Thursday, 10 March 2011

സ്വപ്നം ഒരു ചാക്ക്



കുട്ടി കാലം മുതല്‍ക്കേയുള്ള ആഗ്രഹമായിരുന്നു സ്വപ്നത്തിന്റെ അളവ്കോല്‍  അറിയണമെന്ന്. ഈയിടെ ഒരു പാട്ട് കേട്ടപ്പോള്‍ ആണ് ചാക്കിലാണ് അത് അളക്കുന്നത്‌ എന്ന് മനസ്സിലായത്‌ 'സ്വപ്നം ഒരു ചാക്ക് ', തലയില്‍  അത് താങ്ങി ഒരു പോക്ക്'. നിങ്ങള്‍ ഒന്ന് സങ്കല്‍പ്പിച്ചു നോക്കു  എന്ത് രസം ആയിരിക്കും. അത് പോട്ടെ ഞാന്‍ പറഞ്ഞു  വന്നത് തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് പലരും ചാക്കുമായി പോകാറുണ്ട്. അത് അവരുടെ സ്വപ്‌നങ്ങള്‍ ചാക്കിലാക്കി കൊണ്ട് പോകുകയായിരിക്കാം. അസൂയക്കാര് പറയും അത് മുഴുവന്‍ നോട്ട് കെട്ടുകള്‍ ആണെന്ന്...; ചുമ്മാ വെറുതെ! കൂടി പോയാല്‍ അതിനുളില്‍ കുറച്ചു സാരികള്‍ ആവാം .. അതും  നിര്‍ധനരായ വിധവകള്‍ക്കും, അപലകള്‍ക്കും ..അത്രയെ ഉള്ളൂ ... ഹൃദയം പറിച്ചു കാണിച്ചാല്‍ ചെമ്പരത്തി പൂവാണെന്ന് പറയുന്ന ജനത്തിന് എന്താ പറയാന്‍ കഴിയാത്തത് അല്ലേ ?..ഹും..


തലയില്‍ ഒരു ചാക്കുമായി നടന്നു പോകുന്ന ചാണ്ടിജി കണ്ടത് രണ്ട് ചാക്ക് ചുമന്നു  വരുന്ന ചെന്നിത്തലജി യെയാണ്. എന്താവും ആ ചാക്കില്‍ എന്നു ചാണ്ടിജി ചോദിച്ചില്ലെങ്കിലും ചെന്നിത്തലജി  മൊഴിഞ്ഞു ' ഇത് അല്പം പിണ്ണാക്ക് ആണ്' . ചാണ്ടിജി അതു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഹൈക്കമാണ്ട് പറയാതെ ആരെയും കാണിക്കില്ലെന്ന് ചെന്നിത്തലജി. ചെന്നിത്തലജി പറഞ്ഞത്  ചാണ്ടിജി വിശ്വസിച്ചില്ലെങ്കിലും തന്റെ തലയിലിരുന്ന രണ്ട് ചാക്കില്‍  ഒരെണ്ണം നിലത്തിറക്കിയ മുസ്തഫക്കയെ മനസ്സാ ശപിച്ചു. എന്നാലും പാമോയിലിന്‍ എണ്ണയില്‍ തെറ്റി വീണു ഉള്ള ചാക്ക് കൂടി വീഴാതെ മുന്നോട്ട് നടന്നു. കുറച്ചു മുന്നോട്ടു പോയപ്പോള്‍ കണ്ടത് പീടിക ബെഞ്ചില്‍ ചായ കുടിച്ചിരിക്കുന്ന ജോസഫ്ചാച്ചനെ ആണ്. പണ്ട് തലയില്‍ കുറെ ചാക്കുകള്‍ ചുമന്ന ആളാണ് ഇപ്പോള്‍ വാടകക്കാരെ ഏല്പിച്ചത് കൊണ്ട് നറുക്കിട്ട് സമയം കളയാതെ രക്ഷപെട്ടിരിക്കുന്നു. ജോസഫ്ചാച്ചന്‍റെ ഒരു ടൈമേ!!

തലയില്‍ ചുമട് താങ്ങിയുമായി നില്‍ക്കുന്ന അച്ചു മാമ്മന്റെ മുഖത്ത് അല്പം ധൃതി ഉണ്ടോ എന്നു സംശയം. പക്ഷേന്കില്‍ ചാക്ക് എടുത്തു പോന്തിച്ചു തലയില്‍ വച്ചു കൊടുക്കേണ്ട പിണറായിഅണ്ണന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി സൊറച്ചു ഇരിക്കുന്നു. ജനങ്ങള്‍ മുള്‍മുനയിലാണെങ്കിലും ചെയ്ത പാപങ്ങള്‍ എണ്ണി പറഞ്ഞു കുമ്പസരിച്ചാലെ ഈ ചാക്ക് തലയില്‍ കയറൂ എന്നു ആ മുഖത്തെ ആക്കിയുള്ള ചിരി കണ്ടാല്‍ ആര്‍ക്കും  മനസ്സിലാവും. എന്നാലും അച്ചു മാമ്മന്‍റെ മുഖത്ത് വല്ലാത്ത ആത്മവിശ്വാസം.

