വികാരവിക്ക്ഷുബ്ദതയുടെ
ആ വൈകുന്നേരം,
ചുവരുകള്‍ക്കുള്ളിലെ
വീര്‍പ്പുമുട്ടല്‍ ഒഴിവാക്കാന്‍ പുറത്തിറങ്ങി. കാലാവസ്ഥയുടെ മാറ്റം , ശൈത്യം
എത്തുന്നതിന്‍റെ സൂചനകള്‍ പ്രകൃതിയില്‍ എന്ന പോലെ മനുഷ്യരിലും അറിഞ്ഞു തുങ്ങിയിരിക്കുന്നു. ഏതോ രു മരവിപ്പിന്റെ അകമ്പടിയില്‍
അയാളുടെ മനസ്സ്
അല്‍പനേരം എവിടെയോക്കയോ സഞ്ചരിച്ചു
"എന്റെ
പ്രാണസഖീ, നീ കുറേക്കൂടി എന്നിലേക്കു ചേര്‍ന്നിരിക്കൂ. നീ കൂടുതല്‍
അടുത്തിരിക്കുമ്പോള്‍ ഈ ശൈത്യത്തിനു നമ്മെ സ്പര്‍ശിക്കാന്‍ കഴിയാതെ
പോകും" ഖലീല്‍ ജിബ്രാന്‍റെ കവിതയിലെ ഈ വരികളാണ് എല്ലാ ശൈത്യകാലത്തും
എല്ലാ കമിതാക്കളുടെയും ഊര്‍ജ്ജമെന്നു അയാള്‍ ഓര്‍ത്തെടുത്തു. ശൈത്യത്തിന്റെ തണുത്ത
കരങ്ങള്‍ മരചില്ലകളെ പുതിയ വേഷപകര്‍ച്ചയിലേക്ക് പതിയെ തള്ളിവിടുമ്പോഴുംതങ്ങള്‍ക്കു
ചുറ്റും വട്ടമിട്ടിരുന്നു സല്ലപിച്ചിരുന്ന ആ ഇണകളെ അവ മറന്നു കാണില്ല.
പ്രിയപ്പെട്ടവരുടെ കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീണ കണികകള്‍ ശൈത്യത്തില്‍ മഞ്ഞായി
അവിടെ വീണ്ടും തെളിയുന്നത് അവര്‍ നോക്കിയിരുന്നിരുന്നു.
പുല്‍ക്കൊടികളിലെ തുഷാരബിന്ദുക്കള്‍ അവരുടെ പാദസ്പര്ശങ്ങള്‍ ഇപ്പോഴും
ഓര്‍മ്മിക്കുന്നുണ്ടാവും. അവള്‍ തണുത്തുറയുമ്പോള്‍ ചൂടുപകരുന്ന കമ്പിളിയും ചേര്‍ത്തു
പിടിച്ചുകൊടുത്തു അവന്‍ എന്നും കൂടെയുണ്ടായിരുന്നു.
ഏറെ നടന്നിരിക്കുന്നു. മഞ്ഞു വീഴ്ച തുടങ്ങുന്നതിനു മുമ്പേ
തിരികെ വീട്ടില്‍ എത്തണം. ഒരു ആശ്വാസത്തിനു നടക്കാന്‍ ആരംഭിച്ചതാണെങ്കിലും
ഓര്‍മ്മകള്‍ അയാളുടെ കിതപ്പിന്‍റെ ആക്കം കൂട്ടിയിരുന്നു.
ആലിലപ്പഴങ്ങള്‍ അടര്‍ന്നു വീണു ശൈത്യം വിടപറഞ്ഞപ്പോള്‍
ബാക്കി വച്ച ഓര്‍മ്മകളില്‍ ഇന്നും അയാള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. രണ്ടു
വര്‍ഷത്തെ ഉപരി പഠനത്തിനായി യുറോപ്പില്‍ എത്തിയ അവള്‍ തിരിച്ചു പോയിട്ട് ഇപ്പോള്‍
ഒരു വര്ഷം കഴിഞ്ഞിരിക്കുന്നു. അനിവാര്യമായ മടക്കയാത്രയിലും അവര്‍ എന്തെല്ലാമോ
പ്രതീക്ഷകള്‍ പരസ്പരം പങ്കുവെച്ചിരുന്നു. ഇടക്കുള്ള വിളിയിലും
മെസ്സേജുകളിലുമായി ഇടയ്ക്കിടയ്ക്ക് ആ പ്രതീക്ഷകള്‍ ഉയര്‍ന്നുതാന്നിരുന്നു. ഏറെ ദിനങ്ങള്‍ക്കൊടുവില്‍ ഇന്നലെ
ലഭിച്ച കത്ത് അയാളുടെ പ്രതീക്ഷകളുടെ അവസാന തിരിനാളവും ഊതികെടുത്തി. അവളുടെ
വിവാഹക്ഷണകത്തായിരുന്നു അത്.
അയാള്‍ തിരികെ എത്തിയതും കിടക്കയിലേക്ക് വീണതും
ഒരുമിച്ചായിരുന്നു. രാത്രിയുടെ നിലാവില്‍ ആകാശത്ത് ഏതോ നക്ഷത്രം നോക്കി കരഞ്ഞത്
അയാള്‍ അറിഞ്ഞില്ല. ആ നക്ഷത്രത്തിന്‍റെ തുടിപ്പുകള്‍ക്ക് അയാളുടെ ഹൃദയ
വേഗതയായിരുന്നു. മറ്റൊരു പകല്‍ അയാള്‍ക്ക് അന്യമാവുകയായിരുന്നു. അടുത്ത
ശൈത്യത്തില്‍ മഞ്ഞിന്‍റെ നനുത്ത കോട പുതച്ചുറങ്ങുവാന്‍ അയാള്‍ വരും ആ
നക്ഷത്രവുമായി!