രാവാക്യം വിളിക്കണം. അല്ലാതെ പാര്‍ട്ടി പഠന കോണ്‍ഗ്രസില്‍ നിന്നും  ഇറങ്ങി പോക്ക് നടത്തിയാല്‍ അങ്ങനെ ചെയ്തത് ഒരു  അത്ഭുതകുട്ടി ആകാനെ തരമുള്ളൂ.  പറഞ്ഞു വന്നത് വ്യക്തിയും പാര്‍ട്ടിയും പരസ്പര പൂരകങ്ങള്‍ ആണെങ്കിലും പാര്‍ട്ടിയുടെ മുഖം അനാവരണം ചെയ്യുന്നത് പ്രവര്‍ത്തകന്റെ സുസ്മേര  വദനത്തിലൂടെയാണ്. കേരളത്തെ വികസിപ്പിച്ച്  ഇളക്കി മറിച്ചിട്ടും ഈറ്റ പുലിയപോലെ പ്രതികരിക്കുന്ന ആളെക്കാള്‍ ചിലപ്പോള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് ഒരു പണിയും ഇല്ലാതെ ചാനലില്‍ നിന്നും ചാനലിലേക്ക് മാത്രം സഞ്ചരിച്ചു, ചിരിച്ചു വെളുപ്പിച്ചു, രണ്ടുമൂന്നു സംവാദങ്ങള്‍ ഒക്കെ നടത്തി, തേരാപാരാ  നടക്കുന്നവരെ ആയിരിക്കാം.


ഇനി യുവാക്കളെ പാര്‍ട്ടി എങ്ങനെ കാണുന്നു എന്നതാണ്. ചില യുവാക്കള്‍ക്ക്  വയസ്സന്മാരോടുള്ള മനോഭാവം കണ്ടാല്‍ അവര്‍ നിത്യയൗവ്വന വരം കിട്ടിയവരാണെന്നു തോന്നും. വൈദ്യ ശാസ്ത്രം തോറ്റാല്‍ മാത്രമേ തങ്ങള്‍ക്കു രക്ഷയുള്ളൂ എന്ന് പറഞ്ഞവര്‍ ഇന്നത്തെ രോഗികള്‍ കൂടുതലും യുവാക്കള്‍ ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇനിയും മത്സരിക്കാനായെങ്കിലും  തങ്ങളുടെ ആരോഗ്യവും ആയുസും സൂക്ഷിച്ച വൃദ്ധ ജനങ്ങളെ പരസ്യമായി പുച്ഛിക്കില്ലായിരുന്നു . ഇനി വൈലോപ്പള്ളിമാരെ പോലെ മുടി കറുപ്പിച്ചു വന്നു രണ്ടു പറഞ്ഞു പോയാല്‍ അതൊരു തമാശയായെ ജനം കാണൂ.


അവസാനമായി, പാര്‍ട്ടിയും വ്യക്തിയും പരസ്പരം കാണുമ്പോള്‍ 'നീ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല' എന്ന് പറയുന്നതു കേള്‍ക്കാന്‍ കഴിയുന്ന രീതിയില്‍ നമ്മുടെ ജനാധിപത്യം പുരോഗമിച്ചാല്‍,  മോചനയാത്രകളുടെയും  വികസന യാത്രകളുടെയും  ആവശ്യമില്ല, ഒരു ഉല്ലാസ യാത്ര മാത്രം മതി 'ജന ഹൃദയങ്ങളിലേക്ക്'!! 

5 comments:

  1. ആദര്‍ശ രാഷ്ട്രീയം മണ്മറഞ്ഞു പ്രായോഗിക രാഷ്ട്രീയം പൂണ്ടു വിളയാടുന്ന ഈ കാലത്ത് ഇതല്ല ഇതിനപ്പുറവും നമുക്ക് കാണാം വൈറ്റ് ആന്‍ഡ്‌ സീ

    ReplyDelete
  2. സമകാലീന രാഷ്ട്രീയ പുരാവൃത്തം !
    കൊള്ളാം

    ReplyDelete
  3. ലുലു, നന്നായിരിക്കുന്നു, നീ എന്റെ സുഹൃത്ത് ആണെന്ന്‌ പറയാന്‍ ഞാന്‍ അഭിമാനിക്കുന്നു.

    ReplyDelete
  4. എന്തൊക്കെയാണ് എഴുതിയിരിക്കുന്നു ...സത്യങ്ങള്‍ പുറത്തു പറയാമോ?

    ReplyDelete