കുറച്ചു മുന്നോട്ടു നടന്നപ്പോഴാണ് എട്ടു പത്തു ചാക്ക് തലയില്‍ ഉണ്ടായിരുന്ന ഒരു മഹാന്റെ തലയില്‍ ഐസ് ക്രീം പോലെ   നനഞ്ഞ കുതിര്‍ന്ന ഒരു ചാക്കു കണ്ടത്. കണ്ടാലെ അറിയാം ആരോ പണി കൊടുത്തത് ആണെന്ന്. കാരണം അദ്ദേഹം എത്രയോ ചാക്കുകള്‍ തലയില്‍ ചുമന്ന ഫയല്‍മാന്‍ ആയിരുന്നു. സ്വന്തക്കാരനായ ഒരു തടിയന്‍ മനപ്പൂര്‍വ്വം ഉന്തിയതാനെന്നു ആ മുഖം കാണുമ്പോള്‍ നമുക്കു വായിച്ചെക്കാമെങ്കിലും പുറത്തു പറഞ്ഞാല്‍ ഈ നനഞ്ഞ ചാക്ക് പോലും കിട്ടൂല്ല, കാരണം തേങ്ങ തലയില്‍ വീഴണമെന്നില്ല തെങ്ങില്‍ നിന്നും പുറപ്പെട്ടാലെങ്കിലും കരയാം എന്നു കരുതി ആരക്കയോ കാത്തിരിക്കുന്നു.     

രണ്ടും മൂന്നും വെട്ടം ചാക്ക് ചുമന്നവര്‍ ഇത്തവണ മിനക്കെടേണ്ടതില്ല എന്ന് തലതോട്ടപ്പന്‍മാര്‍ പല വട്ടം അരുളിയിട്ടും ചെയ്ത പണി മറക്കാന്‍ കഴിയാത്ത ചിലര്‍ ഇപ്പോഴും വരാന്തകള്‍ നിരങ്ങുന്നു. ഈ തിരഞ്ഞെടുപ്പ് കോ ലാഹലങ്ങളുടെ ഇടയില്‍ ബഹുമാന്യനായ ലീഡര്‍ ഉണ്ടായിരുന്നെങ്കില്‍ പല ചാക്കുകാരെയും ഉന്തി സഹായിക്കുമായിരുന്നു. കൂട്ടത്തില്‍ തന്റെ ചാക്കിന്റെ കാര്യം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുമായിരുന്നു. 

ഇനി മുഴുവനായും ആ ഗാനം കേട്ട് നോക്ക് 'സ്വപ്നം ഒരു ചാക്ക്, തലയില്‍  അത് താങ്ങി ഒരു പോക്ക്, ഉടയവന്‍ അറിഞ്ഞു വിളി കേള്‍ക്ക്, ഇവന് വഴികാട്ട്'  എല്ലാ ഉടയവന്മാരും പാവങ്ങളായ എല്ലാ ചാക്കുകാരുടെയും വിളി കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് എന്റെ  ചാക്ക് ഇവിടെ ഇറക്കി വയ്ക്കുന്നു!        


5 comments:

  1. 'സ്വപ്നം വും ഇത്തരം രചനകളും ആവശ്യത്തില്‍ ഏറെ ചാക്കില്‍ നിറയട്ടെ ...!!

    ReplyDelete
  2. ഇടമലയാരില്‍ നിന്നും ഒരുചാക്ക് സ്വപ്നവും താങ്ങി ഒരാള്‍ ഇപ്പോള്‍ ആ ചാക്കും വിരിച് പൂജപ്പുരയില്‍ കിടക്കുന്നുണ്ട്...

    ReplyDelete
  3. പതിവ് പോലെ വ്യത്യസ്ത ഉണ്ട് .കൂടുതല്‍ പറഞ്ഞു ബോര്‍ അടിപ്പിച്ചില്ല!

    ReplyDelete
  4. ഹഹഹ കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  5. വ്യത്യസ്ഥമായ ചിന്തകള്‍ക്ക് ഒരു കയ്യടി.... നന്നായെഴുതിയിരിക്കുന്നു.......

    ReplyDelete