Thursday, 17 March 2011

ആ അടവു മാത്രം ആശാന്‍ പഠിപ്പിക്കരുതായിരുന്നു. (അച്ചുമ്മാവന് വേണ്ടി ഒരു കുറിപ്പ്)




'ആ അടവു മാത്രം ആശാന്‍ പഠിപ്പിക്കരുതായിരുന്നു' -  സീറ്റ്‌ കിട്ടാഞ്ഞ ഒരു സഖാവിനോട്‌ നമുക്ക് പറയാന്‍ ഇത്രയേയുള്ളൂ . ചില കളികള്‍ക്കായി ഒരാളെ ശിഷ്യനായി കൂടെ കൂട്ടി, പാര്‍ട്ടിയുടെ തലപ്പത്ത് എത്തിച്ചു. പിന്നീട് അടവുകളൊക്കെ പഠിച്ച ശിഷ്യന്‍, ചുവടു മാറ്റി ആശാന്റെ നെഞ്ചത്തേക്ക്. ഇത് ഒരു കഥ. കഥയുടെ മറുവശം വേറൊന്ന്. ആശാന്‍റെ തന്ത്രങ്ങള്‍ അറിയാവുന്ന ശിഷ്യന്‍, ആശാന്‍  ജനങ്ങള്‍ ഉദ്ദേശിക്കുന്ന പോലെയുള്ള ആളു അല്ലെന്നും, ആശാന്‍ പ്രയോഗിച്ച അടവുകള്‍ തന്നെയാണ് തന്‍റെ പക്കല്‍ ഉള്ളതെന്നും ശിഷ്യന്‍ കരുതുന്നു. ഇനി ആശാനും ശിഷ്യനും തമ്മില്‍ ഒരു വ്യത്യാസം മാത്രം. ആശാന്‍ വിദ്യകള്‍ പഠിച്ചതു വിപ്ലവ കളരിയില്‍. മണ്ണും, ചേറും, വിയര്‍പ്പും കലര്‍ന്ന രക്ത പങ്കില അഭ്യാസ മുറകള്‍, മറ്റു വീറുറ്റ അഭ്യാസികളുടെ സഹവാസം, എന്തിനേറെ മസില്‍ ഉറക്കാനായി വെട്ടി മാറ്റിയ വാഴകള്‍ നല്‍കിയ കരുത്ത്. ശിഷ്യന്‍ ആകട്ടെ പഠിക്കാന്‍ ശ്രമിച്ചത് സ്റ്റാലിന്റെ പഴമ്പുരാണ പുസ്തകങ്ങളില്‍ നിന്ന്. കൂടെ ഉപദേശത്തിനായി ട്യുഷന്‍ ടീച്ചര്‍മാരും (ഉപദേശക വൃന്ദം).  


പാര്‍ട്ടി എന്ന വാക്ക് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍. ആ കാലം മാറിയിരിക്കുന്നു ഞരമ്പുകളില്‍ പോയിട്ട് ഇനി ഉള്ള കാലത്ത് അടുപ്പില്‍ പോലും തിളക്കില്ല. അപ്പോള്‍ ഇന്ന് പാര്‍ട്ടി ശക്തിപ്പെടുത്തുക എന്നത് ഒരു വൃഥാ വ്യായാമം മാത്രമാണ്. പാര്‍ട്ടിയ്ക്കു വേണ്ടി ഭരണത്തില്‍ പങ്കാളികള്‍ ആകാതിരിക്കുക. തിരഞ്ഞെടുത്ത എം.പി. മാരെ പാര്‍ലമെന്റ് മുന്നില്‍ ധര്‍ണ്ണയ്ക്കു മാത്രം ഉപയോഗിക്കുക എന്നതൊക്കെ ഒരു പാര്‍ട്ടിയുടെ ശീലം ആയിരിക്കുന്നു. ഇനി ഇടതു എം. പി. മാര്‍  കഴിഞ്ഞ യു. പി. എ. ഭരണത്തില്‍ മന്ത്രിസഭയില്‍ ഇടം നേടിയിരുന്നെങ്കില്‍ ആണവക്കരാര്‍ അവര്‍ക്ക് അത്ര എളുപ്പം ആയിരുന്നില്ല. പിന്നീട് ചരിത്രപരമായ മണ്ടത്തരങ്ങള്‍ എന്ന് വിലയിരുത്തുമെങ്കിലും, വിലയിരുത്തലുകള്‍ക്ക് ശേഷം അടുത്ത മണ്ടത്തരം ഏതെന്നു അന്വേക്ഷിച്ചു നടക്കുന്ന ഒരു പാര്‍ട്ടി.

ഇനി പാര്‍ട്ടി ശക്തമായി എന്നിരിക്കട്ടെ. ആര്‍ക്കു പ്രയോജനം. നേതാക്കള്‍ക്കോ, അണികള്‍ക്കോ, അനുഭാവികള്‍ക്കോ? അപ്പോള്‍ സാധാ ജനം പാര്‍ട്ടിയുടെ ശക്തി കണ്ടു വിശപ്പടക്കുകയോ, അതോ പാര്‍ട്ടി ആസ്ഥാനത്തു ചെന്ന് കടം വാങ്ങുകയോ?ജനകീയന്‍ ആയ ഒരു നേതാവിന് പകരം വക്കാന്‍ കഴിയുമോ ആയിരം പാര്‍ട്ടി മന്ദിരങ്ങള്‍ക്ക്? പറ്റുമെങ്കില്‍ ഏക കണ്ഠമായി സംസ്ഥാന സമിതി എടുത്ത തീരുമാനം ശരി. പാര്‍ട്ടി ശക്തിപ്പെടുമ്പോള്‍ കേരളത്തിനും ശക്തിപ്പെടാം. എന്നാല്‍ കേരളം ക്യുബയോ ചൈനയോ അല്ല. ഇവിടെ വ്യത്യസ്ത ആശയക്കാരും, മിതവാദികളും, നിക്ഷ്പക്ഷരും എല്ലാം ചേരുന്ന സമ്മിശ്ര സമൂഹം. അപ്പോള്‍ പാര്‍ട്ടിയുടെ തീരുമാനം ജനത്തിനെ ബാധിക്കുന്നതാണെങ്കില്‍, പാര്‍ട്ടി ശക്തിപ്പെട്ടാലും പാര്‍ട്ടിക്കാരെ കൊണ്ട് നിയമസഭ ശക്തിപ്പെടില്ല. പാര്‍ട്ടി ജയിച്ചാലും തോറ്റാലും സാരമില്ല, ശക്തിപ്പെട്ടാല്‍ മതി എന്ന ഉട്ടോപ്യന്‍ ചിന്താഗതി എങ്ങനെ ഒരു പുരോഗമന പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായി എന്നുള്ളതു  അതിശയകരം.

'മഴയത്ത് കുട വേണ്ട' കാരണം 'ഇന്നലെ കുട കാറ്റ്  വന്നപ്പോള്‍ തിരികെ മടങ്ങി' ആളുകളുടെ മുന്നില്‍ വച്ചു ഇളിഭ്യന്‍ ആക്കി എന്ന് ആരെങ്കിലും പറയുമോ? സമൂഹത്തിലെ വ്യത്യസ്ത പ്രശ്നങ്ങളില്‍ പെട്ട് അച്ചുമാമന്‍ ആകുന്ന കുട തിരിഞ്ഞു മടങ്ങിയിട്ടുണ്ടാകം, ആ കാരണം വച്ച് ഇടതു പക്ഷത്തിന് അനുകൂലമായ ഒരു സാഹചര്യത്തില്‍, പാര്‍ട്ടിക്കാര്‍ മഴ കൊള്ളാന്‍  തീരുമാനിച്ചാല്‍,  പനി പിടിപെടുമ്പോള്‍ ആരെ പഴിക്കും. അന്ന് വൈദ്യന്മാരകുന്ന പി.ബി. ക്കാര്‍ ഐ.സി.യു. വിലുള്ള രോഗികളെ കണ്ടു നിലവിളിച്ചു കാര്യമില്ല.  കണ്ടാല്‍ പഠിക്കാത്ത പി.ബി. ക്കാര്‍, കൊണ്ടാല്‍ പഠിക്കും എന്നാ ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ.

ഒരു തെറ്റ് ഏതു  പോലീസ് കാരനും പറ്റും, പക്ഷെ തെറ്റുകള്‍ ചെയ്യാന്‍ വേണ്ടി ഒരു പോലീസ് സ്റ്റേഷന്‍ തുറന്നു വയ്ക്കരുത് എന്നപേക്ഷിച്ചു കൊണ്ട്, അവശേഷിക്കുന്ന തലച്ചോറിന് എങ്കിലും ബുദ്ധി കാണണമേ എന്ന പ്രാര്‍ത്ഥനയില്‍ അവശേഷിക്കുന്ന പി.ബി. യോഗത്തിനായി ഉറ്റു നോക്കി കൊണ്ട് ഒരു കേരളീയന്‍! 





1 comment:

  1. അച്ചു മാമയെ തോലിളിരിത്തിയാല്‍ ചെവിക്കടിക്കും എന്ന് പാര്‍ട്ടി മനസ്സിലാക്കി കാണും .
    ഒരു വേറിട്ട ചിന്ത , കൊള്ളാം

    ReplyDelete